MLA U Prathibha: കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകന്‍ ഒന്‍പതാം പ്രതി; എഫ്ഐആർ പകർപ്പ് പുറത്ത്
U Prathibha MLA Son Ganja Case: കഞ്ചാവിന് പുറമെ 500 ഗ്രാം കഞ്ചാവ് കലർന്ന പുകയില മിശ്രിതം, ഇത് ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവ കണ്ടെത്തിയതായും ക്രൈം ഒക്കറൻസ് റിപ്പോർട്ടിൽ പറയുന്നു.
ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വെച്ചതിനെന്ന് എഫ്‌ഐആര്‍. കേസുമായി മകന് ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം എംഎൽഎ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. ഈ വാദങ്ങൾ തള്ളുന്ന തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഞ്ചാവ് കൈവശം വെച്ച കേസിൽ യു പ്രതിഭയുടെ മകൻ കനിവ് ഒൻപതാം പ്രതിയാണ്. കനിവ് ഉൾപ്പടെയുള്ളവക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ്ഐആറിൽ നിന്ന് വ്യക്തമാണ്.
സംഘത്തിന്റെ പക്കൽ നിന്നും മൂന്ന് ഗ്രാം കഞ്ചാവാണ് എക്സൈസ് അധികൃതർ പിടികൂടിയത്. കൂടാതെ, 500 ഗ്രാം കഞ്ചാവ് കലർന്ന പുകയില മിശ്രിതം, ഇത് ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവ കണ്ടെത്തിയതായും ക്രൈം ഒക്കറൻസ് റിപ്പോർട്ടിൽ പറയുന്നു. നാട്ടുകാരിൽ രണ്ടു പേരെ കേസിൽ സാക്ഷികളായി ചേർത്തിട്ടുണ്ട്.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ്സ് ആക്ട് അഥവാ എൻഡിപിഎസ് ആക്ടിലെ 27-ാം വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്കാണ് തകഴി പുളിമുഖം ബോട്ട് ജെട്ടിക്ക് സമീപം കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കവേ എംഎൽഎയുടെ മകൻ ഉൾപ്പടെയുള്ള ഒൻപത് യുവാക്കളെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്.
ALSO READ: ‘മകന്റെ കൈയിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ല, ഇതെന്നെ അധിക്ഷേപിക്കാനുള്ള ശ്രമം’; എംഎൽഎ യു പ്രതിഭ
യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, കണ്ടെടുത്ത കഞ്ചാവിന്റെ അളവ് കുറവയായിരുന്നതിനാൽ യുവാക്കളെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. സംഭവത്തിൽ തിങ്കളാഴ്ച എക്സൈസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
മകനെതിരായി പ്രചരിക്കുന്നത് വ്യാജ വാർത്തകൾ ആണെന്ന വിശദീകരണവുമായി യു പ്രതിഭ എംഎൽഎ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. പുറത്തുവരുന്ന വാർത്തകൾ തെറ്റാണെന്നും, മകനെതിരെ കേസില്ലെന്നും എംഎൽഎ ലൈവിൽ പറഞ്ഞു. ഒരാൾ എംഎൽഎ ആയതുകൊണ്ടും പൊതുപ്രവർത്തക ആയതുകൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടുമെന്നും എംഎൽഎ ആരോപിച്ചു.
തന്റെ മകന്റെ പക്കൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയിരുന്നതെങ്കിൽ അവനെതിരെ ആദ്യം നിൽക്കുക താനായിരുന്നു എന്നും എംഎൽഎ പറഞ്ഞിരുന്നു. പ്രചരിക്കുന്ന വാർത്തകൾ ശരിയാണെങ്കിൽ താൻ മാപ്പ് പറയാൻ തയ്യാറാണെന്നും, ആരും തെറ്റായ വഴിയിൽ സഞ്ചരിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അമ്മ കൂടിയാണ് താനെന്നും എംഎൽഐ ലൈവിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ, വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകിയിരുന്നു.