NDPS Act: കഞ്ചാവ് കേസിൽ വധശിക്ഷ വരെ കിട്ടാം, 30 വർഷം വരെ തടവ്; രക്ഷപെടാനും എളുപ്പം
Legal Consequences of Cannabis Possession: ഒരു വര്‍ഷം മുതല്‍ മുപ്പത് വര്‍ഷം വരെ തടവും പതിനായിരം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്. ഇതിനു പുറമെ വധശിക്ഷ വരെ എന്‍ഡിപിഎസ് നിയമത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് തൃശൂരിൽ യുവാവിനെ പതിനഞ്ചും പതിനാറും വയസുള്ള കുട്ടികൾ കുത്തികൊലപ്പെടുത്തിയത്. ഇവർ ലഹരിക്ക് അടിമകളെന്നാണ് പിന്നീട് പോലീസ് പറഞ്ഞത്. സംഭവം വിരൽ ചൂണ്ടുന്നത് സംസ്ഥാനത്ത് ലഹരി വിൽപ്പനയും അതിന്റെ ഉപയോഗവും വര്‍ധിച്ചുവരുന്നുവെന്നുമാണ്. ദിനം പ്രതി നിരവധി കേസുകളാണ് ലഹരി ഉപയോഗത്തിന്റേയും ലഹരി മരുന്ന് വില്‍പ്പനയുടേയും പേരിൽ രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ രാജ്യത്ത് ഇതിനെതിരെ ശക്തമായ നിയമവ്യവസ്ഥകളാണ് നിലകൊള്ളുന്നത്. എന്‍.ഡി.പി.എസ്. അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് ആക്ട്(ഇന്ത്യ) 1985 പ്രകാരമാണ് ഇത്തരത്തിലുള്ള ലഹരി മരുന്ന് ഇടപാട് കേസുകളില്‍ രാജ്യത്ത് കേസെടുക്കുന്നത്. കേന്ദ്ര നിയമം ആയതിനാൽ തന്നെ ഇത് തന്നെയാണ് സംസ്ഥാനങ്ങളും പിന്തുടരുന്നത്. അതായത് സംസ്ഥാനത്തിന് പ്രത്യേക നിയമമില്ല. കർശന വ്യവസ്തകളാണ് ഈ നിയമം മുന്നോട്ട് വെക്കുന്നത്.
ഒരു വര്‍ഷം മുതല്‍ മുപ്പത് വര്‍ഷം വരെ തടവും പതിനായിരം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്. ഇതിനു പുറമെ വധശിക്ഷ വരെ എന്‍ഡിപിഎസ് നിയമത്തില്‍ പറയുന്നുണ്ട്. എന്നാൽ ഇതിൽ ധാരാളം പഴുതുകളുള്ളത് പ്രതികൾക്ക് സംരക്ഷണം നൽകുന്നു. 2015-ലാണ് നിയമം ഭേദഗതി ചെയ്തത്. ശിക്ഷയ്ക്കു പുറമെ മയക്കുമരുന്നിനെ ആശ്രയിക്കുന്ന ആളുകള്‍ക്ക് ചികിത്സയും പരിചരണവും മെച്ചപ്പെടുത്തുന്നതിനും പിടിച്ചെടുത്തവ സംസ്‌ക്കരിക്കുന്നതിനും മയക്കുമരുന്ന് കടത്ത് ആരോപണവിധേയരായ വ്യക്തികളുടെ സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: മലയാളി ഇങ്ങനെ പൊളിക്കണോ! പുതുവത്സരത്തില്‍ കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന
എൻഡിപിഎസ് (നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് ആക്ട്)
1985-ലാണ് രാജ്യത്ത് എൻഡിപിഎസ് ആക്ട് നിലവിൽ വന്നത്. മയക്കുമരുന്ന് നിര്‍മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവില്‍ വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവന്നതിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്. ഇതിനു പുറമെ ലഹരിയ്ക്ക് അടിമപ്പെട്ട ഒരാൾക്ക് സംരക്ഷണം നൽകാനും ആക്ടിലെ സെക്ഷന്‍ 64.എ യില്‍ പറയുന്നുണ്ട്. എന്നാൽ ഇതിനുള്ള അധികാരം കോടതിക്ക് മാത്രമാണ്. ലഹരിക്ക് അടിമപ്പെട്ടയൊരാൾ ലഹരിവിമുക്ത ചികിത്സയ്ക്ക് തയ്യാറാണെന്ന് സമ്മതിച്ചാല്‍ മാത്രമാണ് നിയമപരിരക്ഷ ലഭിക്കുക. ഇത് കൂടാതെ ഇയാളുടെ കൈയിലുള്ളത് ചെറിയ അളവില്‍ ആണെങ്കിൽ മാത്രമാണ് ഇത്തരത്തിലുള്ള പരിരക്ഷ ലഭിക്കുന്നത്.
എന്‍.ഡി.പി.എസ്. ആക്ടിന്റെ കീഴിൽ വരുന്ന കേസുകളുടെ സ്വഭാവം അനുസരിച്ചിട്ടാണ് ശിക്ഷ നടപടികൾ തീരുമാനിക്കുന്നത്. അതായത് കേസിന്റെ ഗൗരവം അനുസരിച്ച് ശിക്ഷയുടെ കാഠിന്യവും കൂടും. ഇത്തരം കേസുകളിൽ ഏറ്റവും വലിയ ശിക്ഷ വധശിക്ഷ തന്നെയാണ്. മയക്കുമരുന്ന് വലിയ അളവില്‍ വിപണനത്തിന് ഉപയോഗിക്കുന്നവര്‍ക്കാണ് വധശിക്ഷ പോലും കിട്ടാവുന്ന കുറ്റമായി കണക്കാക്കുക. നിരോധിക്കപ്പെട്ട മയക്കുമരുന്ന് ഉപയോഗിക്കുക മാത്രം ചെയ്തവര്‍ക്ക് ആക്ട് അനുസരിച്ച് ജാമ്യം നല്‍കുവാനും സാധ്യതയുണ്ട്. പക്ഷേ ഇതിലും വ്യവസ്ഥിതി പറയുന്നുണ്ട്. ഉപയോഗിച്ചയാൾക്ക് വ്യാപാരവുമായി ബന്ധമില്ലെങ്കിൽ മാത്രമാണ് ജാമ്യം ലഭിക്കുക. എന്നാൽ ഇതിന് കോടതിയില്‍ ബോണ്ട് ഉള്‍പ്പെടെ സമര്‍പ്പിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ പിടിക്കപ്പെടുന്ന ലഹരിമരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കുന്നതടക്കമുള്ള നടപടികള്‍. പലപ്പോഴും നിയമത്തിലുള്ള പഴുതുകള്‍ മൂലം കുറ്റവാളികൾക്ക് ചെറിയ ശിക്ഷയോ രക്ഷപ്പെടാനോ കാരണമാകാറുണ്ട്.
ശിക്ഷ രീതി എങ്ങനെ
ആദ്യം പറഞ്ഞത് പോലെ പിടിച്ചെടുക്കുന്ന മയക്കുമരുന്നിന്റെ അളവനുസരിച്ചാണ് ശിക്ഷ നടപടി. ഇത് പ്രകാരം മയക്കു മരുന്നുകളുടെ അളവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷകള്‍ മൂന്നു തരത്തില്‍ വിഭജിച്ചിട്ടുണ്ട്. സ്മോൾ, മീഡിയം, കമേഷ്യൽ എന്നിങ്ങനെയാണ് വേർതിരിച്ചിരിക്കുന്നത്. ഈ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഓരോ ലഹരിമരുന്നിന്റെയും അളവ് വ്യത്യസ്തമാണ്. ഉദാഹരണത്തിന് കഞ്ചാവിന്റെ കാര്യമെടുത്താൽ ഒരു കിലോവരെ സ്മോൾ വിഭാഗത്തിലാണ്. 20 കിലോവരെ മീഡിയം. 20ന് മുകളിൽ കമേഷ്യൽ. ഹഷീഷ് ഓയിലാണെങ്കിൽ ഒരു കിലോയ്ക്ക് മുകളിൽ കമേഷ്യൽ ആണ്. എംഡിഎംഎ ആണെങ്കിൽ പത്തുഗ്രാമിന് മുകളിലാണ് കമേഷ്യൽ.
ഇതിൽ ഒരു കിലോ കഞ്ചാവ് കൈവശം വച്ചാൽ ഒരു വർഷം വരെ തടവും 10,000 രൂപയുമാണു പിഴ. ഒരു കിലോയ്ക്ക് മുകളിൽ ആണെങ്കിൽ 10 കൊല്ലം വരെ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. 20 കിലേയ്ക്ക് മുകളിലാണെങ്കിൽ 20 കൊല്ലം തടവും രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കും. എന്നാൽ ഇതിലെ മറ്റൊരു ഞെട്ടിക്കുന്ന കാര്യം ഏത് അളവിൽ കഞ്ചാവ് പിടിച്ചാലും ജാമ്യം നൽകാൻ എൻഡിപിഎസ് അനുസരിച്ച് വ്യവസ്ഥയില്ല. പക്ഷേ ചെറിയ അളവിലുള്ള കഞ്ചാവാണെങ്കിൽ ചില കോടതികളും ഉദ്യോഗസ്ഥരും ജാമ്യം നൽകുന്ന രീതിയുണ്ട്. എന്നാൽ ഇത്തരത്തിൽ ജാമ്യം കോടുത്തതിന്റെ പേരിൽ ചില കോടതികൾ ഉദ്യോഗസ്ഥർക്ക് മെമ്മോ കൊടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
എൻഡിപിഎസിലെ സെക്ഷന്‍ 27 അനുസരിച്ച് കൊക്കെയ്ന്‍, മോര്‍ഫിന്‍, ഡയസെറ്റൈല്‍മോര്‍ഫിന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ലഹരി പദാര്‍ഥമാണ് ഉപയോഗിക്കുന്നതെങ്കിൽ ‘ഒരു വര്‍ഷം വരെ കഠിനതടവ് അല്ലെങ്കില്‍ ഇരുപതിനായിരം രൂപ വരെ പിഴയോടു കൂടിയ കഠിന തടവ് ലഭിക്കും ഇതിൽ പെടാത്ത ഏതെങ്കിലും മയക്കുമരുന്ന് ആണ് കണ്ടെടുക്കുന്നത് എങ്കില്‍ ആറു മാസത്തെ തടവും 10,000 രൂപ വരെയുള്ള പിഴയും പ്രതിയില്‍ നിന്ന് ഈടാക്കാവുന്നതാണ്.