Visa Free Entry to Thailand: അപ്പൊ എങ്ങനാ, തായ്‌ലൻഡിലേക്ക് വിട്ടാലോ…? ഫ്രീ വിസ എൻട്രി നീട്ടി തായ്‌ലൻഡ്
Visa Free Entry to Thailand: വിസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടിയതായി ഡൽഹിയിലെ റോയൽ തായ് എംബസിയിലെ ഉദ്യോഗസ്ഥരും ടൂറിസം അതോറിറ്റി ഓഫ് തായ്ലൻഡും (ടിഎടി) സ്ഥിരീകരിച്ചു.
ഫ്രീ വിസ എൻട്രി നടപ്പിലാക്കിയതോടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് സ്പോട്ടായി തായ്‍ലന്‍ഡ് മാറിയിരുന്നു. ഇതോടെ നിരവധി ഇന്ത്യൻ സഞ്ചാരികളാണ് ഇവിടം സന്ദർശിച്ചത്. എന്നാൽ ഇപ്പോഴിതാ ഫ്രീ വിസ പ്രവേശന കാലാവധി അവസാനിക്കാനിരിക്കെ വീണ്ടും സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് തായ്‌ലൻഡ്. ഇന്ത്യൻ സഞ്ചാരികൾക്ക് അനുവദിച്ച ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടിയതായി റിപ്പോർട്ട്. തായ്ലാൻഡിലെ ടൂറിസം അതോറിറ്റിയാണ് ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം നീട്ടിയതായി അറിയിച്ചത്. വിസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടിയതായി ഡൽഹിയിലെ റോയൽ തായ് എംബസിയിലെ ഉദ്യോഗസ്ഥരും ടൂറിസം അതോറിറ്റി ഓഫ് തായ്ലൻഡും (ടിഎടി) സ്ഥിരീകരിച്ചു.
നവംബർ 11 വരെയാണ് നേരത്തെ ഇന്ത്യക്കാര്‍ക്ക് തായ്‍ലന്‍ഡിലേക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചത്. ഇത് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് നീട്ടിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ഇളവ് തുടരും. 2023 നവംബറിലാണ് ആദ്യമായി തായ്‍ലന്‍ഡ് ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം അനുവദിച്ച് തുടങ്ങിയത്. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 60 ദിവസം വരെ തായ്‍ലന്‍ഡില്‍ കഴിയാം. ഇത് 30 ദിവസത്തേക്ക് അധികമായി നീട്ടാനുമാകും. കാലാവധി നീട്ടാന്‍ ഇമ്മിഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ തായ്‍ലന്‍ഡിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണം 16.17 മില്യനായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തേക്ക് ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുന്നതിന്‍റെ ഭാഗമായി നിരവധി ഇളവുകൾ തായ്‌ലൻഡ് അധികൃതർ പ്രഖ്യാപിക്കാറുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷനുകളിലൊന്നാണ് തായ്‌ലാൻഡ്. തിളങ്ങുന്ന മണൽത്തീരങ്ങളും തലയാട്ടി നിൽക്കുന്ന ഈന്തപ്പനകളും വെയിലിൽ മിന്നുന്ന നീലക്കടലും ത്രസിപ്പിക്കുന്ന ജലവിനോദങ്ങളും ആഘോഷരാവുകളുമെല്ലാം ഈരാജ്യത്തെ ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാക്കി മാറ്റുന്നു. സംസ്കാരം, പ്രകൃതി, സാഹസികത എന്നിവയുടെ ഊർജ്ജസ്വലമായ മിശ്രിതമാണ് തായ്‌ലൻഡ് വാഗ്ദാനം ചെയ്യുന്നത്. ഗ്രാൻഡ് പാലസ്, ബുദ്ധ ക്ഷേത്രം വാട്ട് അരുൺ തുടങ്ങിയ ക്ഷേത്രങ്ങൾ തലസ്ഥാനമായ ബാങ്കോക്കിലുണ്ട്. ശാന്തമായ ക്ഷേത്രങ്ങളും ട്രെക്കിംഗിന് അനുയോജ്യമായ പർവതപ്രദേശങ്ങളിലേക്കുള്ള പ്രവേശനവും വടക്കൻ നഗരമായ ചിയാങ് മായിലുണ്ട്. ബാങ്കോക്കിനടുത്തുള്ള പ്രശസ്തമായ ഫ്ലോട്ടിംഗ് മാർക്കറ്റുകൾ കണ്ടെത്താനുള്ള അവസരം നഷ്‌ടപ്പെടുത്തരുത്, അവിടെ ഷോപ്പിംഗ് നടത്താനുള്ള സൗകര്യമുണ്ട്. തായ്‌ലൻഡിലെ സമ്പന്നമായ ഭക്ഷണം, സൗഹൃദപരമായ നാട്ടുകാർ, താങ്ങാനാവുന്ന വില എന്നിവ ഇതിനെ അവിസ്മരണീയമായ ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു. ബീച്ചുകളോ ക്ഷേത്രങ്ങളോ നഗരങ്ങളോ ആകട്ടെ, തായ്‌ലൻഡ് എല്ലാത്തരം യാത്രക്കാർക്കും ഒരു സാഹസികത വാഗ്ദാനം ചെയ്യുന്നു.