Mannarasala Ayilyam: മണ്ണാറശാല ആയില്യം മഹോത്സവം; ഒക്ടോബർ 26-ന് ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു
Holiday in Alappuzha for Mannarasala Ayilyam: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഒക്ടോബർ 24-ന് ആരംഭിച്ചു.
ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് ഒക്ടോബർ 26-ന് ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. എന്നാൽ, പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും കളക്ടർ അറിയിച്ചു.
മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഒക്ടോബർ 24-നാണ് ആരംഭിച്ചത്. ആയില്യം ചടങ്ങ് നടക്കുന്നത് 26-നാണ്. ഇതിന് മുന്നോടിയായുള്ള കാവിൽ പൂജകൾ ആരംഭിച്ചിട്ടുണ്ട്. 24-ന് വൈകീട്ട് അഞ്ച് മണിക്ക് മഹാദീപക്കാഴ്ചയ്ക്ക്, കുടുംബ കാരണവരായ എംകെ പരമേശ്വരൻ തിരി തെളിയിക്കും. പിറ്റേദിവസം, 25-നാണ് പൂയം തൊഴൽ. അന്നേ ദിവസം തന്നെ ക്ഷേത്ര ശ്രീകോവിലിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണവും ചാർത്തും.
25-ന് രാവിലെ തിരുവാഭരണം ചാർത്തിയതിന് ശേഷം, ചതുശതനിവേദ്യത്തോടെ പൂജാരിണിയായ അമ്മ ദിവ്യശ്രീ സാവിത്രി അന്തർജനത്തിന്റെ കാർമികത്വത്തിൽ ഉച്ച പൂജ നടക്കും. തുടർന്ന്, 11 മണിക്ക് പ്രസാദമൂട്ട് ഉണ്ടാകും. വൈകിട്ട് അഞ്ച് മണിക്കുള്ള പൂയം തൊഴൽ കഴിഞ്ഞാൽ, രാത്രി ഏഴ് മണിക്ക് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയിൽപ്പെട്ട അന്തർജനങ്ങൾക്കൊപ്പം പൂജാരിണിയായ അമ്മയുടെ ആചാരപരമായ ക്ഷേത്ര ദർശനം നടക്കും.
പിറ്റേന്ന്, 26-നാണ് വിശ്വപ്രസിദ്ധമായ മണ്ണാറശാല ആയില്യം. ഉത്സവം പ്രമാണിച്ച് പുലർച്ചെ നാല് മണിക്ക് നട തുറക്കും. ആറ് മണിയോടെ പൂജകൾ ആരംഭിക്കും. തുടർന്ന്, ഒമ്പത് മണി മുതൽ പൂജാരിണിയായ അമ്മ നിലവറയ്ക്ക് സമീപം ഭക്തർക്ക് ദർശനം നൽകും. രാവിലെ പത്ത് മണിയോടെയാണ് മഹാപ്രസാദമൂട്ട് ആരംഭിക്കുന്നത്. അങ്ങനെ, ഉച്ച പൂജയ്ക്ക് ശേഷം നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കുള്ള നാഗപത്മ കളമെഴുത്ത് നടക്കും. കളമെഴുത്ത് കഴിഞ്ഞാൽ പൂജാരിണി തീർഥക്കുളത്തിൽ സ്നാനം ചെയ്ത ശേഷം ആയില്യം എഴുന്നളത്ത് നടത്തും. തുടർന്ന്, ആയില്യം പൂജ, നൂറും പാലും എന്നിവ ഉണ്ടാകും.