IPL 2025: ആർസിബിയിലേക്ക് ചുവടുമാറാൻ രോഹിത് ശർമ്മ? അഭ്യൂഹങ്ങളിൽ പ്രതികരണവുമായി എ.ബി. ഡിവില്ലിയേഴ്സ്
Rohit Sharma RCB: 5 വർഷങ്ങൾക്ക് ശേഷം ഹാർദിക് പാണ്ഡ്യ മുംബെെയുടെ നായകനായി തിരിച്ചെത്തിയതിനേക്കാൾ വലിയ സംഭവമായിരിക്കും രോഹിത്തിന്റെ ആർസിബിയിലേക്കുള്ള ചുവടുമാറ്റം.
ബെംഗളൂരു: ഐപിഎൽ 18-ാം സീസണ് തീപ്പാറുമെന്ന് ഉറപ്പ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ മുംബെെ ഇന്ത്യൻസ് വിട്ട് ബെംഗളൂരുവിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി മുൻ ആർസിബി താരം എ.ബി. ഡിവില്ലിയേഴ്സ്. രോഹിത്തിന്റെ ആർസിബി പ്രവേശനം സംബന്ധിച്ചുള്ള വാർത്ത കേട്ട് താൻ ചിരിച്ചെന്നും താരം ടീമിലെത്തിയാൽ ഹാർദിക് പാണ്ഡ്യ വർഷങ്ങൾക്ക് ശേഷം മുംബെെയിലേക്ക് തിരിച്ചെത്തിയതിനേക്കാൾ വലിയ സംഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഹിത്തിന്റെ ചുവടുമാറ്റം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ വാർത്തയായിരിക്കുമെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.
‘‘രോഹിത് ശർമ്മ ടീം മാറുന്നതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ കേട്ട് ഞാൻ ചിരിച്ചുപോയി. മുംബെെയിൽ നിന്ന് ആർസിബിയിലേക്കുള്ള രോഹിത്തിന്റെ രംഗപ്രവേശനം വലിയ സംഭവമായി മാറും. അങ്ങനെ സംഭവിച്ചാൽ മാധ്യമങ്ങളിലും മറ്റും വരുന്ന വാർത്തകളുടെ തലക്കെട്ടിനെ പറ്റി ഒന്ന് ചിന്തിച്ച് നോക്കൂ. 5 വർഷങ്ങൾക്ക് ശേഷം ഹാർദിക് പാണ്ഡ്യ മുംബെെയുടെ നായകനായി തിരിച്ചെത്തിയതിനേക്കാൾ വലിയ സംഭവമായിരിക്കും അത്. ഗുജറാത്ത് ടെെറ്റൻസിൽ നിന്ന് ഹാർദിക് മുംബെെ ഇന്ത്യൻസിലേക്ക് മടങ്ങിയെത്തിയത് ഒരു വലിയ സർപ്രെെസ് ആയിരുന്നെന്ന് ഞാൻ കരുതുന്നില്ല.
‘‘പക്ഷേ, രോഹിത് ശർമ്മയുടെ ആർസിബിയിലേക്കുള്ള ചേക്കേറൽ ഒരു വലിയ സംഭവമായിരിക്കും. പക്ഷേ, അങ്ങനെയൊരു ചുവടുമാറ്റം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. രോഹിത് ടീം മാറാനുള്ള സാധ്യതയും കുറവാണ്. മുംബെെ മാനേജ്മെന്റ് രോഹിത്തിനെ ടീമിൽ നിലനിർത്താനാണ് സാധ്യത. താരം ടീം വിടുന്നതിന് പൂജ്യം അല്ലെങ്കിൽ 0.1 ശതമാനം സാധ്യത മാത്രമേ ഞാൻ കാണുന്നുള്ളൂ.’ – തന്റെ യുട്യൂബ് ചാനലിലെ ചോദ്യോത്തര പരിപാടിയിൽ ഡിവില്ലിയേഴ്സ് പറഞ്ഞു.
#SA20Auction 🏏 360 LIVE Q&A https://t.co/MhAAPbJEUr
— AB de Villiers (@ABdeVilliers17) October 5, 2024
കഴിഞ്ഞ സീസണിൽ ടീമിന്റെ ഭാവിയെ മുൻനിർത്തി മുംബെെ മാനേജ്മെന്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയിരുന്നു. പകരം ഗുജറാത്ത് ടെെറ്റൻസിനെ കന്നി ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ഹാർദിക് പാണ്ഡ്യയെ നായകനാക്കുകയും ചെയ്തു. മുംബെെ ഇന്ത്യൻസിലെ സഹതാരങ്ങൾ ഇതിനെതിരെ പരോക്ഷമായി രംഗത്ത് എത്തിയിരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയത് വലിയ ആരാധക രോക്ഷത്തിനും കാരണമായി.
വരുന്ന സീസണിലും ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലസി ആർസിബിയുടെ നായക സ്ഥാനത്ത് തുടരുമെന്നും എ.ബി. ഡിവില്ലിയേഴ്സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രായം വെറും നമ്പർ മാത്രമാണ്. ഫാഫിന് 40 വയസാകുന്നതുകൊണ്ടുള്ള പ്രശ്നം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ആർസിബിക്ക് ഒപ്പമുണ്ട്. താരങ്ങൾക്കും ആരാധകർക്കും അദ്ദേഹം പരിചിതനാണ്. ബെംഗളൂരുവിനായി ഐപിഎൽ കിരീടം നേടാനാകാത്തതിന്റെ സമ്മർദ്ദം അദ്ദേഹത്തിന് ഉണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ താരമെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണ്. വിരാട് കോലിയുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയുണ്ടാകും. ’ – ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.