World Tourism Day 2024 : പാസ്പോർട്ടില്ലെങ്കിലും പ്രശ്നമില്ല; ഇന്ത്യക്കാർക്ക് ഈ വിദേശരാജ്യങ്ങൾ സന്ദർശിക്കാം
Countries Indians Can Visit Without Passport : ഇന്ത്യക്കാർക്ക് പാസ്പോർട്ടില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുണ്ട്. ആധാർ കാർഡോ വോട്ടർ ഐഡിയോ കൊണ്ട് മാത്രം ഇന്ത്യക്കാർക്ക് ഈ രാജ്യങ്ങൾ സന്ദർശിക്കാം.
നമ്മളിൽ പലർക്കും യാത്ര ചെയ്യാൻ ഇഷ്ടമാണ്. വിദേശയാത്രകൾ പലപ്പോഴും നമ്മൾ പ്ലാൻ ചെയ്തിട്ടുണ്ടാവും. പാസ്പോർട്ട്, വീസ, പണം തുടങ്ങി പല നൂലാമാലകളാണ് വിദേശയാത്രകൾക്ക് തടസമാവുന്നത്. വിദേശരാജ്യങ്ങളൊക്കെ സഞ്ചരിക്കാൻ പാസ്പോർട്ട് നിർബന്ധമായും വേണം താനും. അങ്ങനെയാണ് നമ്മൾ പഠിച്ചിട്ടുള്ളത്. എന്നാൽ, അങ്ങനെയാണോ? അങ്ങനെയല്ല. വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ പാസ്പോർട്ട് വേണ്ട.
എല്ലാ രാജ്യങ്ങളിലും പാസ്പോർട്ടില്ലാതെ പോവാനാവില്ല. ഇന്ത്യൻ പൗരന്മാർക്ക് രണ്ട് രാജ്യങ്ങളിൽ പാസ്പോർട്ടില്ലാതെ സഞ്ചരിക്കാം. നമ്മുടെ അയൽ രാജ്യങ്ങളായ ഭൂട്ടാനിലും നേപ്പാളിലും സഞ്ചരിക്കാനാണ് നമുക്ക് പാസ്പോർട്ട് ആവശ്യമില്ലാത്തത്. പാസ്പോർട്ടോ വീസയോ ഇല്ലാതെ കയ്യും വീശി ഈ രാജ്യങ്ങളിൽ ചെന്ന് കാഴ്ചകൾ കാണാം. ഈ രാജ്യങ്ങളുമായി ഇന്ത്യക്കുള്ള രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങൾ കാരണമാണ് പാസ്പോർട്ടില്ലാതെ സഞ്ചരിക്കാൻ നമുക്ക് സാധിക്കുന്നത്.
Also Read : World Tourism Day 2024: യാത്രകള്‍ വെറും ഷോ അല്ല, യാത്ര നടത്തുന്നവരെ പുച്ഛിക്കുകയും വേണ്ട; കാരണം ഇതാണ്
ഹിമാലയൻ മലനിരകളുടെ താഴ്വാരത്തുള്ള രാജ്യമാണ് നേപ്പാൾ. പുരാതനമായ അമ്പലങ്ങളും ബുദ്ധ ദേവാലയങ്ങളും ഹിമാലയക്കാഴ്ചകളുമൊക്കെയായി സുന്ദരമായ രാജ്യമാണ് ഇത്. ഇന്ത്യൻ സർക്കാരിൻ്റെ ഏതെങ്കിലും ഫോട്ടോ ഐഡി കൊണ്ട് മാത്രം നമുക്ക് നേപ്പാളിൽ പ്രവേശിക്കാം. വോട്ടർ ഐഡിയോ ആധാർ കാർഡോ ഒക്കെ ഇതിനുപയോഗിക്കാം. കാഠ്മണ്ഡു താഴ്വരയാണ് നേപ്പാളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. യുനെസ്കോ പൈതൃകപ്പട്ടികയിലുള്ള മങ്കി ടെമ്പിൾ അടക്കമുള്ളവ ഇവിടെയാണ്. ഗൗതമബുദ്ധൻ്റെ ജന്മസ്ഥലമായ ലുംബിനിയും നിരവധി തടാകങ്ങളുള്ള പൊഖാറയുമൊക്കെ നേപ്പാളിലുണ്ട്.
ഇന്ത്യക്കും ചൈനയ്ക്കുമിടയിലുള്ള രാജ്യമാണ് ഭൂട്ടാൻ. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നാടെന്നാണ് ഭൂട്ടാൻ അറിയപ്പെടുന്നത്. സുന്ദരമായ പ്രകൃതിക്കാഴ്ച്ചകളും സംസ്കാരവുമൊക്കെക്കൊണ്ട് സമ്പന്നമാണ് ഭൂട്ടാൻ. ഇവിടെ പ്രവേശിക്കാനും ഇന്ത്യൻ പൗരന്മാർക്ക് പാസ്പോർട്ട് വേണ്ട. ആധാറോ വൊട്ടർ ഐഡിയോ പോലെ ഒരു ഫോട്ടോ ഐഡി കാണിച്ചാൽ ഭൂട്ടാനിൽ പ്രവേശിക്കാം. ഈ ഐഡി കാണിച്ചാൽ ഭൂട്ടാനിൽ പ്രവേശിക്കുന്ന സമയത്ത് ഭൂട്ടാനീസ് ടൂറിസം കൗൺസിലിൽ നിന്ന് ടൂറിസ്റ്റ് പെർമിറ്റ് ലഭിക്കും. ഈ പെർമിറ്റുണ്ടെങ്കിൽ രാജ്യം ചുറ്റിക്കാണാം. പാരോ വാലിയാണ് ഭൂട്ടാനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം. ഇവിടെയുള്ള ബുദ്ധ ദേവാലയം വളരെ പ്രശസ്തമാണ്. ഭൂട്ടാൻ്റെ തലസ്ഥാനമായ തിംഫുവും ആളുകൾ സന്ദർശിക്കാറുണ്ട്. പുനാഖ സോങ് എന്നറിയപ്പെടുന്ന കെട്ടിടവും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.