5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Wayanad Landslides: വയനാട് ദുരന്തം; ശരിക്കുള്ള ചെലവ് ഇതിലും കൂടുതല്‍, പുറത്തുവിട്ട കണക്കുകള്‍ക്ക് പിന്നില്‍ കേന്ദ്രം: ചീഫ് സെക്രട്ടറി

Wayanad Rehabilitation Package: വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇടക്കാലതാമസത്തിനായി നല്‍കുന്ന വാടക പോലുള്ളവയുടെ കണക്കുകള്‍ കേന്ദ്ര നിബന്ധനകള്‍ അനുസരിച്ച് ഉള്‍പ്പെടുത്തിയില്ല. വീടുകളുടെ നാശനഷ്ടം ഉള്‍പ്പെടെ ഉള്ളവയ്ക്കായി കേന്ദ്രം നല്‍കുന്ന ധനസഹായം ആവശ്യമായതിനേക്കാള്‍ കുറവാണ്.

Wayanad Landslides: വയനാട് ദുരന്തം; ശരിക്കുള്ള ചെലവ് ഇതിലും കൂടുതല്‍, പുറത്തുവിട്ട കണക്കുകള്‍ക്ക് പിന്നില്‍ കേന്ദ്രം: ചീഫ് സെക്രട്ടറി
ശാരദ മുരളീധരന്‍ (Image Credits: Facebook)
Follow Us
shiji-mk
SHIJI M K | Updated On: 16 Sep 2024 16:29 PM

തിരുവനന്തപുരം: വയനാട് ദുരന്തവുമായി (Wayanad Landslides) ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ യഥാര്‍ഥമല്ലെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ അനുസരിച്ചാണ് പുനരധിവാസ പാക്കേജിനായി നിവേദനം സമര്‍പ്പിച്ചിട്ടുള്ളതെന്നും അതിനാല്‍ എല്ലാ ചെലവുകളും ഇതില്‍ പെടുത്താനാവില്ലെന്നും ശാരദ മുരളീധരന്‍ പറഞ്ഞു. യഥാര്‍ഥ ചെലവുകള്‍ സമര്‍പ്പിച്ച തുകയേക്കാള്‍ വളരെ കൂടുതലാണെന്നും അതിനായുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കണ്ടെത്തുമെന്നും അവര്‍ പറഞ്ഞു. പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി ഓഗസ്റ്റ് രണ്ടാം വാരം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച കണക്കാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും അവര്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.

ഇക്കാര്യം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇടക്കാലതാമസത്തിനായി നല്‍കുന്ന വാടക പോലുള്ളവയുടെ കണക്കുകള്‍ കേന്ദ്ര നിബന്ധനകള്‍ അനുസരിച്ച് ഉള്‍പ്പെടുത്തിയില്ല. വീടുകളുടെ നാശനഷ്ടം ഉള്‍പ്പെടെ ഉള്ളവയ്ക്കായി കേന്ദ്രം നല്‍കുന്ന ധനസഹായം ആവശ്യമായതിനേക്കാള്‍ കുറവാണ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനായാണ് അനുവദനീയമായ കാര്യങ്ങളില്‍ പണച്ചെലവ് കൂട്ടിക്കാണിച്ചതെന്നും ശാരദ മുരളീധരന്‍ പറഞ്ഞു.

Also Read: Wayanad Landslides: ഉരുള്‍പൊട്ടലില്‍ സര്‍വതും നശിച്ചവര്‍ക്കായി അയച്ചവയില്‍ ഉപയോഗിച്ച അടിവസ്ത്രവും; നീക്കം ചെയ്തത് 85 ടണ്‍ മാലിന്യം

മോഡല്‍ ടൗണ്‍ഷിപ്പ്, പുനരധിവാസം പൂര്‍ത്തിയാകുന്നത് വരെ ഇടക്കാല താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍, നഷ്ടപരിഹാരം നല്‍കല്‍ എന്നിങ്ങനെ ഒരുപാട് ചെലവുകളുള്ള കാര്യം മുന്നിലുണ്ട്. ഈ കണക്കുകള്‍ ദുരന്തത്തിന്റെ പ്രാരംഭഘട്ടത്തില്‍ തയാറാക്കിയ പ്രൊജക്ഷന്‍ മാത്രമാണ്. പ്രകൃതി ദുരന്തങ്ങളില്‍ സ്വീകരിച്ച് വരുന്ന മാതൃകയാണിത്. കേന്ദ്രസംഘം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും വൈകാതെ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി രണ്ട് കോടി 76 ലക്ഷം രൂപയാണ് ചെലവായത്. ആകെ 359 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ ചെലവായത് 75,000 രൂപ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായ കണക്കുകള്‍ അറിയിച്ചത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വളണ്ടിയര്‍മാര്‍ക്ക് ടോര്‍ച്ച്, കുട, റെയിന്‍കോട്ട്, ഗംബൂട്ട് തുടങ്ങിയവകളടങ്ങിയ യൂസേഴ്സ് കിറ്റ് നല്‍കിയ വകയില്‍ രണ്ട് കോടി 98 ലക്ഷം രൂപ ചിലവായി. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങാന്‍ 11 കോടി രൂപ ചെലവായിട്ടുണ്ട്. വളണ്ടിയര്‍മാരെ ദുരന്തമേഖലയിലെത്തിക്കാന്‍ നാല് കോടി രൂപയും സൈനികര്‍ക്കും വളണ്ടിയര്‍മാര്‍ക്കുമായി ഭക്ഷണത്തിനും വെള്ളത്തിലും 10 കോടി രൂപയും ചെലവഴിച്ചു. ഇവരുടെ താമസത്തിന് ആകെ ചെലവായത് 15 കോടി രൂപയാണ്. ചികിത്സാ ചെലവായി രണ്ട് കോടി രണ്ട് ലക്ഷം രൂപയുമായി.

ദുരന്തമേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് ചിലവായത് 12 കോടി രൂപയാണ്. ബെയ്ലി പാലത്തിന്റെ അനുബന്ധ ജോലികള്‍ക്ക് ഒരു കോടി രൂപയും ക്യാമ്പുകളിലേക്കുള്ള ഭക്ഷണത്തിനായി എട്ട് കോടി രൂപയും ചെലവായി. 17 ക്യാമ്പുകളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഏഴു കോടി ചെലവഴിച്ചു. ദുരന്തമേഖലയിലെ വെള്ളക്കെട്ട് നീക്കാന്‍ മൂന്ന് കോടി രൂപ ചെലവായി. ഡ്രോണ്‍, റഡാര്‍ എന്നിവ വാടകയ്‌ക്കെടുത്തത് മൂന്ന് കോടി രൂപയ്ക്കാണ്. ഡിഎന്‍എ പരിശോധനകള്‍ക്കായും മൂന്ന് കോടി രൂപ ചിലവായി. മണ്ണുമാന്ത്രി യന്ത്രങ്ങളും ക്രെയിനുകളും വാടകയ്‌ക്കെടുത്തതില്‍ 15 കോടിയും എയര്‍ ലിഫ്റ്റിങിന് ഉപയോഗിച്ച ഹെലികോപ്റ്റര്‍ വാടകയായി 17 കോടി രൂപയും ചെലവായി എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Also Read: Wayanad landslide issue: വയനാട്ടിലെ ദുരിതബാധിതരോടുള്ള ബാങ്കുകളുടെ ക്രൂരത; ഒടുവിൽ മാപ്പു പറഞ്ഞ് കേരള ഗ്രാമീണ്‍ ബാങ്ക്

അതേസമയം, ദുരിതബാധിതരുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് കേരളത്തിനും കേന്ദ്രത്തിനും ഹൈകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവരെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഹോട്ടലുകള്‍ ഏറ്റെടുക്കുക പോലുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടും ദുരിതബാധിതര്‍ക്ക് സൗകര്യമൊരുക്കണം. അവരുടെ ആശുപത്രി ചിലവുകള്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് കൊടുത്ത് തീര്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായത്തില്‍ നിന്നും ബാങ്കുകള്‍ ഇഎംഐ പിടിച്ചാല്‍ കോടതിയെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകും. ഇതിനായി ദുരന്തബാധിതരില്‍ നിന്നും ബാങ്കുകള്‍ ഇഎംഐ ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബാങ്കുകള്‍ ഇഎംഐ ഈടാക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ബാങ്കുകള്‍ക്ക് ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ട്. ദേശസാത്കൃത ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കുന്നത് തടയുന്നതില്‍, കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണെമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Latest News