മാനസിക അസ്വസ്ഥതകളുമായി തൃശൂരില്‍ അലഞ്ഞുതിരിഞ്ഞ് ട്രാവല്‍ വ്‌ളോഗര്‍; രക്ഷകരായി പോലീസ്‌ | Travel vlogger wanders Thrissur with mental disorders, police rescue him Malayalam news - Malayalam Tv9

Travel Vlogger: മാനസിക അസ്വസ്ഥതകളുമായി തൃശൂരില്‍ അലഞ്ഞുതിരിഞ്ഞ് ട്രാവല്‍ വ്‌ളോഗര്‍; രക്ഷകരായി പോലീസ്‌

Thrissur City Police Rescue Travel Vlogger: ഗള്‍ഫിലാണ് ഇയാളെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസങ്ങളായി വിവരമൊന്നും ലഭിക്കാതായതോടെ ഏറെ ആശങ്കയിലായിരുന്നു. തൃശൂര്‍ സിറ്റി പോലീസിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നാടോ വീടോ അറിയാതെ തെരുവില്‍ അലയുകയായിരുന്നു യുവാവ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Travel Vlogger: മാനസിക അസ്വസ്ഥതകളുമായി തൃശൂരില്‍ അലഞ്ഞുതിരിഞ്ഞ് ട്രാവല്‍ വ്‌ളോഗര്‍; രക്ഷകരായി പോലീസ്‌

തൃശൂര്‍ സിറ്റി പോലീസ് പങ്കുവെച്ച ചിത്രം (Image Credits: Facebook)

Published: 

07 Nov 2024 07:40 AM

തൃശൂര്‍: മാനസിക വെല്ലുവിളിയുമായി തെരുവില്‍ അലഞ്ഞ യുവാവിന് രക്ഷകരായി കേരള പോലീസ്. പ്രമുഖ ട്രാവല്‍ വ്‌ളോഗറെയാണ് തൃശൂരില്‍ അലഞ്ഞുതിരിയുന്നതിനിടെ പോലീസ് രക്ഷപ്പെടുത്തിയത്. യുവാവിനെ തിരിച്ചറിഞ്ഞതോടെ പോലീസ് ആശുപത്രിയിലെത്തിക്കുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. വിദേശത്ത് ജോലി തേടി പോയ ഇയാള്‍ നാട്ടിലെത്തിയ വിവരം ബന്ധുക്കള്‍ അറിഞ്ഞിരുന്നില്ല.

ഗള്‍ഫിലാണ് ഇയാളെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസങ്ങളായി വിവരമൊന്നും ലഭിക്കാതായതോടെ ഏറെ ആശങ്കയിലായിരുന്നു. തൃശൂര്‍ സിറ്റി പോലീസിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നാടോ വീടോ അറിയാതെ തെരുവില്‍ അലയുകയായിരുന്നു യുവാവ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Also Read: Private bus permit: കെഎസ്ആർടിസിയ്ക്ക് തിരിച്ചടി; 140 കിലോമീറ്റര്‍ കടന്നും സ്വകാര്യ ബസ്സുകള്‍ക്ക് ഓടാം

തൃശൂര്‍ സിറ്റി പോലീസ് പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണരൂപം

വൈകീട്ട് ആറുമണിയോടെയാണ് ജോസ് തിയേറ്ററിന് സമീപത്തുനിന്നും ഒരാള്‍ മുഷിഞ്ഞ പാന്റിട്ട് ഷര്‍ട്ടില്ലാതെ ഒരു ബാഗുമായി വാഹനങ്ങള്‍ക്കിടയിലൂടെ എന്തോ വിളിച്ച് പറഞ്ഞ് നടക്കുന്നത് കണ്‍ട്രോള്‍റൂം വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ അദ്ദേഹത്തെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു.

ഇന്‍സ്‌പെക്ടര്‍ ജിജോ എം ജെയുടെ നിര്‍ദ്ദേശപ്രകാരം അയാളെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സതീഷ് മോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും പിന്നീട് അയാളെ പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്ക് അയക്കുകയും ചെയ്തു. ഡോക്ടര്‍ പരിശോധിച്ചതിനു ശേഷം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു.

അയാളെ ആശുപത്രിയിലാക്കി തിരിച്ചുവരാനിരുന്ന പോലീസുദ്യോഗസ്ഥരുടേയും കൈപിടിച്ച് അയാള്‍ കരയാന്‍ തുടങ്ങി. അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതിനിടയില്‍ സതീഷ് മോഹന് അദ്ദേഹത്തെ എവിടേയോ കണ്ടതുപോലെ തോന്നിക്കുകയും സ്റ്റേഷനിലേക്ക് അദ്ദേഹത്തിന്റെ ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തു. സഹപ്രവര്‍ത്തകനായ ശ്രീജിത്ത് ഇയാള്‍ ഒരു പ്രശസ്ത ട്രാവല്‍ വ്‌ളോഗറാണെന്ന സംശയം പറഞ്ഞതോടെ സതീഷ് മോഹന്‍ സോഷ്യല്‍ മീഡയയില്‍ പരതാന്‍ തുടങ്ങി. ഇദ്ദേഹം എവറസ്റ്റ്, അന്നപൂര്‍ണ്ണ മൗണ്ടെയ്ന്‍ ബേസ്മന്റ് എന്നിവിടങ്ങളില്‍ ട്രക്കിങ്ങ് നടത്തിയ വിവരങ്ങളും വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകളും, വിദേശ രാജ്യങ്ങളിലെ ട്രക്കിങ്ങ് വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചു. കൂടാതെ ഒരു നമ്പരും കണ്ടെത്തി. അദ്ദേഹത്തിന്റെ ബന്ധുവിന്റെ നമ്പരായിരുന്നു അത്. സംഭവം ബന്ധുവിനെ അറിയിക്കുകയും പിറ്റേദിവസം തന്നെ അവര്‍ തൃശൂരിലെത്തുകയും ചെയ്തു.

വീട്ടുകാര്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് അദ്ദേഹത്തെകുറിച്ചുള്ള കൂടുതല്‍ വിവരം ലഭിച്ചത്. കുങ്ഫു മാസ്റ്ററായ ഇദ്ദേഹം ട്രക്കിങ്ങിനായി പല വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്രാവശ്യം ഒരു ജോലി ലക്ഷ്യമാക്കിയാണ് ഗള്‍ഫിലേക്ക് പോയത്. പിന്നീട് വീട്ടുകാര്‍ കേട്ടത് ഒരു സുഹൃത്ത് ഇദ്ദേഹത്തെ മാനസികമായി അസ്വസ്ഥതയോടെ കോട്ടയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ടു എന്നതാണ്. വീട്ടുകാര്‍ ഇത് വിശ്വസിച്ചില്ല. എങ്കിലും ഗള്‍ഫില്‍ പോയ ആളുടെ വിവരം അറിയാത്തതിനാല്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഗള്‍ഫില്‍ തന്നെയുണ്ടാകും എന്ന ഉറച്ച വിശ്വാസത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പറഞ്ഞിരുന്നില്ല. അതിനിടയിലാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചത്.

വീട്ടുകാരെ കണ്ടതോടെ അയാള്‍ മാനസികമായി ഏറെ മെച്ചപ്പെട്ടിരുന്നു. അന്നുതന്നെ മജിസ്ട്രറ്റിനുമുന്നിലെത്തിയപ്പോള്‍ കൃത്യമായ ഓര്‍മയോടെ അദ്ദേഹം കാര്യങ്ങള്‍ വിവരിച്ചു. ഗള്‍ഫിലേക്ക് പോയത് യൂറോപ്പ് മുഴുവന്‍ ട്രക്കിങ്ങ് നടത്താം എന്ന ഉദ്ദേശത്തിലായിരുന്നു. ഗള്‍ഫിലെത്തിയതിന്റെ പിറ്റേദിവസം തന്നെ എന്താണ് സംഭവിച്ചതെന്ന് ഓര്‍മയില്ല എവിടെയാണെന്നും ഓര്‍മയില്ല അവിടെയുള്ളവര്‍ തിരിച്ച് നെടുമ്പാശേരിയിലേക്ക് കയറ്റിവിട്ടു. നെടുമ്പാശേരിയില്‍ നിന്നും ആരോ കോട്ടയ്ക്കല്‍ ബസില്‍ നാട്ടിലേക്കും യാത്രയാക്കി. കോട്ടയ്ക്കലില്‍ ഇരിക്കുമ്പോള്‍ ഒരു സുഹൃത്തിനെ കണ്ടതായി ഓര്‍ക്കുന്നു അതല്ലാതെ വേറെ ഒന്നും ഓര്‍മയില്ല. പിന്നെ വീണ്ടും അവിടെനിന്നും ബസ് കയറി തൃശൂരിലെത്തി ഇപ്പോള്‍ എനിക്ക് ഓര്‍മയെല്ലാം തിരിച്ചുകിട്ടിയിട്ടുണ്ട.

Also Read: Nileswaram Firecracker Blast: നീലേശ്വരം വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ വീതം നൽകും

പക്ഷേ ഗള്‍ഫില്‍ പോയ എനിക്ക് രണ്ടുദിവസംകൊണ്ട് എന്തുസംഭവിച്ചു എന്ന് ഇപ്പോഴും കൃത്യമായി അറിയില്ല. മൊബൈല്‍ ഫോണ്‍ നഷ്ടപെടുകയും ചെയ്തു. സാര്‍ എന്നെകുറിച്ചറിയാന്‍ ശ്രമിച്ചതുകൊണ്ടാണ് എനിക്കെന്റെ വീട്ടുകാരെ കാണാന്‍ കഴിഞ്ഞത്. ഞാന്‍ ഗള്‍ഫിലാണെന്ന് കരുതി വീട്ടുകാരും ഇരിക്കുമായിരുന്നു.

അയാളും വീട്ടുകാരും സതീഷ് മോഹനോടും അനീഷിനോടും മറ്റു പോലീസുദ്യോഗസ്ഥരോടും ഏറെ നന്ദി അറിയിച്ചു. ഇനിയും ട്രാവലിങ്ങ് തുടരണം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കണം ആഫ്രിക്കയിലേക്കാണ് അടുത്ത ട്രക്കിങ്ങ് എന്റെ കൂടുതല്‍ വിവരങ്ങള്‍ കാണാന്‍ സാര്‍ എന്റെ ചാനല്‍ കാണണം സാറിനെ ഇടയ്‌ക്കൊക്കെ വിളിക്കും എന്നേയും വിളിക്കണം എന്നു പറഞ്ഞാണ് അദ്ദേഹം യാത്രയായത്.

കറിയിൽ ഉപ്പ് കൂടിയാൽ! ഈ പൊടിക്കെെകൾ പരീക്ഷിച്ച് നോക്കൂ
പച്ചമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ
രാവിലെ ചൂടുവെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ഭക്ഷണത്തിന് ശേഷമുള്ള ചില ദുശ്ശീലങ്ങൾ ഒഴിവാക്കാം