5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

V S Achuthanandan: ഒരു നൂറ്റാണ്ട് കണ്ട വിപ്ലവ ജീവിതം; സമരകേരളത്തിൻ്റെ വി എസിന് ഇന്ന് 101-ാം പിറന്നാൾ

Happy Birthday Veteran Left Leader V S Achuthanandan: തിരുവനന്തപുരം ബാർട്ടൺ ഹില്ലിൽ മകൻ അരുൺ കുമാറിന്റെ വീട്ടിൽ പൂർണവിശ്രമ ജീവിതത്തിലാണ് ഇപ്പോൾ വി എസ്. എന്നാൽ ചുറ്റും നടക്കുന്നതെല്ലാം കൃത്യമായി തന്നെ അറിയുന്നുണ്ടെന്നു മകൻ വി എ അരുൺകുമാർ പറയുന്നു. സിപിഎം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴ് നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു പോരാളി.

V S Achuthanandan: ഒരു നൂറ്റാണ്ട് കണ്ട വിപ്ലവ ജീവിതം; സമരകേരളത്തിൻ്റെ വി എസിന് ഇന്ന് 101-ാം പിറന്നാൾ
വി എസ് അച്യുതാനന്ദൻ (Image Credits: Facebook)
neethu-vijayan
Neethu Vijayan | Updated On: 20 Oct 2024 07:40 AM

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പകരം വയ്ക്കാനില്ലാത്ത മുതിർ നേതാവ് വി എസ് അച്യുതാനന്ദന് (V S Achuthanandan) ഇന്ന് 101–ാം പിറന്നാൾ. നൂറ്റാണ്ടു പിന്നിട്ട സമര വിപ്ലവത്തിന് ഇത് സവിശേഷമായ പിറന്നാളാണ്. തിരുവനന്തപുരം ബാർട്ടൺ ഹില്ലിൽ മകൻ അരുൺ കുമാറിന്റെ വീട്ടിൽ പൂർണവിശ്രമ ജീവിതത്തിലാണ് ഇപ്പോൾ വി എസ്. എന്നാൽ ചുറ്റും നടക്കുന്നതെല്ലാം കൃത്യമായി തന്നെ അറിയുന്നുണ്ടെന്നു മകൻ വി എ അരുൺകുമാർ പറയുന്നു. രാവിലെ വീൽചെയറിലിരുത്തി ഒരു മണിക്കൂറോളം പത്രം വായിച്ചു കേൾപ്പിക്കും, വൈകിട്ട് ടിവിയിൽ വാർത്ത കേൾക്കും ഇതെല്ലാം ദിനചര്യയാണെന്നും മകൻ പറയുന്നു.

മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പൊളിറ്റ്ബ്യൂറോ അംഗം, എൽഡിഎഫ് കൺവീനർ– ഇടതുരാഷ്ട്രീയത്തിൽ വിഎസ് വഹിക്കാത്ത പദവികളേതെന്നു ചോദിച്ചാൽ അതിന് ഉത്തരമില്ല. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവും അച്യുതാനന്ദൻ തന്നെയാണ്. 1964 ഏപ്രിലിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ആശയ ഭിന്നതയുടെ പേരിൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ ഒരാളാണ് വിഎസ്. പിന്നീട് അവരുടെ നേതൃത്വത്തിൽ ആന്ധ്രയിലെ തെനാലിയിൽ ചേർന്ന കൺവൻഷനാണ് സിപിഎം രൂപീകരണത്തിന് തുടക്കം കുറിക്കുന്നത്.

നാല് വർഷത്തിന് മുൻപുണ്ടായ പക്ഷാഘാതമാണ് വിഎസ് എന്ന പോരാളിയെ വിശ്രമ ജീവിതത്തിലേക്ക് തള്ളിവിട്ടത്. അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട വി എസ് കടുത്തദാരിദ്ര്യത്തിൽ കെട്ടിപ്പൊക്കിയതാണ് തന്റെ വിപ്ലവ ജീവിതം. 1964-ൽ പാർട്ടി രണ്ടായി പിളർന്ന് സിപിഐ(എം) രൂപീകൃതമായി. പാർട്ടിയെ പിളർപ്പിലേക്ക് നയിച്ച് 1964-ലെ ദേശീയകൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴ് നേതാക്കളിൽ ഒരാൾ വിഎസ് ആണ്. അവരിൽ ഇന്ന് ജീവിച്ചിരിക്കുന്നതും വി എസ് മാത്രമാണ്.

1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വി എസ് വിജയിക്കുതിപ്പ് തുടർന്നു. പക്ഷെ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദൻ ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമ്പോൾ വി എസ് തോൽക്കുകയോ വി എസ് ജയിക്കുമ്പോൾ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയോ ചെയ്തതാണ് ചരിത്രം. 1967-ലും 2006 ലും ഒഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെുപ്പുകളിലെല്ലാം പാർട്ടി അധികാര കസേരയ്ക്ക് പുറത്തായിരുന്നു എന്നത് ശ്രദ്ധേയം.

1996-ൽ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മാരാരിക്കുളത്തെ തോൽവിയോടെ ആ കസേര വിഎസിന് നഷ്ടമായി. പിന്നീട് ഏറെ വിവാദങ്ങൾക്ക് ശേഷം 2006 ൽ മുഖ്യമന്ത്രി പഥത്തിലേക്ക് വി എസ് എത്തിപ്പെട്ടു. വിഎസ്സിനെ അധികാര സ്ഥാനത്ത് നിന്ന് മാറ്റി നിർത്താൻ സ്വന്തം ചേരിയിൽ നിന്നുള്ളവർ തന്നെ പലപ്പോഴും മുന്നിട്ട് നിന്നത് പരസ്യമായ രഹസ്യമാണ്. കാരണം പാർട്ടിയുടെ നേതൃത്വ പദവയിലുള്ളപ്പോൾ പോലും സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്നു. ഇത് ധാരാളം ശത്രുക്കളേയും സൃഷ്ടിച്ചു.

2002-ലെ കണ്ണൂർ സമ്മേളനത്തോട് കൂടിയാണ് വി എസ്-പിണറായി പക്ഷം പാർട്ടിക്കുള്ളിൽ സജീവമായി തുടങ്ങിയത്. പാർട്ടിയിലെ വിഭാഗീയത 2006-ൽ പാർട്ടി വൻഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും വി എസിനെ മുഖ്യമന്ത്രിയാകുന്നതിന് ഏറെ തടസ്സങ്ങൾ നിലനിന്നു. പിന്നീട് ഏറെ വിവാദങ്ങൾക്ക് ശേഷമാണ് വി എസിനെ മുഖ്യന്ത്രിയായി പ്രഖ്യാപിച്ച് പി ബി തീരുമാനമുണ്ടായത്. 2011 തിരഞ്ഞെടുപ്പിലും ആദ്യം പാർട്ടി വിഎസിന് സീറ്റ് നിഷേധിച്ചിരുന്നുവെങ്കിലും വിഎസിന് വേണ്ടി തെരുവിലിറങ്ങിയ പ്രവർത്തകരെ പാർട്ടിക്ക് കാണാതിരിക്കാൻ സാധിച്ചില്ല. ഒടുവിൽ മലുമ്പുഴ മണ്ഡലത്തിൽ നിന്ന് വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.