Youth Stabbed on New Year: ഹാപ്പി ന്യൂ ഇയർ പറഞ്ഞില്ല; പുതുവത്സരാഘോഷത്തിനിടെ യുവാവിന് കുത്തേറ്റത് 24 തവണ
Youth got stabbed 24 times in Thirssur on New Year Eve: പുതുവത്സരാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം കരകയറുന്നതിന് മുൻപാണ് അടുത്ത സംഭവം ഉണ്ടായിരിക്കുന്നത്.
തൃശ്ശൂർ: ന്യൂ ഇയർ ആശംസിക്കാത്തതിന്റെ പേരിൽ തൃശൂരിൽ യുവാവിന് കുത്തേറ്റു. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹത്താകെ 24 തവണയോളം കുത്തേറ്റിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാഫിയാണ് യുവാവിനെ കുത്തിയത്. പുതുവത്സരാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം കരകയറുന്നതിന് മുൻപാണ് അടുത്ത സംഭവം ഉണ്ടായിരിക്കുന്നത്.
സുഹൈബും നാല് സുഹൃത്തുക്കളും ചെറുതുരുത്തിയില്‍ നിന്ന് ഗാനമേള കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് മുള്ളൂര്‍ക്കരയിലെ ഒരു ബസ് സ്റ്റോപ്പിൽ കയറുന്നത്. അതെ സമയം അവിടേക്ക് ഷാഫിയും സുഹൃത്തുക്കളും എത്തിയിരുന്നു. തുടർന്ന്, ഇവരോട് പുതുവർഷാശംസകൾ നേരുകയും ചെയ്തു. എന്നാൽ, സുഹൈബും സുഹൃത്തുക്കളും തിരിച്ചു പറഞ്ഞില്ല. ഇതിനെ തുടർന്നാണ് ഇരുകൂട്ടരും തമ്മിൽ തർക്കം ഉടലെടുക്കുന്നത്. ഈ തർക്കത്തിനിടെ ആണ് സുഹൈബിന് കുത്തേൽക്കുന്നത് എന്നാണ് നിഗമനം.
ALSO READ: പുതുവത്സര രാത്രിയിൽ തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു ; 14 വയസുകാരൻ പൊലീസ് കസ്റ്റഡിയിൽ
അതേസമയം, പുതുവത്സരാഘോഷത്തിനിടെ തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നിരുന്നു. പുതുവത്സര രാത്രിയിൽ തൃശൂർ നഗരത്തിലെ പാലസ് റോഡിന് സമീപത്ത് വെച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. തൃശ്ശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിൻ (30) ആണ് മരിച്ചത്. പതിനഞ്ചും പതിനാറും വയസ് പ്രായമുള്ള കുട്ടികളാണ് യുവാവിനെ കുത്തിയത്. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. പ്രതികൾ പ്രായപൂർത്തിയാകാത്തത് കൊണ്ട് തന്നെ ഇവരെ ജുവെെനൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കും. ഇവർ ഇരുവരും നഗരത്തിലെ സ്കൂളിൽ 9-ാം ക്ലാസിലും 10-ാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികളാണ്.
ചൊവ്വാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം. പാറമേക്കാവിന് സമീപത്തുള്ള തേക്കിൻകാട് മെെതാനത്ത് കുട്ടികൾ ഇരിക്കുന്നതിനിടെ ഇവരുടെ അടുത്തേക്ക് ലിവിൻ വരികയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതോടെ കൈയിൽ ഉണ്ടായിരുന്ന കത്തി എടുത്ത് കുട്ടികൾ ലിവിനെ കുത്തി. പരിസരത്ത് ഉണ്ടായിരുന്ന ആളുകൾ വിവരം അറിയിച്ചതിനെ തുടർന്നാണ് ഈസ്റ്റ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. പുതുവത്സര രാത്രി ആയതിനാൽ കുട്ടികൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. കുട്ടികളുടെ ഒറ്റ കുത്തിന് ലിവിൻ കൊല്ലപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, മദ്യലഹരിയിൽ ആയിരുന്ന യുവാവ് തങ്ങളെ അക്രമിച്ചതിനെ തുടർന്നാണ് കുത്തിയതെന്ന് പോലീസിനോട് പതിനാറുകാരൻ പറഞ്ഞു.