Sabarimala Thanka Anki: വർഷത്തിൽ ഒരിക്കൽ മാത്രം അയ്യന് ചാർത്തുന്ന തങ്ക അങ്കി; കൂടുതൽ വിവരങ്ങളറിയാം
Lord Ayyappa's Thanka Anki: മണ്ഡലപൂജയ്ക്ക് നാലുനാൾ മുമ്പേ പുലർച്ചെ പുറപ്പെടുന്ന തങ്ക അങ്കി, നിലയ്ക്കൽ പമ്പ വഴിയാണ് സന്നിധാനത്ത് എത്തുക. ശരംകുത്തിയിലെത്തുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിധികൾ ആചാര പൂർവ്വം സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും.
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലേക്കുള്ള തങ്ക അങ്കി ഘോഷയാത്ര അയ്യപ്പഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ശബരിമല സന്നിധാനത്തെ അയ്യപ്പ രൂപത്തിൽ അണിയിക്കുന്ന ഒരു അലങ്കാര രൂപമാണ് തങ്ക അങ്കി. തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ 1973-ൽ സമർപ്പിച്ചതാണ് തങ്ക അങ്കി. 400 കിലോ ഗ്രാമിൽ അധികം തൂക്കമുള്ള തങ്ക അങ്കിയായിരുന്നു ചിത്തിര തിരുനാൾ അയ്യപ്പന് സമർപ്പിച്ചത്. അയ്യനുള്ള സ്വർണ പീഠം മുതൽ കിരീടം വരെ ഉൾപ്പെടുന്നതാണ് ശ്രീ ചിത്തിര തിരുനാൾ സമർപ്പിച്ച തങ്ക അങ്കി. പീഠം, പാദുകം, മാഡഗി , കൈയുറ, മുഖം, കിരീടം എന്നിവയും തങ്ക അങ്കിയിൽ ഉൾപ്പെടുന്നു.
വൃശ്ചികത്തിലെ നടത്തുറപ്പിൽ മണ്ഡല പൂജയ്ക്ക് തങ്ക അങ്കി അണിയിച്ചുള്ള അയ്യപ്പ പൂജ ചടങ്ങായി തന്നെയുണ്ട്. മണ്ഡല പൂജയ്ക്ക് ദിവസങ്ങൾ മുമ്പ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടും. തങ്ക അങ്കി രഥയാത്ര എന്നാണ് ഇത് അറിയപ്പെടുന്നത്. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് തങ്കി അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത്. 18-ാം പടിയും ശ്രീകോവിലും കൊടിമരവും ഉൾപ്പെടെ ശബരിമല ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ തയ്യാറാക്കിയ രഥത്തിലാണ് അയ്യപ്പനെ അണിയിക്കാനുള്ള തങ്ക അങ്കി കൊണ്ട് പോകുന്നത്.
മണ്ഡലപൂജയ്ക്ക് നാലുനാൾ മുമ്പേ പുലർച്ചെ പുറപ്പെടുന്ന തങ്ക അങ്കി, നിലയ്ക്കൽ പമ്പ വഴിയാണ് സന്നിധാനത്ത് എത്തുക. ശരംകുത്തിയിലെത്തുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിധികൾ ആചാര പൂർവ്വം സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. പതിനെട്ടാം പടി ചവിട്ടി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്ക അങ്കി ഏറ്റുവാങ്ങും. തുടർന്ന് അയ്യന് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധനയും മണ്ഡല പൂജയും നടത്തും. മണ്ഡലപൂജ കഴിഞ്ഞ് തങ്ക അങ്കി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിച്ച് ദേവസ്വം വക സ്ട്രോങ് റൂമിൽ സൂക്ഷിക്കും. ആദ്യ കാലത്ത് കോട്ടയത്ത് നിന്നുള്ള ഹംസ രഥത്തിലായിരുന്നു തങ്ക അങ്കി സന്നിധാനത്തേക്ക് കൊണ്ടുപോയിരുന്നത്. തങ്ക അങ്കി ചാർത്തിയുള്ള ദീപാരധാന തൊഴാനായി ലക്ഷകണക്കിന് ഭക്തരാണ് കഴിഞ്ഞ വർഷങ്ങളിൽ ദർശനത്തിനായി ശബരിമലയിലെത്തിയത്. ഈ വർഷവും മണ്ഡല പൂജയ്ക്കായി ഭക്തലക്ഷങ്ങൾ മല ചവിട്ടുമെന്നാണ് വിലയിരുത്തൽ.
ഈ മാസം 22-നാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടുക. 22-ന് പുറപ്പടുന്ന തങ്ക അങ്കി ഘോഷയാത്ര, അന്ന് രാത്രി ഓമല്ലൂർ ക്ഷേത്രത്തിലും 23-ന് കോന്നി ക്ഷേത്രത്തിലും 24-ന് പെരുനാട് ക്ഷേത്രത്തിലുമാണ് രാത്രി വിശ്രമിക്കുന്നത്. 25-ന് ഉച്ചയ്ക്ക് ഏകദേശം 1.30 ഓടെ ഘോഷയാത്ര പമ്പയിൽ എത്തും. തുടർന്ന് വെെകിട്ട് 5 മണിയോടെ ശരംകുത്തിയിലെത്തുന്ന ഘോഷയാത്ര ദേവസ്വം ഭാരവാഹികൾ ആചാരപൂർവ്വം സോപാനത്തേക്ക് ആനയിക്കും. 26-നാണ് തങ്ക അങ്കി അണിയിച്ചുള്ള മണ്ഡലപൂജ.