Onam 2024: സദ്യയിലെ കറികളിലെ കേമൻ; ‘കൂട്ടുകറി’ തയ്യാറാക്കിയാലോ?

Onam Sadhya Kootucurry Recipe: സദ്യയിലെ ഒരു പ്രധാന വിഭവമാണ് കൂട്ടുകറി. സദ്യക്ക് അധികം കറികളൊന്നും വെക്കുന്നിലെങ്കിലും കൂട്ടുകറി ഒഴിവാക്കാറില്ല. സ്വാദിഷ്ഠമായ കൂട്ടുകറി ഉണ്ടാകുന്നത് എങ്ങനെയെന്ന് നോക്കാം.

Onam 2024: സദ്യയിലെ കറികളിലെ കേമൻ; കൂട്ടുകറി തയ്യാറാക്കിയാലോ?
Updated On: 

29 Aug 2024 22:50 PM

സദ്യയിൽ സാമ്പാർ, അവിയൽ, പുളിയിഞ്ചി എന്നിവ പോലെത്തന്നെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് കൂട്ടുകറി. ചില പ്രദേശങ്ങളിൽ ഇവ കടലപ്പരിപ്പ് ഉപയോഗിച്ച് ആണ് ഉണ്ടാക്കുന്നതെങ്കിൽ മലബാർ ഭാഗത്തോട്ട് വരുമ്പോൾ കടലയാണ് ഉപയോഗിക്കുക. മലബാർ സ്റ്റൈൽ കൂട്ടുകറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

 

  1. ചേന – 1 കപ്പ്
  2. കുമ്പളങ്ങ – 1 കപ്പ്
  3. വെള്ളം – മുക്കാൽ കപ്പ്
  4. ഉപ്പ് – ഒരു ടീസ്പൂൺ
  5. മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  6. മുളക് പൊടി – അര ടീസ്പൂൺ
  7. കുരുമുളക് പൊടി – ഒരു നുള്ള്
  8. വാഴയ്ക്ക – ഒരു കപ്പ്
  9. കടല – ഒരു കപ്പ് (പകുതി വേവിച്ചത്)
  10. തേങ്ങ – 2 കപ്പ്
  11. ജീരകം – കാൽ ടീസ്പൂൺ
  12. ശർക്കര (നിർബന്ധമില്ല)
  13. കറിവേപ്പില
  14. വറ്റൽ മുളക്

 

തയ്യാറാക്കുന്ന വിധം

 

ഒരു പാത്രം എടുത്ത് അതിലേക്ക് ചേന , കുമ്പളങ്ങ, ആവശ്യത്തിന് വെള്ളം, അൽപ്പം ഉപ്പ്, മഞ്ഞൾപ്പൊടി, ഒരു നുള്ള് കുരുമുളക് പൊടി എന്നിവ ചേർത്ത് വേവിക്കാൻ വയ്ക്കുക. ഇവ മുക്കാൽ ഭാഗം വെന്തു കഴിയുമ്പോൾ ഇതിലേക്ക് ഒരു കപ്പ് വാഴയ്ക്കയും, പകുതി വേവിച്ചുവെച്ച കടലയും കൂടി ചേർത്ത് കൊടുക്കാം. കടല വേവിച്ച വെള്ളം ഉണ്ടെങ്കിൽ അതുകൂടി ഇതിലേക്ക് ചേർക്കാം, ഇല്ലെങ്കിൽ അൽപ്പം വെള്ളം ചേർത്തു കൊടുക്കുക. കൂട്ടുകറി ഒരുപാട് വെന്തുടയേണ്ട ആവശ്യമില്ല, അതുകൊണ്ട് പാകത്തിന് വേവിച്ചെടുക്കണം.

ഇവ വേകുന്ന സമയം കൊണ്ട് ഒരു മിക്സിയുടെ ജാറിൽ അര കപ്പ് തേങ്ങയും കാൽ ടീസ്പൂൺ ജീരകവും ചേർത്ത് അരച്ചെടുക്കുക. മഷി പരുവത്തിൽ അരച്ചെടുക്കരുത്, ഒന്ന് യോജിപ്പിക്കുന്ന തരത്തിൽ അരച്ചെടുത്താൽ മതി (ഒന്ന് പൾസ്‌ ചെയ്താൽ മതിയാകും). ആവശ്യമെങ്കിൽ അലപ്പം ശർക്കര പൊടിച്ചത് കൂടെ ചേർത്ത് കൊടുക്കാം. ഈ മിക്സും, കുറച്ച് കറിവേപ്പിലയും, ആവശ്യത്തിന് ഉപ്പും, വേവിച്ചെടുത്ത മിശ്രിതത്തിലേക്ക് ചേർത്ത് കൊടുത്തതിന് ശേഷം അവ അടുപ്പിൽ നിന്നും വാങ്ങി മാറ്റിവയ്ക്കുക.

ALSO READ: ഓലനും കാളനും ഇല്ലാതെ എന്ത് ഓണ സദ്യ; ഇതാ വിഭവങ്ങൾ തയാറാക്കാം

മറ്റൊരു ചട്ടിയെടുത്ത് അതിലേക്ക് ഒന്നര സ്പൂൺ എണ്ണ ചേർക്കുക. എണ്ണ ചൂടായി വരുമ്പോൾ മുക്കാൽ ടീസ്പൂൺ കടുക് ചേർക്കാം. കടുക് പൊട്ടുമ്പോൾ അൽപ്പം ജീരകം, ഒന്നര കപ്പ് തേങ്ങ (മിക്സിയിൽ ഒന്ന് ചെറുതായി അരച്ചെടുത്തത്) കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് കൊടുക്കുക. ഇവ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ ഇതിലേക്ക് കുറച്ച് വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർത്ത് അടുപ്പിൽ നിന്നും വാങ്ങാം. ഇനി ഈ മിശ്രിതം ആദ്യം തയ്യാറാക്കിവെച്ച മിക്സിലേക്ക് ചേർത്തു കൊടുക്കാം. എന്നിട്ട് അഞ്ച് മിനിറ്റ് ചട്ടി മൂടിവയ്ക്കുക. ശേഷം ഇവ നന്നായി മിക്സ് ചെയ്ത് വിളമ്പാം. സ്വാദിഷ്ഠമായ കൂട്ടുകറി തയ്യാർ.

നല്ല ഉറക്കത്തിന് മത്തങ്ങ വിത്തുകൾ
ദേഷ്യം കുറയ്ക്കാന്‍ ഈ പൂവുകള്‍ നിങ്ങളെ സഹായിക്കും
എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്