Hair Care Tips: കിടക്കുമ്പോൾ മുടി അഴിച്ചിടണോ അതോ കെട്ടിവയ്ക്കണോ? അറിയാം വിശദമായി
Should You Tie Your Hair While Sleeping: മുടി കെട്ടിവയ്ക്കുന്നതാണോ അഴിച്ചിടുന്നതാണോ നല്ലത്. മുടി അഴിച്ചിടുന്നതും കെട്ടി വയ്ക്കുന്നതും മുടിയുടെ വളര്‍ച്ചയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
നല്ല നീളമുള്ള കരുത്തുള്ള മുടി വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഫാഷന് ഒരുപാടു പ്രാധാന്യം കൊടുക്കുന്ന ഈ കാലത്തും മുടിക്ക് നല്ല ഡിമാൻഡ് ആണ്. മുടി വളരണമെങ്കിൽ അതിനെ പരിപാലിക്കണം. ഇതിനായി പ്രകൃതിദത്തമായ വഴികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അമ്മമാരൊക്കെ ഉണ്ടാക്കുന്ന താളിയും, കാച്ചിയ എണ്ണയുമെല്ലാം മുടിയിൽ ഉപയോഗിക്കുന്നതാണ് ഉത്തമം. എന്നാൽ, പലർക്കുമുള്ള ഒരു സംശയമാണ് രാത്രി മുടി കെട്ടിവയ്ക്കണോ, അതോ അഴിച്ചിടണോ എന്നുള്ളത്.
പണ്ട് കാലത്ത് നമ്മുടെ മുത്തശ്ശിമാർ എല്ലാം നമുക്ക് പറഞ്ഞുതന്നത് കിടക്കാൻ നേരത്ത് മുടി കെട്ടി വയ്ക്കണം എന്നാണ്. മുടി കെട്ടിവയ്ക്കുന്നതിനും പല രീതികളുണ്ട്. ചിലർ മുടി ഉച്ചിയിൽ കെട്ടിവയ്ക്കും, ചിലർ മെടഞ്ഞിടും, അല്ലെങ്കിൽ വെറുതെ ബൺ ഉപയോഗിച്ച് മുടി കെട്ടുന്നവരും ഉണ്ട്. അവരെല്ലാം പറഞ്ഞു തന്നത് പോലെ നമ്മൾ മുടി ഇങ്ങനെ ഓരോ രീതിയിലും കെട്ടി വയ്ക്കാറുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ ശാസ്ത്രം എന്തു പറയുന്നുവെന്നത് പലരും ചിന്തിച്ചിട്ടുണ്ടാവില്ല. വാസ്തവത്തിൽ മുടി കെട്ടിവയ്ക്കുന്നതാണോ അഴിച്ചിടുന്നതാണോ നല്ലത്. മുടി അഴിച്ചിടുന്നതും കെട്ടി വയ്ക്കുന്നതും മുടിയുടെ വളര്‍ച്ചയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
വാസ്തവത്തിൽ രാത്രിയായാലും പകലായാലും മുടി അഴിച്ചിടുന്നതും കെട്ടി വയ്ക്കുന്നതും, മുടി വളര്‍ച്ചയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ, മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളിൽ ഒന്നാണിത്. രാത്രി മുടി അഴിച്ചിട്ട് കിടക്കുന്നത്, മുടി പൊട്ടിപ്പോകാനും അറ്റം പിളരാനുമുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തെയും വളർച്ചയെയും ബാധിക്കും.
നമ്മൾ ഉപയോഗിക്കുന്ന തലയിണയും മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലതെന്ന് നമ്മൾ പൊതുവെ പറയാറുണ്ടെങ്കിലും തലയിണയുടെ കവർ കോട്ടന്റെ ഉപയോഗിക്കാത്തതാണ് നല്ലത്. ഇത് പെട്ടെന്ന് മുടി പൊട്ടാൻ ഇടയാക്കും. അതിനാൽ സാറ്റിൻ കൊണ്ടുണ്ടാക്കുന്ന തലയിണക്കവർ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് മുടി പൊട്ടുന്നത് കുറയ്ക്കാൻ സഹായിക്കും.
അതുപോലെ തന്നെ, നനഞ്ഞ മുടി ഒരിക്കലും കെട്ടിവയ്ക്കരുത്. ഇത് മുടിയിൽ ഫംഗസ് അണുബാധ ഉണ്ടാകുകയും, മുട്ടി പൊട്ടി പോകാൻ കാരണമാവുകയും ചെയ്യുന്നു. കൂടാതെ, മുടി നല്ലപോലെ ഇറുക്കി കെട്ടിവയ്ക്കുന്നതും, മുടിയുടെ വേരുകളെ ദുർബലമാക്കി മുടി കൊഴിഞ്ഞു പോകാന്‍ ഇടയാക്കും. മുടി മെടഞ്ഞിട്ടലും തലയിണയിലും കിടക്കയിലും ഉരസി മുടി പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ മുടി മെടഞ്ഞിടുന്നതിനേക്കാൾ നല്ലത് കിടക്കയില്‍ സ്പർശിക്കാത്ത രീതിയിൽ മുകളില്‍ കെട്ടി വയ്ക്കുന്നതാണ്.
അതുപോലെ, മുഖക്കുരു വരുന്നതിനുള്ള പ്രധാന ഘടകങ്ങളിൽ ഒന്ന് മുടി തന്നെയാണ്. മുടി അഴിച്ചിട്ട് ഉറങ്ങുമ്പോൾ ഇതിലെ അഴുക്കും, താരനുമെല്ലാം മുഖത്ത് അടിഞ്ഞു കൂടുന്നു. ഇത് മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ഇത് ഒഴിവാക്കുന്നതിന് മുടി നെറുകയിൽ കെട്ടി വൈകുന്നതാണ് ഏറ്റവും ഉചിതം.