5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: സദ്യക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബീറ്റ്റൂട്ട് പച്ചടി ആയാലോ?

How to Make Beetroot Pachadi: പല തരം പച്ചടികൾ നമ്മൾ സദ്യക്ക് വിളമ്പാറുണ്ട്. വെള്ളരിക്ക പച്ചടി, പൈനാപ്പിൾ പച്ചടി, പാവയ്ക്ക പച്ചടി, ബീറ്റ്റൂട്ട് പച്ചടി എന്നിങ്ങനെ പലതരം പച്ചടികളുണ്ട്. ഈ തിരുവോണത്തിന് നമുക്ക് സ്വാദിഷ്ഠമായ ബീറ്റ്റൂട്ട് പച്ചടി തയ്യാറാക്കിയാലോ?.

Onam 2024: സദ്യക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബീറ്റ്റൂട്ട് പച്ചടി ആയാലോ?
ബീറ്റ്റൂട്ട് പച്ചടി (Image Courtesy: Pinterest)
nandha-das
Nandha Das | Updated On: 31 Aug 2024 21:43 PM

സദ്യയെ കളർഫുൾ ആക്കുന്ന ബീറ്റ്റൂട്ട് പച്ചടി പലയിടത്തും ബീറ്റ്റൂട്ട് കിച്ചടി എന്നും അറിയപ്പെടുന്നു. നല്ല രുചിയും നിറവുമുള്ള ഈ കറി ഉണ്ടാക്കാനും എളുപ്പമാണ്. കൂടാതെ നല്ല ആരോഗ്യഗുണമുള്ള ഒരു കറി കൂടിയാണിത്. വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് സ്വാദിഷ്ടമായ ബീറ്റ്റൂട്ട് പച്ചടി തയ്യാറാകുന്നത് എങ്ങനെയെന്ന് നോക്കാം.

 

ആവശ്യമായ ചേരുവകൾ

  1. ബീറ്റ്റൂട്ട് – 2 എണ്ണം
  2. തേങ്ങ ചിരകിയത് – അര കപ്പ്
  3. ജീരകം
  4. കടുക്
  5. ഇഞ്ചി
  6. പച്ചമുളക്
  7. ഉപ്പ്
  8. വെളിച്ചെണ്ണ
  9. വറ്റൽ മുളക്
  10. കടുക്
  11. കറിവേപ്പില
  12. വെള്ളം

 

തയ്യാറാക്കുന്ന വിധം

 

ഒരു മൺചട്ടി എടുത്ത് അതിലേക്ക് രണ്ട്‌ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് ചേർത്തു കൊടുക്കാം. അതിലേക്ക് ആവശ്യത്തിന് ഉപ്പും ബീറ്റ്റൂട്ട് വെന്തുകിട്ടാൻ ആവശ്യമായ വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ശേഷം ചട്ടി മൂടിവെച്ച് മീഡിയം ഫ്ലെയിമിലിട്ട് വേവിക്കാൻ വയ്ക്കുക. ഇത് വെന്തു വരുന്ന നേരം കൊണ്ട് ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത്, കാൽ ടീസ്പൂൺ ജീരകം, കാൽ ടീസ്പൂൺ കടുക്, ചെറിയ കഷ്ണം ഇഞ്ചി, ഒരു പച്ചമുളക്, അര കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. വേവിക്കാൻ വെച്ച ബീറ്റ്‌റൂട്ടിലെ വെള്ളം വറ്റി പാകമായി തുടങ്ങുമ്പോൾ തേങ്ങ അരച്ച കൂട്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തേങ്ങ കൂട്ട് വെന്ത് കിട്ടാനായി 2 മിനിറ്റ് തുറന്ന് വെച്ച് വേവിക്കുക.

ALSO READ: തിരുവോണത്തിന് ഈ രീതിയിലൊരു പൈനാപ്പിൾ പച്ചടി ഉണ്ടാക്കി നോക്കിയാലോ?

ശേഷം ഫ്ലെയിം ഓഫ് ചെയ്തു ചൂടാറാൻ വയ്ക്കുക. ചെറുതായൊന്ന് ചൂടാറിക്കഴിയുമ്പോൾ ഇതിലേക്ക് 1 കപ്പ് കട്ട തൈരുടച്ചത് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി താളിച്ച് ചേർക്കാനായി മറ്റൊരു പാത്രത്തിൽ ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കാൻ വയ്ക്കുക. ചൂടായി വരുമ്പോൾ കടുക് ചേർത്ത്, കടുക് പൊട്ടി തുടങ്ങുമ്പോൾ രണ്ട്‌ വറ്റൽ മുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ താളിച്ച കൂട്ട് ബീറ്റ്റൂട്ട് പച്ചടിയിലേക്ക് ചേർത്തു കൊടുക്കാം. രുചികരമായ ബീറ്റ്റൂട്ട് പച്ചടി തയ്യാർ.

Latest News