What is Milaf Cola : കൃത്രിമ പഞ്ചസാരയില്ല, ഈന്തപ്പഴത്തിൽ നിന്നുള്ള ആദ്യ ഡ്രിങ്ക്; മിലാഫ് കോളയ്ക്ക് സവിശേഷതകളേറെ

What is Milaf Cola Soft Drink Made From Date Extract : ഈന്തപ്പഴത്തിൽ നിന്നുള്ള ലോകത്തിലെ ആദ്യ സോഫ്റ്റ് ഡ്രിങ്കാണ് മിലാഫ് കോള. എന്നാൽ അത് മാത്രമല്ല മിലാഫ് കോളയുടെ സവിശേഷത. നിർമ്മാണത്തിലും ഗുണമേന്മയിലുമൊക്കെ വേറെയും സവിശേഷതകൾ മിലാഫ് കോളയ്ക്കുണ്ട്.

What is Milaf Cola : കൃത്രിമ പഞ്ചസാരയില്ല, ഈന്തപ്പഴത്തിൽ നിന്നുള്ള ആദ്യ ഡ്രിങ്ക്; മിലാഫ് കോളയ്ക്ക് സവിശേഷതകളേറെ

മിലാഫ് കോള

Updated On: 

20 Dec 2024 11:26 AM

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലാകെ മിലാഫ് (Milaf Cola) കോളയെപ്പറ്റിയുള്ള ചർച്ചകളാണ്. സൗദി അറേബ്യ പുറത്തിറക്കിയ ഈ സോഫ്റ്റ് ഡ്രിങ്കിനെപ്പറ്റി പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നു. ഈന്തപ്പഴത്തിൽ നിന്നുള്ള ആദ്യ സോഫ്റ്റ് ഡ്രിങ്കായ മിലാഫിൽ കൃത്രിമ പഞ്ചസാരയില്ലെന്നതാണ് ഏറെ ആകർഷണീയം. പെപ്സിയും കോളയുമൊക്കെ കയ്യടക്കിവച്ചിരിക്കുന്ന മാർക്കറ്റിൽ തങ്ങളുടെ ഐഡൻ്റിറ്റിയെ നിലനിർത്തിക്കൊണ്ടുള്ള ഒരു സ്ഥാനമാണ് മിലാഫ് കോളയിലൂടെ സൗദിയുടെ ലക്ഷ്യം.

സൗദി അറേബ്യയുടെ ദേശീയ ഫലമാണ് ഈന്തപ്പഴം. ഈ ഈന്തപ്പഴത്തിൽ നിന്ന് തന്നെ ഒരു സോഫ്റ്റ് ഡ്രിങ്ക് ഉണ്ടാക്കുകയെന്നത് കൃത്യമായും മാർക്കറ്റിംഗിൻ്റെയും യുണിക്ക്നെസിൻ്റെയും തന്ത്രമാണ്. സുലഭമായി ലഭിക്കുന്ന വസ്തുക്കളിൽ നിന്ന് മൂല്യവർധിത ഉത്പന്നം ഉണ്ടാക്കിയാൽ അത് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ കാര്യമായിത്തന്നെ സഹായിക്കുമെന്നത് അടിസ്ഥാനപാഠമാണ്. ഈ പാഠത്തിൽ നിന്നുകൊണ്ടാണ് സൗദി ഈന്തപ്പഴക്കോള അവതരിപ്പിച്ചത്. ഈന്തപ്പഴ സത്ത് ഉൾപ്പെടുന്ന സോഫ്റ്റ് ഡ്രിങ്കാണ് മിലാഫ് കോള.

തുറത്ത് അൽ മദീന
സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ അനുബന്ധ സ്ഥാപനമായ തുറത്ത് അൽ മദീനയാണ് മിലാഫ് കോള വികസിപ്പിച്ചത്. സോഫ്റ്റ് ഡ്രിങ്കിൻ്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്നത് മികച്ച ഗുണനിലവാരമുള്ള ഈന്തപ്പഴമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മായങ്ങളില്ലാതെയാണ് മിലാഫ് കോള നിർമ്മിച്ചതെന്നും പരമ്പരാഗത സോഫ്റ്റ് ഡ്രിങ്കുകൾക്കുള്ള ബദലാണ് ഇതെന്നും കമ്പനി പറയുന്നു. സൗദിയിൽ അവതരിപ്പിച്ച് ഇതിനകം ഹിറ്റായ മിലാഫ് കോളയെ രാജ്യാന്തര വിപണിയിൽ അവതരിപ്പിക്കാനുള്ള ശ്രമം കമ്പനി നടത്തുന്നുണ്ട്.

തുറത്ത് അൽ മദീന വികസിപ്പിച്ച ഈ കോള റിയാദ് ഈന്തപ്പഴ ഫെസ്റ്റിവലിൽ വച്ചാണ് അവതരിപ്പിച്ചത്. കമ്പനി സിഇഒ ആയ ബന്ദർ അൽ ഖഹ്താനിയും സൗദി കൃഷിമന്ത്രി അബ്ദുറഹ്മാൻ അൽ ഫദ്ലെയും ചേർന്ന് മിലാഫ് കോള അവതരിപ്പിക്കുകയായിരുന്നു.

മിലാഫ് കോളയുടെ ചേരുവ
ഈന്തപ്പഴമാണ് മിലാഫ് കോളയുടെ പ്രധാന ചേരുവ. ഈന്തപ്പഴ സത്തുപയോഗിച്ചാണ് നിർമ്മാണം. ഫൈബർ, ആൻ്റിഓക്സിഡൻ്റ്സ്, മിനറൽസ് എന്നിവകളൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്ന ഈന്തപ്പഴത്തിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇതൊക്കെ മിലാഫ് കോളയിൽ നിന്ന് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈന്തപ്പഴം കൊണ്ട് നിർമ്മിച്ചതിനാൽ കൃതിമ മധുരം മിലാഫ് കോലയിൽ ഉണ്ടാവില്ലെന്നും കമ്പനി അവകാശപ്പെടുന്നു. പരമ്പരാഗതമായ മറ്റ് സോഡകളിലെയൊക്കെ പ്രധാന ചേരുവ കൃത്രിമ പഞ്ചസാരയാണ്. അതാണ് ഈ സോഫ്റ്റ് ഡ്രിങ്കുകളൊക്കെ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നതിനുള്ള കാരണം. എന്നാൽ, മിലാഫ് കോളയിൽ ഈന്തപ്പഴത്തിൻ്റെ മധുരം മാത്രമേയുള്ളൂ എന്നതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

Also Read : Milaf Cola: കൃത്രിമ മധുരമില്ല, ഗുണമേൻമയിലും നമ്പർ വൺ; സോഷ്യൽ മീഡിയയിൽ ട്രെൻഡായി മിലാഫ് കോള

നിർമ്മാണം
ചേരുവകളിലെ സവിശേഷതകൾക്കൊപ്പം രാജ്യാന്തര ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളൊക്കെ പാലിച്ചാണ് മിലാഫ് കോളയുടെ നിർമ്മാണം. ഇതിനൊപ്പം ഇക്കോ ഫ്രണ്ട്ലി ആയുള്ള പാക്കിംഗുമാണ്. പ്രാദേശികമായുള്ള ചേരുവകൾ ഉപയോഗിച്ച്, രാജ്യത്തെ പ്രാദേശിക കച്ചവടത്തെക്കൂടി പിന്തുണയ്ക്കുന്ന തരത്തിലാണ് നിർമ്മാണമെങ്കിലും ഗുണമേന്മയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല എന്നും കമ്പനി പറയുന്നു. അതായത്, സൗദിയിൽ മാത്രമല്ല, ലോകമെങ്ങും കയറ്റി അയക്കുന്നതിനായാണ് മിലാഫ് കോള വികസിപ്പിച്ചെടുത്തത് എന്ന് സാരം.

വിദേശവിപണികൾ
ഇന്ത്യൻ വിപണിയിൽ എപ്പോഴാവും ഈ സവിശേഷ കോള എത്തുകയെന്നതിനെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. സൗദി അറേബ്യയോ ഇന്ത്യൻ അധികൃതരോ കമ്പനിയോ ഒന്നും മറ്റ് വിദേശ മാർക്കറ്റുകളിൽ മിലാഫ് കോള എപ്പോൾ മുതൽ ലഭ്യമാവുമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഏറെ വൈകാതെ തന്നെ പെപ്സി, കൊക്കക്കോള തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾക്കൊപ്പം മിലാഫ് കോളയും നമ്മുടെ അടുത്തുള്ള കടകളിൽ ലഭിച്ചേക്കും. മുൻസിഫ് ഡെയിലിയുടെ റിപ്പോർട്ട് അനുസരിച്ച് ഏറെ വൈകാതെ തന്നെ മിലാഫ് കോള ആഗോളാടിസ്ഥാനത്തിൽ കയറ്റുമതി ചെയ്യുമെന്നാണ് തുറത്ത് അൽ മദീന പറയുന്നത്. മിലാഫ് കോളയ്ക്കൊപ്പം വ്യത്യസ്തമായ പല ഡ്രിങ്കുകളും ഭക്ഷണസാധനങ്ങളുമൊക്കെ വികസിപ്പിക്കുന്നുണ്ട്. വരുന്ന ഏതാനും വർഷങ്ങളിൽ സൗദി അറേബ്യയുടെ സ്വത്വം നിലനിർത്തുന്ന സോഫ്റ്റ് ഡ്രിങ്കുകളും ഭക്ഷണപദാർത്ഥനങ്ങളുമൊക്കെ രാജ്യാന്തര വിപണിയിലെത്തിയേക്കുമെന്നും തുറത്ത് അൽ മദീന പറയുന്നു.

പ്രതികരണം
സൗദിയിൽ അവതരിപ്പിച്ച മിലാഫ് കോള കുടിച്ചവർക്കൊക്കെ നല്ല അഭിപ്രായമാണെന്നാണ് മാധ്യമവാർത്തകൾ സൂചിപ്പിക്കുന്നത്. ദി ഇൻഡിപെൻഡൻ്റ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരമ്പരാഗതമായ സോഫ്റ്റ് ഡ്രിങ്കുകളിൽ നിന്ന് വ്യത്യസ്തമായ രുചിയും അനുഭവവുമാണ് മിലാഫ് കോള നൽകുന്നത് എന്നും അത് വളരെ പുതുമയാർന്നതാണെന്നും ആളുകൾ പറയുന്നു. സൗദിയിൽ വിനോദസഞ്ചാരത്തിനെത്തിയവരും സ്വദേശികളും ഉൾപ്പെടെയുള്ളവരോട് സംസാരിച്ചാണ് ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും മിലാഫ് കോള രുചിച്ചവർ ഈ സോഫ്റ്റ് ഡ്രിങ്കിൻ്റെ അനുഭവം ഏറെ സവിശേഷതയുള്ളതായി അവകാശപ്പെടുന്നുണ്ട്. സാധാരണ സോഫ്റ്റ് ഡ്രിങ്കുകൾ പോലെ മിലാഫ് കോളയ്ക്ക് ഉയർന്ന മധുരമില്ലെന്നും അതുകൊണ്ട് തന്നെ ഇത് വളരെ നല്ല അനുഭവമാണെന്നുമാണ് എക്സിൽ ചിലരുടെ അഭിപ്രായം.

മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്
ഈ ക്രിസ്മസിന് ഈന്തപ്പഴം ഗോതമ്പ് കേക്ക്
ഇന്ത്യക്കായി ഏറ്റവുമധികം രാജ്യാന്തര വിക്കറ്റുകൾ; ആർ അശ്വിൻ പട്ടികയിൽ
വണ്ണം കുറയ്ക്കാന്‍ ഈ അച്ചാര്‍ കഴിച്ചാലോ?