Train Berth Collapse Death: ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണ് അപകടം; ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു, റിപ്പോര്‍ട്ട് തള്ളി റെയില്‍വേ
Train Berth Accident: ചെരിഞ്ഞ് കിടക്കുകയായിരുന്ന ഇയാളുടെ ദേഹത്തേക്ക് ബെര്‍ത്ത് വീണതോടെ കഴുത്തിലെ മൂന്ന് എല്ലുകള്‍ ഒടിയുകയും ഞരമ്പിന് ക്ഷതമേല്‍ക്കുകയും ചെയ്തു. ഇതോടെ അലിഖാന്റെ ഇരുകാലുകളും തളര്‍ന്നു.
മലപ്പുറം: ട്രെയിനിന്റെ ബെര്‍ത്ത് (Train Berth Collapse) തകര്‍ന്നുവീണ് യാത്രക്കാരന്‍ മരിച്ചു. മധ്യഭാഗത്തെ ബെര്‍ത്ത് പൊട്ടിവീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പൊന്നാനി മാറഞ്ചേരി സ്വദേശി അലിഖാന്‍ (62) ആണ് മരിച്ചത്. കഴിഞ്ഞ ചൊവാഴ്ചയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് നിസാമുദീനിലേക്ക് പോകുന്ന മില്ലേനിയം എക്‌സ്പ്രസ് ട്രെയിനിലാണ് അപകടം സംഭവിച്ചത്. തൃശൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുകായിരുന്നു അലിഖാന്‍. തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലില്‍ വെച്ചാണ് മധ്യഭാഗത്തെ ബെര്‍ത്ത് പൊട്ടി താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് വീണത്. മധ്യഭാഗത്തെ ബെര്‍ത്തിനോടൊപ്പം അതില്‍ കിടന്നിരുന്ന ആളും അലിഖാന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ചെരിഞ്ഞ് കിടക്കുകയായിരുന്ന ഇയാളുടെ ദേഹത്തേക്ക് ബെര്‍ത്ത് വീണതോടെ കഴുത്തിലെ മൂന്ന് എല്ലുകള്‍ ഒടിയുകയും ഞരമ്പിന് ക്ഷതമേല്‍ക്കുകയും ചെയ്തു. ഇതോടെ അലിഖാന്റെ ഇരുകാലുകളും തളര്‍ന്നു. റെയില്‍വേ അധികൃതരാണ് വാറങ്കലിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഓപ്പറേഷന്‍ നടത്തി ക്ഷതം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് കബറടക്കം നടത്തി.
എന്നാല്‍ ബെര്‍ത്ത് പൊട്ടിവീണിട്ടല്ല അലിഖാന് മരണം സംഭവിച്ചതെന്ന് റെയില്‍വേ. ബെര്‍ത്ത് വീണ് യാത്രക്കാരന്റെ മരണം സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് റെയില്‍വേ തള്ളി. മധ്യഭാഗത്തെ ബെര്‍ത്തില്‍ കിടന്ന യാത്രക്കാരന്‍ ചങ്ങല ശരിയായി ഇടാത്തതാണ് ബെര്‍ത്ത് വീഴാന്‍ കാരണമെന്ന് റെയില്‍വേ പറഞ്ഞു. ബെര്‍ത്ത് പൊട്ടിവീണു എന്ന പ്രചരണം തെറ്റാണ്. അപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് വേണ്ട വിധത്തില്‍ ചികിത്സ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്നും റെയില്‍വേ വ്യക്തമാക്കി.
Also Read: Beard in Prison: താടി വളർത്തുന്നവരുടെ എണ്ണം കൂടുന്നു; കേരളത്തിലെ ജയിലുകളിൽ അസാധാരണ പ്രതിസന്ധി
ട്രെയിന്‍ നിസാമുദീനില്‍ എത്തിയശേഷം വിശദമായി പരിശോധിച്ചു. കുഴപ്പങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ബെര്‍ത്ത് പൊട്ടിവീണാണ് അപകടം സംഭവിച്ചതെന്ന വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും റെയില്‍വേ പറഞ്ഞു. എന്നാല്‍ ബന്ധുക്കള്‍ക്ക് റെയില്‍വേ നല്‍കിയ വിശദീകരണം ബെര്‍ത്തിന്റെ ഒരുഭാഗം തകര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ്. റെയില്‍വേ വേണ്ടവിധത്തില്‍ ഇടപെട്ടില്ല എന്നും കുടുംബം ആരോപിക്കുന്നുണ്ട്.