Onam 2024: തിരുവോണത്തിന് ഈ രീതിയിലൊരു പൈനാപ്പിൾ പച്ചടി ഉണ്ടാക്കി നോക്കിയാലോ?
How to Make Pineapple Pachadi: പച്ചടികളിൽ കേമനാണ് പൈനാപ്പിൾ പച്ചടി. ഈ തിരുവോണത്തിന് സ്വാദിഷ്ടമായ പൈനാപ്പിൾ പച്ചടി ഉണ്ടാക്കിയാലോ?
സദ്യയിലെ ഒരു പ്രധാന വിഭവമാണ് പച്ചടി. പല തരം പച്ചടികൾ നമ്മൾ സദ്യക്ക് വിളമ്പാറുണ്ട്. വെള്ളരിക്ക പച്ചടി, പൈനാപ്പിൾ പച്ചടി, പാവയ്ക്ക പച്ചടി, ബീറ്റ്റൂട്ട് പച്ചടി എന്നിങ്ങനെ പലതരം പച്ചടികളുണ്ട്. അതിൽ മിക്കവർക്കും പ്രത്യേകിച്ച് കുട്ടികൾക്ക് സദ്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട കറിയാണ് പൈനാപ്പിൾ പച്ചടി. പഴങ്ങളും, മധുരവും, എരിവും, പുളിയുമെല്ലാം കലർന്ന സ്വാദാണ് ഈ പച്ചടിക്ക്. രുചികരമായ പൈനാപ്പിൾ പച്ചടി ഉണ്ടാകുന്നതെങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പൈനാപ്പിൾ – ഒരു പകുതി
- മുന്തിരി – 10 എണ്ണം
- നേന്ത്രപ്പഴം – 1 എണ്ണം
- പൈനാപ്പിൾ പേസ്റ്റ് – കാൽ കപ്പ്
- തേങ്ങ ചിരകിയത് – അര കപ്പ്
- തൈര് – ഒരു കപ്പ്
- ശർക്കര – ഒരു ചെറുത്
- പച്ചമുളക് – 4 എണ്ണം
- മഞ്ഞൾപ്പൊടി
- ഉപ്പ്
- കറിവേപ്പില
- ജീരകം
- വെള്ളം
- എണ്ണ
- കടുക്
- വറ്റൽ മുളക്
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയെടുത്ത് അതിലേക്ക് ഒരു മീഡിയം സൈസ് പൈനാപ്പിളിന്റെ പകുതി എടുത്ത് ചെറിയ കഷ്ണങ്ങളാക്കിയത് ചേർത്തു കൊടുക്കാം. അതോടൊപ്പം പൈനാപ്പിൾ വേകാൻ ആവശ്യമായ വെള്ളം, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മൂന്ന് നാല് മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. വെന്തു വരുമ്പോൾ ഇതിലേക്ക് ഒരു ചെറിയ കഷ്ണം ശർക്കര ചേർത്തു കൊടുക്കാം. അതോടൊപ്പം ഒരു നേന്ത്രപ്പഴ ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ശേഷം ഇതിലേക്ക് പൈനാപ്പിൾ പേസ്റ്റ് പോലെ അരച്ചെടുത്തത് കാൽ കപ്പ് കൂടെ ചേർക്കാം. എന്നിട്ട് രണ്ട് മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.
ALSO READ: സദ്യയിലെ കറികളിലെ കേമൻ; ‘കൂട്ടുകറി’ തയ്യാറാക്കിയാലോ?
ഈ സമയം കൊണ്ട് അര കപ്പ് തേങ്ങ ചിരകിയത്, അര ടീസ്പൂൺ ജീരകം, മഞ്ഞപ്പൊടി കാൽ ടീസ്പൂൺ, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. കറിയിലെ വെള്ളം വറ്റി തുടങ്ങുമ്പോൾ ഈ പേസ്റ്റ് കൂടെ അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിക്കുക. ഇതോടൊപ്പം കുറച്ച് മുന്തിരി, നാല് പച്ചമുളക് നീളത്തിൽ അരിഞ്ഞത് എന്നിവ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തതിന് ശേഷം അടുപ്പിൽ നിന്നും വാങ്ങി മാറ്റി വയ്ക്കുക. അല്പം ചൂടാറിയതിന് ശേഷം ഇതിലേക്ക് ഒരു കപ്പ് കട്ട തൈര് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇനി മറ്റൊരു പാത്രം എടുത്ത് അതിലേക്ക് താളിക്കാനായി കുറച്ച് എണ്ണ, കടുക്, വറ്റൽ മുളക് എന്നിവ ചേർത്ത് ഒന്ന് ചൂടാക്കിയെടുക്കുക. ശേഷം ഇത് കറിയിലേക്ക് ചേർത്ത് കൊടുക്കാം. രുചികരമായ പൈനാപ്പിൾ പച്ചടി തയ്യാർ.