Sabarimala: ശബരിമല തീർത്ഥാടകർക്ക് ആധാര്‍ കാർഡ് നിർബന്ധം; സ്പോട്ട് ബുക്കിംഗിലൂടെ 1000O പേർക്ക് ദർശന സൗകര്യം, ദർശന സമയം 18 മണിക്കൂർ
Sabarimala Darshan Timing: നവംബർ 16-നാണ് വൃശ്ചികമാസം ആരംഭിക്കുന്നത്. ധനു 11 വരെയാണ് ശബരിമലയിലെ മണ്ഡലകാല തീർത്ഥാടനം.
പത്തനംതിട്ട: മണ്ഡലകാല – മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ശബരിമലയിൽ ദർശന സമയം പതിനെട്ട് മണിക്കൂറാക്കി. പുലർച്ചെ 3ന് തുറക്കുന്ന നട ഉച്ചയ്ക്ക് 1ന് അടയ്ക്കും. ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം. തീർഥാടകർ ആധാർ കാർഡിൻ്റെ പകർപ്പ് കരുതണമെന്നും ദേവസ്വംബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു.
സ്പോട്ട് ബുക്കിംഗിലൂടെ 10,000 ഭക്തർക്ക് ദർശന സൗകര്യമൊരുക്കുമെന്നു ദേവസ്വം ബോർഡ് വ്യക്തമാക്കി. വെർച്വൽ ക്യൂ ബുക്കിംഗ് വഴി 70,000 പേർക്ക് ഉൾപ്പെടെ ആകെ 80,000 ഭക്തർക്കായിരിക്കും ഒരു ദിവസം ദർശനത്തിന് അവസരമുണ്ടാകുക. സത്രം(വണ്ടിപ്പെരിയാർ), എരുമേലി, പമ്പ എന്നീ 3 കേന്ദ്രങ്ങളിലെ കൗണ്ടറുകളിലായിരിക്കും സ്പോട്ട് ബുക്കിംഗിന് സൗകര്യമുണ്ടാകുക. ദർശനത്തിനായി എത്തുന്ന ഭക്തർക്ക് പ്രീമിയമില്ലാതെ 5 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ദേവസ്വം ബോർഡ് ലഭ്യമാക്കും.
നിലയ്ക്കലിൽ പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തും. 2000 വാഹനങ്ങൾ അധികമായി പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുക. പമ്പയിൽ 3 സ്ഥിരം നടപ്പന്തലു, 2 താത്കാലിക നടപ്പന്തലും ഉൾപ്പെടെ 5 നടപന്തലുകൾ ഉടൻ പൂർത്തിയാക്കും. ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന നാണയം എണ്ണാൻ ദിവസ വേതനാടിസ്ഥാനത്തിൽ 100 പേരെ ചുമതലപ്പെടുത്തും. 6 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടെന്നും, മണ്ഡലകാലത്തിൽ ഇത് 45 ലക്ഷമായി വർധിപ്പിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
അതേസമയം, തീർത്ഥാടകർക്കായി വെർച്വൽ ക്യൂ ബുക്കിംഗിനോടൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു. ദർശനത്തിനായി ബുക്ക് ചെയ്യുന്നതിനൊടൊപ്പം ബസിൽ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിൾ ഉണ്ടായിരിക്കും. 40 പേരിൽ അധികമുള്ള തീർത്ഥാടക സംഘത്തിന് ദർശനത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനാകും. സ്‌റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിലാണ് ഭക്തരുടെ സംഘമെങ്കിൽ ബസ് അവിടെ ചെന്ന് ഭക്തരെ കയറ്റും. നിലയ്ക്കൽ ടോളിൽ ഫാസ്റ്റ് ടാഗ് സംവിധാനമുണ്ടായിരിക്കും. ഓട്ടോമേറ്റഡ് വെഹിക്കിൾ കൗണ്ടിംഗ് സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിൾ നമ്പർ പ്ലേറ്റ് ഡിറ്റക്ഷൻ സിസ്റ്റം എന്നിവ ഗതാഗതവകുപ്പ് മണ്ഡലകാല മകരവിളക്ക് ദർശനത്തോട് അനുബന്ധിച്ച് സജ്ജമാക്കും. മണ്ഡലകാലത്തോട് അനുബന്ധിച്ച് സന്നിധാനത്ത് എത്തുന്ന വാഹനങ്ങളുടെ എണ്ണം ഇതിലൂടെ കൃത്യമായി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
തീർത്ഥാടനത്തിന്റെ ഭാഗമായി കെഎസ്ർടിസിയുടെ 933 ബസുകളാണ് രണ്ട് ഘട്ടങ്ങളിലായി സർവ്വീസ് നടത്തുക. തിരക്ക് വർദ്ധിക്കുകയാണെങ്കിൽ ബസുകളുടെ എണ്ണവും വർദ്ധിപ്പിക്കും. നിലക്കൽ- പമ്പ റൂട്ടിലൂടെ ഒരു മിനിറ്റ് ഇടവിട്ട് 200 ബസുകൾ സർവീസ് നടത്തും. പാർക്കിംഗ് സ്ഥലത്ത് തന്നെ ഭക്തർക്ക് ബസുകളിൽ കയറാനായി ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേൺ മുതൽ കെഎസ്ആർടിസി ബസ് സ്റ്റേഷൻ വരെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്വകാര്യവാഹനങ്ങളുടെ പാർക്കിംഗ് നിരോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നവംബർ 16-നാണ് വൃശ്ചികമാസം ആരംഭിക്കുന്നത്. ധനു 11 വരെയാണ് മണ്ഡലകാല തീർത്ഥാടനം.