Vande Bharat: കേരളത്തിൽ വന്ദേഭാരതിന് സീറ്റ് കൂടും, 20 കോച്ചുള്ള ട്രെയിൻ ഇന്നെത്തും
Vande Bharat Service In Kerala: ഇന്ത്യൻ റെയിൽവേ അടുത്തിടെയാണ് 20 കോച്ചുള്ള വന്ദേഭാരത് ട്രെയിനുകൾ അവതരിപ്പിച്ചത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്നാണ് പുതുതായി രണ്ട് വന്ദേഭാരതുകൾ പുറത്തിറക്കിയത്. അതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറുകയായിരുന്നു. സംസ്ഥാനത്ത് രണ്ട് വന്ദേഭാരത് സർവ്വീസുകളാണ് നിലവിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളതും വരുമാനമുള്ളതുമായ വന്ദേഭാരത് സർവ്വീസുകളാണ് കേരളത്തിലൂടെ സർവീസ് നടത്തുന്നതെന്നാണ് കണക്ക്.
തിരുവനന്തപുരം: കേരളത്തിലേക്ക് അനുവദിച്ച 20 കോച്ചുള്ള വന്ദേഭാരത് (vande bharat) എക്സ്പ്രസ് ഇന്നെത്തും. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് പുതിയ സർവീസ് എത്തുന്നത്. നിലവിലുള്ള 16കോച്ചുകളുള്ള റേക്ക് ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതിനായി ഉപയോഗിച്ചേക്കുമെന്നും ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വ്യാഴാഴ്ചയാണ് 20 കോച്ചുള്ള വന്ദേഭാരതിന് ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയത്. പിന്നീട് അന്ന് രാത്രി തന്നെ കൊച്ചുവേളിയിലേക്ക് (തിരുവനന്തപുരം നോർത്ത്) പുറപ്പട്ടു.
183ശതമാനം വരെ ഒക്യുപെൻസിയുള്ള ട്രെയിനിൽ കൺഫേം ടിക്കറ്റ് കിട്ടുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ അവസ്ഥയായിരുന്നു. പുതിയ വന്ദേഭാരത് വരുന്നതോടെ സ്ഥിതിക്ക് മാറ്റം വരുമെന്നാണ് വിശ്വാസം. എന്നാൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – മംഗളൂരു വന്ദേഭാരതിലെ എട്ട് കോച്ചുകൾ 16 എണ്ണം ആക്കുക, എറണാകുളം – ബംഗളൂരു, തിരുവനന്തപുരം – കോയമ്പത്തൂർ വന്ദേഭാരത് സർവീസുകൾ തുടങ്ങുക എന്നീ ആവശ്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് രണ്ട് വന്ദേഭാരത് സർവ്വീസുകളാണ് നിലവിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളതും വരുമാനമുള്ളതുമായ വന്ദേഭാരത് സർവ്വീസുകളാണ് കേരളത്തിലൂടെ സർവീസ് നടത്തുന്നതെന്നാണ് കണക്ക്.
ഇന്ത്യൻ റെയിൽവേ അടുത്തിടെയാണ് 20 കോച്ചുള്ള വന്ദേഭാരത് ട്രെയിനുകൾ അവതരിപ്പിച്ചത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്നാണ് പുതുതായി രണ്ട് വന്ദേഭാരതുകൾ പുറത്തിറക്കിയത്. അതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറുകയായിരുന്നു. റൂട്ട് നിശ്ചയിക്കാത്തതിനാൽ ദക്ഷിണ റെയിൽവേയ്ക്ക് നൽകിയ വന്ദേഭാരത് ചെന്നൈ അമ്പത്തൂരിൽ ഒന്നരമാസമാണ് സർവീസ് നടത്താതെ കിടന്നത്. ഇതാണ് നിലവിൽ കേരളത്തിൽ സർവീസിനായി എത്തുന്നത്. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എട്ട് കോച്ചാണ്. ഇതിനുപകരം 20 കോച്ചുള്ള വണ്ടി രണ്ടാംഘട്ടത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിൽനിന്ന് കൊണ്ടുപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയിൽവേയുടെ അധിക വണ്ടിയായി (സ്പെയർ) തത്കാലം ഉപയോഗിക്കാനും സാധ്യതയുണ്ട്. മൈസൂരു-ചെന്നൈ വന്ദേഭാരതിന്റെ ഒരുമാസത്തെ അറ്റകുറ്റപ്പണിക്കായി ഫെബ്രുവരിയിൽ മാറ്റുന്ന സമയത്ത് ഈ വണ്ടി പകരം ഓടിക്കാനാണ് തീരുമാനം. മൂന്നുവർഷത്തിലൊരിക്കലാണ് ഇത്തരം ഷെഡ്യൂൾ വരിക. അതിനുശേഷം കേരളത്തിലെ എട്ട് കോച്ചുള്ള വന്ദേഭാരത് 20-കോച്ചുള്ളതാകുമെന്നാണ് സൂചന.
സീറ്റ് വർധിക്കും
16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിലെ (20634/20633) 1016 സീറ്റും നിറഞ്ഞ് ഓടുന്നത് യാത്രക്കാർക്ക് ടിക്കറ്റ് കിട്ടാതെ വലയുന്നതിന് കാരണമായിരുന്നു. നാല് കോച്ചുകൾ അധികം വരുമ്പോൾ 312 സീറ്റുകളാണ് ഈ സർവീസിൽ വർധിക്കുക. ഇന്ത്യയിൽ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്ത് തുടരുന്ന വണ്ടിയാണിത് (100 സീറ്റുള്ള വണ്ടിയിൽ ഇറങ്ങിയും കയറിയും 200-ഓളം യാത്രക്കാർ സീറ്റ് ഉപയോഗിക്കുന്നതിനെയാണ് ഒക്കുപ്പൻസി എന്ന് ഉദ്ദേശിക്കുന്നത്).
പുതിയ സമയക്രമം
ജനുവരി ഒന്ന് മുതൽ വന്ദേഭാരത് പുതിയ സമയക്രമം അനുസരിച്ച് സർവീസ് നടത്തുന്നത് ആരംഭിച്ചിരുന്നു. എൻടിഇഎസ് സംവിധാനം ഉപയോഗിച്ചും സമയം പരിശോധിക്കാവുന്നതാണ്. കൂടാതെ സ്‌റ്റേഷൻ മാനേജറോട് അന്വേഷിച്ചാലും വിവരം ലഭിക്കും. നാല് വന്ദേഭാരത് എക്‌സ്പ്രസുകളുടെ സമയത്തിലാണ് മാറ്റം വന്നിരിക്കുന്നത്. ദിയോഘർ-വരാണസി വന്ദേഭാരത് എക്‌സ്പ്രസ്, പട്‌ന-ഗോമതി നഗർ വന്ദേഭാരത് എക്‌സ്പ്രസ്, ലഖ്‌നൗ-ഡെറാഡൂൺ വന്ദേഭാരത് എക്‌സ്പ്രസ്, ഗോമതി നഗർ-പട്‌ന വന്ദേഭാരത് എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.