Uma Thomas MLA Health Update : ഉമാ തോമസ് എംഎൽഎ അബോധാവസ്ഥയിൽ, മെഡിക്കൽ സംഘം രൂപീകരിച്ച് സർക്കാർ
Thrikkakara MLA Uma Thomas Health Update: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും, അന്വേഷണം ആരംഭിച്ചതായും കൊച്ചി കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു.
തിരുവനന്തപുരം: കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്ന് വീണ തൃക്കാക്കര എംഎൽഎ ഉമാ തോമസ് അബോധാവസ്ഥയിൽ തുടരുന്നു. ആരോഗ്യ വകുപ്പിലെ ഡോക്ടർമാരുടെ വിദഗ്ധ മെഡിക്കല്‍ സംഘം എംഎല്‍എയുടെ സ്ഥിതി വിലയിരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലെയും എറണാകുളം മെഡിക്കല്‍ കോളേജിലേയും ന്യൂറോ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘമാണ് ഉമാ തോമസ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലേക്ക് എത്തുന്നത്.
വിദഗ്ധ ഡോക്ടര്‍മാരുടെ ഈ സംഘം രാത്രി 11 മണിയോടെ റിനെ മെഡിസിറ്റിൽ എത്തുമെന്നാണ് വിവരം. ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് പുറമേയാണ് സർക്കാർ ആരോഗ്യവകുപ്പിലെ മെഡിക്കൽ സംഘവും എംഎൽഎയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവുമായും റിനെ മെഡിസിറ്റിയിലെ ഡോക്ടര്‍മാരുമായും മന്ത്രി വീണാ ജോർജ് സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സംഘത്തെ ആരോഗ്യസ്ഥിതി വിലയിരുത്താനായി നിയമിച്ചിരിക്കുന്നത്. എംഎൽഎയ്ക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും, അന്വേഷണം ആരംഭിച്ചതായും കൊച്ചി കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു. നിലവിൽ ഉമ തോമസ് എംഎൽഎ അബോധാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. തലച്ചോറിനേറ്റ ക്ഷതം കാരണമാണ് എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നത്. ശ്വാസ കോശത്തിൽ രക്തം കട്ടപിടിച്ചിരിക്കുന്ന എംഎൽഎ 24 മണിക്കൂർ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരും.
പരിക്കുകൾ ഗുരുതരമാണെന്നും അടിയന്തിര ശസ്ത്രക്രിയ നടത്തില്ലെന്നും റിനെ മെഡിസിറ്റിയിലെ ഡോക്ടർമാർ പ്രതികരിച്ചു. ശസ്ത്രക്രിയ ആവശ്യമില്ലെന്ന് പറയുമ്പോൾ പരിക്ക് ഗുരുതരമല്ലെന്ന് അർത്ഥമാക്കേണ്ടതില്ലെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു. വീഴ്ചയിൽ എംഎൽഎയുടെ ബോധം, പ്രതികരണം, ഓർമ്മ തുടങ്ങിയവയെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരിക്കുകളല്ല വീഴ്ചയിൽ ഉണ്ടായിരിക്കുന്നത്. അനിയന്ത്രിതമായ ആന്തരിക രക്തസ്രാവം ഇപ്പോള്‍ ഇല്ല. വീഴ്ചയിൽ മുഖത്തെ അസ്ഥിക്കും പരിക്ക് പറ്റിയിട്ടുണ്ട്. ആശുപത്രിയിലെ എല്ലാ വിഭാഗത്തിലെയും വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എംഎൽഎ പരിശോധിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ എത്തുമ്പോൾ എംഎൽഎയ്ക്ക് ചെറുതായി ബോധം ഉണ്ടായിരുന്നെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു. മന്ത്രി പി രാജീവ്, സജി ചെറിയാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഹെെബി ഈഡൻ എന്നിവർ ആശുപത്രിയിൽ എത്തി ഡോക്ടർമാരുമായി സംസാരിച്ചു.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില് 12,000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്. സ്റ്റേജിലിരുന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനോട് സംസാരിച്ച ശേഷം എംഎൽഎ തന്റെ തൻ്റെ ഇരിപ്പിടത്തിലേക്ക് പോകുമ്പോൾ കാൽ വഴുതി താഴേക്ക് വീണുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീണ എംഎൽഎയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റെനൈ മെഡിസിറ്റിയിലെ ട്രോമ കെയർ വിഭാഗത്തിലാണ് ഉമാ തോമസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.