Kerala Piravi 2024 : കേരളം പിറന്ന ദിവസം കഴിച്ചാലോ നാടിന്റെ പഴയ കറികൾ, രുചിയും ഗുണവും ഒപ്പത്തിനൊപ്പം
Traditional Kerala recipes at Kerala Piravi 2024: പറമ്പിലേക്ക് ഇറങ്ങി നോക്കൂ... വല്ല പയറോ മത്തനോ ചീരയോ മുരിങ്ങയിലയോ കാച്ചിലോ ഒക്കെ കാണും. താളും തകരയും പറച്ച് മുറിച്ച് ഒരു തനിനാടൻ ശാപ്പാട് ഒരുക്കാം ഇന്ന്...
കൊച്ചി: കേരളത്തിൽ പ്രകൃതിയും മനുഷ്യനും ഒന്നായി ജീവിച്ച ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിന്റെ ശേഷിപ്പാണ് നമ്മുടെ തനതായ രുചികൾ. കേരളം പിറന്നാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ നമ്മുടെ രുചികൾ ഒന്ന് പരീക്ഷിച്ചാലോ? പറമ്പിലേക്ക് ഇറങ്ങി നോക്കൂ… വല്ല പയറോ മത്തനോ ചീരയോ മുരിങ്ങയിലയോ കാച്ചിലോ ഒക്കെ കാണും. താളും തകരയും പറച്ച് മുറിച്ച് ഒരു തനിനാടൻ ശാപ്പാട് ഒരുക്കാം ഇന്ന്…
താളുകറി
കർക്കിടക മാസത്തിലെ പ്രധാനപ്പെട്ട വിഭവമായിരുന്നു ചേമ്പിൻറെ തണ്ടും തളിരിലയും കൊണ്ട് ഉണ്ടാക്കിയിരുന്ന താളുകറി. ആഴ്ചയിൽ ഒരു ദിവസമെങ്കിലും താളുകറി നിർബന്ധമായിരുന്നു അന്നൊക്കം. പ്രോട്ടീൻ, ഡയറ്റെറി ഫൈബർ, വിറ്റാമിൻ സി, അയേൺ, റൈബോഫ്‌ളേവിൻ, തയാമിൻ, ഫോസ്ഫറസ്, വൈറ്റമിൻ ബി 6, വൈറ്റമിൻ സി, പൊട്ടാസ്യം, നിയാസിൻ, മാംഗനീസ്, കോപ്പർ, ഇരുമ്പ് തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയ വിഭവമാണിത്. താള് ഉപയോഗിച്ച് കറി മാത്രമല്ല തോരനും ഉണ്ടാക്കാം.
തകരത്തോരൻ
റോഡരികിലും തോട്ടുവക്കിലുമെല്ലാം പൊട്ടിമുളയ്ക്കുന്ന ഒരു കുറ്റിച്ചെടി. തളിരില പറിച്ച് അരിഞ്ഞു തേങ്ങ ചേർത്തു വച്ചാൽ ഗംഭീരൻ തോരൻ. പരിപ്പിട്ടു കറി വയ്ക്കുന്നതും വടയാക്കി കഴിക്കുന്നതുമെല്ലാം അടുക്കളകളിലെ ഒരു സ്ഥിരം കാഴ്ചകൾ. ഇതിലുള്ള അലോ ഇമോൾഡിൻ, ക്രൈസോഫനോൾ, കാഥർടെയ്ൻ, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് , ബീറ്റാ സിറ്റോസ്റ്റിറോൾ, ഇമോഡിൻ, റുബ്രോഫുസാരിൻ, സ്റ്റിഗ്മാസ്റ്റിറോൾ, ടാർടാറിക് ആസിഡ് തുടങ്ങിയ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്.
ചക്ക വരട്ടിയത്
വേനൽമാസങ്ങളിൽ പണ്ടത്തെ അടുക്കളകളിൽ ഉണ്ടാക്കിയിരുന്ന ഒന്നാണ് ചക്കവരട്ടിയത്. മണിക്കൂറുകളോളം നിന്ന്, ഉരുളിയിൽ ചക്ക ഇളക്കിയാണ് ഇത് ഉണ്ടാക്കിയിരുന്നത് ചില്ലറ എളുപ്പമല്ല. പക്ഷെ ഇത് മാസങ്ങളോളം നിൽക്കുന്ന വിഭവമാണ്. മക്കൾക്കും ബന്ധുക്കൾക്കുമെല്ലാം, ചില്ലുകുപ്പിയിലാക്കി ഇത് കൊടുത്തയക്കാനും കഴിയും. പഴുത്ത ചക്ക, നെയ്യ്, ശർക്കര എന്നിവ ഉണ്ടെങ്കിൽ ചക്ക വരട്ടാം. വൈകുന്നേരങ്ങളിൽ ചായയ്ക്ക് കൂടെ കഴിക്കാൻ ചക്ക അട ഉണ്ടാക്കുന്നതും പണ്ടത്തെ മറ്റൊരു പതിവ്.
മോളോഷ്യം
എളുപ്പത്തിൽ തയ്യാറാക്കാം എന്നതിനാൽ അടുക്കളയിലെ സ്ഥിരം വിരുന്നുകാരനായ വിഭവമായിരുന്നു ഇത്.
എരിവും പുളിയുമൊന്നും അധികമില്ലാതെ കുമ്പളങ്ങയോ വെള്ളരിക്കയോ പോലുള്ള പച്ചക്കറികൾ ചേർത്ത് ഉണ്ടാക്കുന്ന ഒരു ‘പാവം’ കറി. കറിയായി മാത്രമല്ല, ഒരു സൂപ്പായും ഇത് കഴിക്കാം.