Lenacapavir HIV Drug : എയിഡ്സിനെതിരായ ലെനകാപവീർ മരുന്നിന് എഫ്ഡിഎ അംഗീകാരം; നിർണായക നേട്ടമെന്ന് വിലയിരുത്തൽ
Lenacapavir HIV Drug Receives FDA Approval : എച്ച്ഐവിയ്ക്കെതിരായ ലെനകാപവീർ മരുന്നിന് എഫ്ഡിഎ അംഗീകാരം. സയൻസ് മാഗസിൻ 'ബ്രേക്ക് ത്രൂ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്ത മരുന്നായിരുന്നു ഇത്. എച്ച്ഐവിക്കെതിരെ ഇൻജക്ട് ചെയ്യാവുന്ന മരുന്നാണ് ലെനകാപവീർ.
എച്ച്ഐവി ബാധയ്ക്കെതിരെ ഈ വർഷം കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട മരുന്നായിരുന്നു ലെനകാപവീർ. ഈ മരുന്നിന് യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അഥവാ എഫ്ഡിഎ അംഗീകാരം നൽകി. എച്ച്ഐവിക്കെതിരെ ഇൻജക്ട് ചെയ്യാവുന്ന മരുന്നാണ് ലെനകാപവീർ. ഓരോ ഷോട്ടിനും എയിഡ്സിൽ നിന്ന് ആറ് മാസത്തോളം പ്രതിരോധം ലഭിക്കും. ‘ബ്രേക്ക് ത്രൂ ഓഫ് ദി ഇയർ’ ആയി ‘സയൻസ്’ മാഗസിൻ തിരഞ്ഞെടുത്തത് ഈ മരുന്നിനെയായിരുന്നു.
എയിഡ്സിനെതിരായ പോരാട്ടത്തിൽ ഈ കണ്ടുപിടുത്തം വളരെ നിർണായകമായ കാൽവെപ്പാണെന്ന് മാഗസിൻ വിലയിരുത്തി. ലെനകാപവീർ ലോകവ്യാപകമായുള്ള എയ്ഡ്സ് രോഗബാധയിൽ ഗണ്യമായ കുറവ് വരുത്തുമെന്ന് പല ഗവേഷകരും കരുതുന്നുണ്ടെന്നും മാഗസിൽ പറഞ്ഞു. ശരിയായ രീതിയിൽ ചെയ്യാനായാൽ ഈ മരുന്നിന് വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയുമെന്ന് യൂണിവേഴ്സിറ്റി ഓഫ് കേപ്ടൗണിലെ പകർച്ചവ്യാധി സ്പെഷ്യലിസ്റ്റ് ലിൻഡ – ഗെയിൽ ബേക്കർ പറഞ്ഞു.
പതിറ്റാണ്ടുകൾ നീണ്ട ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ എയിഡ്സിന് ഫലപ്രദമായ പരിപാരം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. 10 ലക്ഷത്തിലധികം പേരാണ് ലോകവ്യാപകമായി ഒരു വർഷം എയിഡ്സ് ബാധിതരാവുന്നത്. ജനിതകമായി പുരുഷന്മാരായ ആളുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സിസ്ജെൻഡർ സ്ത്രീപുരുഷന്മാരിലും ട്രാൻസ്‌വിമൻ, ജെൻഡർ നോൺ ബൈനറി ആളുകൾക്കിടയിലും പകരുന്ന എയിഡ്സിന് ലെൻ എന്ന പേരിലുള്ള മരുന്ന് ഒരു പരിധിവരെ പരിഹാരമായിരുന്നു. വർഷത്തിൽ രണ്ട് തവണയാണ് ഇത് ഇൻജക്ട് ചെയ്യേണ്ടിയിരുന്നത്. ഇതിനെക്കാൾ ഫലപ്രദമാണ് ലെനകാപവീർ. ലൈംഗികബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി രോഗബാധയ്ക്ക് ഈ മരുന്ന് വളരെ ഫലപ്രദമാണെന്ന് ക്ലിനിക്കൽ ട്രയൽസ് തെളിയിച്ചിരുന്നു.
Also Read : Respiratory Health: ശ്വാസകോശത്തിനുണ്ടാകുന്ന പരിക്കുകൾ വ്യായാമത്തിലൂടെ മാറുമോ? ചെയ്യേണ്ടത് എന്താണ്…
‘ആഫ്രിക്കയിലെ യുവതീയുവാക്കളിൽ നടത്തിയ ക്ലിനിക്കൽ ട്രയലുകളിൽ മികച്ച ഫലങ്ങളാണ് കണ്ടെത്തിയത്. ഈ മരുന്ന് ഇവരിലെ എച്ച്ഐവി രോഗബാധ പൂജ്യമാക്കി കുറച്ചു എന്നാണ് ക്ലിനിക്കൽ ട്രയൽസിൽ കണ്ടെത്തിയത്. 100 ശതമാനമായിരുന്നു കാര്യക്ഷമത. പിന്നീട് നാല് ഭൂഖണ്ഡങ്ങളിലായി പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ള വിവിധ ജെൻഡർ ആളുകളിൽ നടത്തിയ ക്ലിനിക്കൽ ട്രയൽസിൽ 99.9 ശതമാനം കാര്യക്ഷമതയും ലഭിച്ചു. 2025 മധ്യം വരെ ഈ മരുന്നിന് അംഗീകാരം പ്രതീക്ഷിച്ചിരുന്നില്ല. യുഎൻഎയിഡ്സിൻ്റെ ലക്ഷ്യത്തിലേക്ക് പൂർണമായും എത്താൻ ഈ മരുന്നിന് നിലവിൽ കഴിയില്ല. എന്നാൽ, എച്ച്ഐവി ബാധയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ സംരക്ഷിക്കാൻ ലെനകാപവീറിന് കഴിയും.’- സയൻസ് മാഗസിൻ കുറിച്ചു.
ലോകാരോഗ്യസംഘടനയുടെ പ്രതികരണമനുസരിച്ച്, ലെനകാപവീറിൽ നടത്തിയ രണ്ട് ക്ലിനിക്കൽ ട്രയൽസുകൾ ലോകവ്യാപകമായി എച്ച്ഐവി ബാധയെ പ്രതിരോധിക്കാൻ ഏറെ സഹായകമാവും. മറ്റ് തരം മരുന്നുകൾ കഴിക്കുന്നവർക്ക് ലെനകാപവീർ ഉപയോഗിക്കുമ്പോൾ അതിൻ്റെ വ്യത്യാസം കൃത്യമായി മനസിലാക്കാനാവും. വായിലൂടെ കഴിക്കുന്ന മരുന്നുകൾ കാരണമുണ്ടാവുന്ന പല ബുദ്ധിമുട്ടുകളും ലെനകാപവീർ ഉപയോഗിക്കുന്നതിൽ ഉണ്ടാവില്ല എന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഗുളികകൾ കഴിക്കുമ്പോഴുണ്ടാവുന്ന ക്ഷീണം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ലെനകാപവീർ ഉപയോഗത്തിലൂടെ മാറ്റാനാവുമെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു. വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും നിർണായകമായ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് ഇതെന്നാണ് നിരീക്ഷണം.