Uma Thomas Health Update: ഉമാ തോമസ് കെെകാലുകൾ അനക്കി, ചിരിച്ചു; ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി: മെഡിക്കൽ ബുള്ളറ്റിൻ
Uma Thomas Latest Health Updation: ശ്വാസകോശത്തിൽ രക്തം പോയിട്ടുണ്ട്. അണുബാധ ഏൽക്കാതിരിക്കാനുള്ള ചികിത്സ തുടരുകയാണ്. നിലവിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തന്നെയാണ് ഉമാ തോമസ്.
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. എംഎൽഎ ചികിത്സയിൽ കഴിയുന്ന റെനെ മെഡിസിറ്റി രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ആരോഗ്യനിലയിൽ വലിയ പുരോഗതിയുള്ളതായി പറയുന്നത്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന എംഎൽഎ മകൻ വിഷ്ണുവിനോട് പ്രതികരിച്ചുവെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. വെന്റിലേറ്ററിലുള്ള എംഎൽഎയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്.
വെന്റിലേറ്റിൽ നിന്ന് മാറ്റി 24 മണിക്കൂർ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാൻ സാധിക്കൂ എന്നും ഡോക്ടർ വ്യക്തമാക്കി.
റെനെ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ
“തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന ഉമ തോമസ് എം.എൽ.എ യുടെ തലയുടെയും നട്ടെല്ലിൻ്റെയും പരിക്കിൻ്റെ ചികിത്സയിൽ ആശാവഹമായ പുരോഗതി. തലച്ചോറിൻ്റെ ആരോഗ്യവും ബോധാവസ്ഥയും അളക്കുന്നതിൻ്റെ ഭാഗമായി സെഡേഷൻ്റെ അളവ് കുറച്ചപ്പോൾ ഇന്ന് രാവിലെ 7 മണിയോടുകൂടി രോഗി ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് അനുകൂലമായി പ്രതികരിച്ചു. ഡോക്ടറുടെ നിർദ്ദേശാനുസരണം കൈകളും കാലുകളും ചലിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിനകത്ത് മക്കളെ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്‌തു. ഇത് തലച്ചോറിന്റെയും നട്ടെല്ലിൻ്റെയും പരിക്കിൻ്റെ ചികിത്സയിലെ വളരെ ആശാവഹമായ പുരോഗതിയാണ്”.
ALSO READ: NCC Camp Foodpoison: എൻസിസി ക്യാമ്പിലെത്തി സൈനീക ഓഫീസറെ മർദ്ദിച്ചു; രണ്ട് പേർ അറസ്റ്റിൽ
“എന്നിരുന്നാലും ശ്വാസകോശത്തിൻ്റെ അവസ്ഥ സാരമായിതന്നെ തുടരുകയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ശ്വാസകോശത്തിൻ്റെ അവസ്ഥയ്ക്ക് നേരിയ പുരോഗതിയുണ്ട്. രോഗി മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നുണ്ട്. വാരിയെല്ലുകളുടെ ഒടിവുകളും അവമൂലം ശ്വാസകോശത്തിനുണ്ടായ ക്ഷതവും ചതവും കുറച്ചുനാളുകൾ നീണ്ടു നിൽക്കുന്ന തീവ്രപരിചരണചികിത്സയിലൂടെ മാത്രമെ ഭേദപ്പെടുകയുള്ളു. രോഗിയുടെ വൈറ്റൽസ് സ്റ്റേബിളാണ്. കുറച്ചുദിവസം കൂടി വെൻ്റിലേറ്ററിൽ തുടരേണ്ട ആവശ്യകതയുണ്ട്”:.
‘ആറു മണിയോടെ എംഎൽഎയ്ക്ക് നൽകുന്ന സെഡേഷൻ മരുന്നിന്റെ ഡോസ് കുറച്ചിട്ടുണ്ട്. രാവിലെ ഏഴ് മണിക്ക് മകൻ വിഷ്ണു അകത്തു കയറി കണ്ടപ്പോൾ പറയുന്നതിനോട് അവർ പ്രതികരിച്ചു. കണ്ണു തുറന്നു, കൈകാലുകൾ അനക്കി, ചിരിച്ചതെല്ലാം തലച്ചോറിലെ ക്ഷതങ്ങളിൽ പുരോഗതിയുണ്ടെന്ന് തെളിയിക്കുന്നതാണ്. ശ്വാസകോശത്തിനേറ്റ പരിക്കിലും നേരിയ പുരോഗതി ഉണ്ട്. ശ്വാസകോശത്തിൽ രക്തം പോയിട്ടുണ്ട്. അണുബാധ ഏൽക്കാതിരിക്കാനുള്ള ചികിത്സ തുടരുകയാണ്. നിലവിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തന്നെയാണ് ഉമാ തോമസ്. വെന്റിലേറ്റിൽ നിന്ന് മാറ്റി 24 മണിക്കൂർ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാൻ സാധിക്കൂ.’ എന്നും ഡോക്ടർ കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് 12000 നർത്തകരെ പങ്കെടുപ്പിച്ച നടന്ന മൃദംഗനാദം പരിപാടിയുടെ ഭാഗമായി താത്കാലികമായി ഒരുക്കിയ സ്റ്റേജിൽ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്. ഏകദേശം 15 അടി ഉയരത്തിൽ നിന്ന് കോൺക്രീറ്റ് സ്ലാബിലേക്ക് തലയടിച്ച് വീണ എംഎൽഎയെ ഉടൻ തന്നെ ട്രോമാ കെയർ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ മാസം 29-ന് വൈകീട്ട് ആറരയോടെയായിരുന്നു അപകടം.