Abdominal Obesity: ഇത് റെക്കോര്‍ഡല്ല മക്കളേ; അടിവയറ്റില്‍ കൊഴുപ്പടിയുന്നു, കേരളം ഒന്നാം സ്ഥാനത്ത്
Unhealthy Diet: പൊണ്ണത്തടിയെ വളരെ ഗൗരവമുള്ള വിഷയമായി ആഗോളതലത്തില്‍ പോലും പരിഗണിക്കുമ്പോള്‍ ഇന്ത്യക്കാര്‍ അതിനെതിരെ പോരാടേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് സൗമ്യ പറഞ്ഞു. പ്രമേഹം, കാന്‍സര്‍, രക്തസമ്മര്‍ദം, മറ്റ് സാംക്രമികേതര രോഗങ്ങള്‍ എന്നിവയുടെ തുടക്കമായിട്ടാണ് പൊണ്ണത്തടിയെ കണക്കാക്കുന്നത്.
തെറ്റായ ഭക്ഷണ രീതിയാണ് പിന്തുടരുന്നതെന്ന് നമ്മളില്‍ പലര്‍ക്കുമറിയാം. എങ്കിലും ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാനോ വ്യായാമം ചെയ്യാനും ആരു ശ്രമിക്കുന്നില്ല. തെറ്റായ ഭക്ഷണ രീതിയും വ്യായാമക്കുറവും കാരണം ഇന്ത്യക്കാരില്‍ അടിവയറ്റിലെ കൊഴുപ്പ് കൂടുന്നുവെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്. ഭക്ഷണരീതിയും അതോടൊപ്പം ശരീരത്തിന് കായികാധ്വാനം നല്‍കാത്തതുമാണ് ഇന്ത്യക്കാരില്‍ കൊഴുപ്പ് കൂടുന്നതിന് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയിലെ മുന്‍ സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറയുന്നത്.
പൊണ്ണത്തടിയെ വളരെ ഗൗരവമുള്ള വിഷയമായി ആഗോളതലത്തില്‍ പോലും പരിഗണിക്കുമ്പോള്‍ ഇന്ത്യക്കാര്‍ അതിനെതിരെ പോരാടേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് സൗമ്യ പറഞ്ഞു. പ്രമേഹം, കാന്‍സര്‍, രക്തസമ്മര്‍ദം, മറ്റ് സാംക്രമികേതര രോഗങ്ങള്‍ എന്നിവയുടെ തുടക്കമായിട്ടാണ് പൊണ്ണത്തടിയെ കണക്കാക്കുന്നത്.
Also Read: Health tips: നാരകത്തില മുതൽ വെറ്റില വരെ… ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ ഇവയെല്ലാം
തെറ്റായ ഭക്ഷണക്രമത്തോടൊപ്പം ശരീരത്തിന് ആവശ്യമായ വ്യായാമം നല്‍കാത്തതും പൊണ്ണത്തടിക്കും അടിവയറ്റിലും അരക്കെട്ടതിന് ചുറ്റിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നതായി സൗമ്യ പറയുന്നു. പോഷകാഹാര അവബോധം, ആരോഗ്യകരമായ ഭക്ഷണരീതികള്‍, അവശ്യമായ വ്യായാമത്തിനുള്ള സ്ഥലവും സാഹചര്യവും, ശരീരത്തെ കുറിച്ചുള്ള അറിവ് എന്നിവ വളരെ പ്രധാനപ്പെട്ടതാണെന്ന് സൗമ്യ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടി പൊണ്ണത്തടിയാകുന്നത് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ്. നാല്‍പത് ശതമാനം സ്ത്രീകള്‍ക്കും പൊണ്ണത്തടിയുണ്ടാകുമ്പോള്‍ പുരുഷന്മാരില്‍ അത് 12 ശതമാനമാണ്. 30 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള പത്തില്‍ ആറ് സ്ത്രീകളിലും അടിവയറ്റില്‍ കൊഴുപ്പുണ്ട്. മാംസാഹാരം കൂടുതലായി കഴിക്കുന്നവരിലും മുതിര്‍ന്ന സ്ത്രീകളിലുമാണ് അടിവയറ്റില്‍ കൊഴുപ്പ് ധാരാളമായി കാണുന്നത്. നിലവില്‍ നഗരപ്രദേശങ്ങളില്‍ ഉള്ളവരില്‍ പൊണ്ണത്തടി കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും ഗ്രാമങ്ങളിലെ സ്ത്രീകളിലും ഈ അവസ്ഥ കൂടി വരുന്നുണ്ടെന്നാണ് ദ ലാന്‍സെറ്റ് റീജീയണല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
മാത്രമല്ല, ആരോഗ്യകരമായ ബോഡി മാസ് ഇന്‍ഡക്‌സ് ഉള്ളവരിലും അടിവയറ്റിലെ പൊണ്ണത്തടി കണ്ടുവരുന്നതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അടിവയറ്റില്‍ പൊണ്ണത്തടിയുണ്ടാകുന്നതില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്. 65.4 ശതമാനം പേര്‍ക്കാണ് കേരളത്തില്‍ അടിവയറില്‍ പൊണ്ണത്തടിയുള്ളത്. കേരളത്തിന് പിന്നാലെ പഞ്ചാബ് (62.5), തമിഴ്‌നാട് (57.9), ഡല്‍ഹി (59) എന്നീ സംസ്ഥാനങ്ങളുമുണ്ട്.