MEC 7: എന്താണ് മെക് സെവന്‍, മെക് 7 എങ്ങനെയാണ് ഒരു രാഷ്ട്രീയ വിഷയമായി; ആരാണിതിന് പിന്നില്‍?
What is MEC-7: ചുരുങ്ങിയ കാലയളവിനുള്ളിൽ വടക്കന്‍ ജില്ലകളിലെ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ഒരു സാമൂഹ്യ വിഭാഗത്തിനിടയില്‍ വലിയ പ്രചാരം നേടിയ മെക് സെവന്‍ എങ്ങനെയാണ് ഒരു രാഷ്ട്രീയ വിഷയമായത്. എന്താണ് മെക് സെവന്‍, ആരൊക്കെയാണ് ഈ കൂട്ടായ്മയുടെ ഭാഗം. എന്താണ് ഈ കൂട്ടായ്മയെ ചുറ്റിപ്പറ്റിയുള്ള വിവാദം. പരിശോധിക്കാം.
മലയാളികൾക്കിടയിൽ കഴിഞ്ഞ കുറച്ച് നാളുകളായുള്ള ചർച്ചാവിഷയമാണ് മെക് സെവൻ. മലബാറിലെ ഗ്രാമങ്ങളിൽ ആരംഭിച്ച ഒരു വ്യായാമ പരിശീലന കൂട്ടായ്മയാണ് ഇത്. എന്നാൽ ഇന്ന് ഇത് കേരളം മുഴുവൻ ചൂടുള്ള ചര്‍ച്ചാ വിഷയമാണ്. വിവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും നിറഞ്ഞതോടെയാണ് ഇത് കൂടുതൽ പ്രചാരമായത്. ചുരുങ്ങിയ കാലയളവിനുള്ളിൽ വടക്കന്‍ ജില്ലകളിലെ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ഒരു സാമൂഹ്യ വിഭാഗത്തിനിടയില്‍ വലിയ പ്രചാരം നേടിയ മെക് സെവന്‍ എങ്ങനെയാണ് ഒരു രാഷ്ട്രീയ വിഷയമായത്. എന്താണ് മെക് സെവന്‍, ആരൊക്കെയാണ് ഈ കൂട്ടായ്മയുടെ ഭാഗം. എന്താണ് ഈ കൂട്ടായ്മയെ ചുറ്റിപ്പറ്റിയുള്ള വിവാദം. പരിശോധിക്കാം.
എന്താണ് മെക് 7 ?
മെക് 7 (MEC 7) എന്നത് ആദ്യം സൂചിപ്പിച്ചത് പോലെ തന്നെ ഒരു വ്യായാമ പരിശീലന കൂട്ടായ്മയാണ്. മൾട്ടി എക്‌സർസൈസ് കോമ്പിനേഷൻ എന്നതാണ് മെക് സെവന്റെ പൂർണ്ണരൂപം. തനിച്ച് വ്യായാമങ്ങളെക്കാള്‍ ഒരുമിച്ച് സന്തോഷിച്ചും ചിരിച്ചും ആരോഗ്യം സംരക്ഷിക്കുക എന്നതാണ് മെക് 7 കൂട്ടായ്മ ലക്ഷ്യമിടുന്നത്. ഏയ്റോബിക്സ്, ലളിത വ്യായാമങ്ങൾ, യോഗ, ധ്യാനം, അക്യുപ്രഷർ, ശ്വസന വ്യായാമങ്ങൾ, മുഖ മസാജ് എന്നിങ്ങനെ ഏഴ് വിഭാഗത്തിലുള്ള വ്യായാമങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ഏഴ് വിഭാഗങ്ങളിൽ നിന്നുള്ള 21 തരം വ്യായാമങ്ങൾ 21 മിനിറ്റിനുള്ളിൽ ചെയ്യുന്നു. ഇത് ഈ സമയത്തിനുള്ളിൽ ഏകദേശം 1750 ശാരീരിക ചലനങ്ങൾ ഉറപ്പാക്കുന്നു, കൂടാതെ ഒരു ഗ്രൂപ്പിനൊപ്പം ചെയ്യുമ്പോഴാണ് ഇത് ഏറ്റവും രസകരമാകുന്നത്. ഏത് പ്രായത്തിലുമുള്ള വ്യക്തിക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുമെന്നതാണ് മെക് സെവന്റെ പ്രത്യേകത. 40 വയസ്സിനു മുകളിലുള്ളവർക്ക് വെറും അരമണിക്കൂർ കൊണ്ട് എളുപ്പത്തിൽ ചെയ്യാനാകുന്നതുമായ വ്യായാമ മുറകളാണ് ഇതില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൊണ്ട് തന്നെയാകണം ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത് വലിയ രീതിയിൽ വിജയിക്കാൻ കാരണമായത്. ഓരോ ക്ലബ് അംഗവും താൻ പരിശീലിക്കുന്നത് കുടുംബാംഗങ്ങളെയും പരിശീലിപ്പിക്കണം, പക്ഷാഘാതം വന്ന രോഗികളെ സന്ദർശിക്കുകയും രോഗികളെക്കൊണ്ട് കഴിയുന്ന വ്യായാമം ചെയ്യിപ്പിക്കണം തുടങ്ങി നിരവധി നിർദേശങ്ങൾ കൂട്ടായ്മ മുന്നോട്ട് വയ്ക്കുന്നുണ്ട്. തുടക്കത്തിൽ കുറച്ച് പേരുമായി ആരംഭിച്ച കൂട്ടായ്മ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിച്ച് പന്തലിക്കുകയായിരുന്നു. ആരോഗ്യമുള്ള സമൂഹം എന്ന മുദ്രാവാക്യം ഉയർത്തി പല പ്രദേശത്തും പരിപാടികള്‍ ഇവർ സംഘടിപ്പിക്കാറുണ്ട്.
ആരാണിതിന് പിന്നില്‍
ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീനാണ് മെക്ക് സെവന് പിന്നിൽ. സൈന്യത്തിൽ സേവനമനുഷ്ഠിച്ചുകൊണ്ട് നേടിയ അറിവ് ഉപയോഗിച്ചാണ് അദ്ദേഹം ഈ വ്യായാമ രൂപം രൂപകൽപ്പന ചെയ്തത്. 2012-ലായിരുന്നു ഇത് ആരംഭിച്ചത്. ആ വർഷം കൊണ്ടോട്ടി തുറക്കല്‍ സ്‌കൂള്‍ മൈതാനത്ത് വച്ചായിരുന്നു ഇതിന്റെ ആദ്യ പരിശീലനം നടന്നത്. 2024 അവസാനിക്കുമ്പോൾ നിലവിൽ ആയിരത്തിലധികം കേന്ദ്രങ്ങളുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക കേന്ദ്രങ്ങളും ഇവര്‍ക്കുണ്ട്.
മെക് സെവൻ എങ്ങനെ വിവാദങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു
എന്നാൽ ഇതിനു പിന്നിൽ ജമാ അത്തെ ഇസ്ലാമിയാണെന്നും പോപ്പുലര്‍ ഫ്രണ്ടാണെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ വരാൻ തുടങ്ങി. ഇത് ശക്തമായതോടെ മെക് സെവൻ വിവാദങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. കൂട്ടായ്മയ്ക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ച് എത്തിയത് സിപിഎം ആണ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് കൂട്ടായ്മയ്ക്ക് തീവ്രവാദബന്ധം ഉണ്ടെന്ന് ആരോപിച്ചത്. കായിക പരിശീലനം എന്ന് പേരിൽ നടക്കുന്ന കൂട്ടായ്മയുടെ പിന്നിൽ പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമിയും ഉണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കഴിഞ്ഞ മാസം സിപിഐഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ വച്ചായിരുന്നു മോഹനന്റെ ആരോപണം. വ്യായാമ കുട്ടായ്മയുടെ വാട്സ്ആപ്പ് അഡ്മിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് വ്യക്തമായതായും യോഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഈ ആരോപണങ്ങള്‍ മറ്റൊരു തരത്തില്‍ കാന്തപുരം വിഭാഗം കൂടി ഏറ്റെടുത്ത് രംഗത്ത് എത്തുകയായിരുന്നു. വ്യായാമ കൂട്ടായ്മ മാത്രമെങ്കില്‍ എന്തിനാണ് മതപരമായ കാര്യങ്ങള്‍ കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്യുന്നതെന്ന ചോദ്യവുമായാണ് കാന്തപുരം സമസ്ത വിഭാഗം രംഗത്തെത്തിയത്. കൂട്ടായ്മയുടെ പേരിൽ ചതിയാണ് നടക്കുന്നതെന്നും വിശ്വാസികള്‍ പെട്ട് പോകരുതെന്നുമാണ് കാന്തപുരം വിഭാഗം സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പ്രതികരിച്ചത് തുടർന്ന് ബിജെപിയും സ്വാമി ചിദാനന്ദപുരി ഉൾപ്പടെയുള്ളവർ ജില്ലാ സെക്രട്ടറുയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ച് രംഗത്തെത്തി.
ആരോപണം തള്ളി മെക് സെവൻ സ്ഥാപകൻ
എന്നാൽ ആരോപണങ്ങളെല്ലാം തള്ളി മെക് സെവൻ സ്ഥാപകൻ രംഗത്ത് എത്തിയിരുന്നു. സദുദ്ദേശത്തോടെയുള്ള വ്യായാമ കൂട്ടായ്മയാണ് ഇതെന്നും മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണെന്നും അംബാസിഡര്‍ ബാവ അറക്കല്‍ പറഞ്ഞത്. വ്യായാമം സൗജന്യമായി നല്‍കുന്നതും വളരെ എളുപ്പം ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് മുക്തമാകാന്‍ സഹായിക്കുന്നതുമാണ് വേഗത്തില്‍ പ്രചാരം ലഭിക്കാന്‍ കാരണമെന്നാണ് വിശദീകരണം. സൈന്യത്തിൽ നിന്ന് വിരമിച്ചവരും പോലീസ് ഉദ്യേഗസ്ഥരും വരെ ഈ കൂട്ടായ്മയുടെ ഭാഗമാണെന്നും തുറസ്സായ സ്ഥലത്ത് നടത്തുന്ന പരിശീലനം തികച്ചും സുതാര്യമാണെന്നും മെക് സെവന്‍ ഭാരവാഹികള്‍ പറയുന്നു. മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ പ്രായമായവരെ ഉള്‍പ്പെടെ കൂട്ടായ്മയുടെ ഭാഗമാക്കുമോ എന്നും മെക് സെവന്‍ ഭാരവാഹികള്‍ ചോദിക്കുന്നു.