Sabarimala Mandala Pooja: നാളെ മണ്ഡല പൂജ, ഭക്തി സാന്ദ്രമായി സന്നിധാനം; നട അടയ്ക്കുന്നത് എപ്പോൾ, മകരവിളക്ക് 14ന്
Sabarimala Mandala Pooja 2024: ഇന്ന് വൈകിട്ട് ദീപാരാധനയ്ക്ക് മുമ്പ് ആചാരപരമായ ചടങ്ങുകൾക്ക് ശേഷമാകും തന്ത്രി കണ്‌ഠരര് ബ്രഹ്മദത്തൻ അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തുക. ഡിസംബർ 22ന് രാവിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്നാണ് തങ്ക അങ്കി രഥഘോഷയാത്ര ആരംഭിച്ചത്. പമ്പയിൽ എത്തുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ സ്വീകരിക്കും.
പത്തനംതിട്ട: 41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡലകാലം അവസാനിക്കാൻ ഒരുനാൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്ത് ഭക്തജനതിരക്ക്. അയ്യപ്പ സ്വാമിയെ കണ്ടുവണങ്ങാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരകണക്കിന് ആളുകളാണ് സന്നിധാനത്ത് എത്തിച്ചേരുന്നത്. അതേസമയം തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈക്കിട്ടോടെ സന്നിധാനത്ത് എത്തും.
ഇന്ന് വൈകിട്ട് ദീപാരാധനയ്ക്ക് മുമ്പ് ആചാരപരമായ ചടങ്ങുകൾക്ക് ശേഷമാകും തന്ത്രി കണ്‌ഠരര് ബ്രഹ്മദത്തൻ അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തുക. ഡിസംബർ 22ന് രാവിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്നാണ് തങ്ക അങ്കി രഥഘോഷയാത്ര ആരംഭിച്ചത്. പമ്പയിൽ എത്തുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ സ്വീകരിക്കും.
തങ്കഅങ്കി ഘോഷയാത്രയോട് അനുബന്ധിച്ച് രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ പമ്പയിൽ നിന്ന് തീർത്ഥാടകരെ കയറ്റി വിടില്ല. വൈകിട്ട് നടക്കുന്ന ദീപാരാധനക്ക് ശേഷമായിരിക്കും ദർശനത്തിന് അനുമതി നൽകുക. ഇതിനാൽ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് തുടങ്ങിയവയിലും ഇന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതുക്കട, ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ , അട്ടത്തോട് വഴി ഉച്ചയോടെയാണ് തങ്ക അങ്കി രഥഘോഷയാത്ര പമ്പയിൽ എത്തുക.
സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്കു ഒരു മണിക്ക് നട അടച്ചശേഷം മൂന്നുമണിക്ക് വീണ്ടും തുറക്കുന്നതാണ്. എന്നാൽ ഇന്ന് ഉച്ചപൂജയ്ക്കു ശേഷം നടഅടച്ചാൽ അഞ്ചുമണിക്ക് മാത്രമെ പിന്നീട് തുറക്കുകയുള്ളൂ. എന്നിരുന്നാലും അഞ്ചുമണിക്കു നടതുറന്നാലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ദീപാരാധനയ്ക്കുശേഷം മാത്രമെ ഭക്ത ജനങ്ങൾക്ക് ദർശനത്തിന് അനുമതി ലഭിക്കുകയുള്ളൂ. ശബരിമല ശ്രീധർമ ശാസ്‌താവിന് ചാർത്തുവാനായി തിരുവിതാംകൂർ മഹാരാജാവ് പ്രാർഥിച്ച് സമർപ്പിച്ച് നടയ്ക്കുവച്ചതാണ് തങ്ക അങ്കി. ഇത് മണ്ഡലപൂജാ വേളയിൽ മാത്രമാണ് അയ്യപ്പ സ്വാമിക്ക് ചാർത്തുന്നത്.
ALSO READ: അയ്യന് ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന; ഭക്തർക്ക് നിയന്ത്രണം
ശബരിമല മണ്ഡലപൂജ
ശബരിമലയിൽ നാളെ ഉച്ചയ്ക്ക് 12 നും 12.30 നും മധ്യേയാണ് മണ്ഡല പൂജ നടക്കുന്നത്. മണ്ഡലപൂജയ്ക്ക് ശേഷം വൈകിട്ട് നാലിന് വീണ്ടും നട തുറക്കും. മണ്ഡല കാല തീർഥാടനത്തിനു സമാപനം കുറിച്ചുകൊണ്ട് രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും. അതോടെ 41 ദിവസത്തെ ശബരിമല മണ്ഡല ഉൽസവത്തിന് സമാപനമാകും.
നാളെ രാത്രി അടയ്ക്കുന്ന നട ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിക്കാണ് വീണ്ടും തുറക്കുന്നത്. ഇത് മകരവിളക്കു മഹോത്സവത്തോട് അനുബന്ധിച്ചാണ്. 2025 ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.
ഭക്തജനങ്ങൾക്ക് നിയന്ത്രണം
മണ്ഡലപൂജയുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ വരവിൽ കർശന നിയന്ത്രണമാണ് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 25ന് 50000, ഡിസംബർ 26ന് 60000 എന്നിങ്ങനെയാണ് വെർച്ചൽക്യൂവഴി ഭക്തർക്ക് പ്രവേശിപ്പിക്കാൻ കഴിയുന്നത്. രണ്ടുദിവസങ്ങളിലും സ്‌പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ജനുവരി 13ന് 50000 ഭക്തരെയും ജനുവരി 14ന് 40000 ഭക്തരെയും വെർച്വൽക്യൂ വഴി ശബരിമലയിലേക്ക് പ്രവേശിപ്പിക്കുന്നതാണ്.