Tourists Trapped in Flash Flood: വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ വിനോദ സഞ്ചാരികൾ മലവെള്ളപ്പാച്ചിലിൽ കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന
Tourists Trapped in Flash Flood: ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തിലാണ് സംഭവം. വിനോദ സഞ്ചാരികൾ വെള്ളച്ചാട്ടം കണ്ട് പുഴയില്‍ നില്‍ക്കുമ്പോഴാണ് മലമുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ച് എത്തിയത്.
ഇടുക്കി: വെള്ളച്ചാട്ടം കാണാനെത്തിയ വിനോദ സഞ്ചാരികൾ മലവെള്ളപ്പാച്ചിലിൽ കുടുങ്ങി. ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തിലാണ് സംഭവം. വിനോദ സഞ്ചാരികൾ വെള്ളച്ചാട്ടം കണ്ട് പുഴയില്‍ നില്‍ക്കുമ്പോഴാണ് മലമുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ച് എത്തിയത്. ഇതോടെ കുട്ടികൾ അടക്കമുള്ള വിനോദ സഞ്ചാരികൾ പരിഭ്രാന്തരായി. ഇവർ സമീപത്തെ പാറയുടെ മുകളിലേക്ക് കയറി നിൽക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പാറക്കെട്ടിൽ കുടുങ്ങിയ ഇവരെ അഗ്നിശമന സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള എറണാകുളം സ്വദേശികളായ 15 സഞ്ചാരികളാണ് വെള്ളച്ചാട്ടം കാണാനായി എത്തിയത്. പാറക്കെട്ടിൽ കുടുങ്ങിയവരുട കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തി. എന്നാല്‍ പുഴയിലെ ഒഴുക്ക് കുറയാത്തതിനാല്‍ ഇവര്‍ക്ക് മറുകരയിലെത്താനായില്ല.
പാറക്കെട്ടിൽ നിന്ന് ഏതാനും ദൂരത്തില്‍ മുകളിലേയ്ക്ക് കയറിയാല്‍ ആനചാടി കുത്തിന് മുകളിലായുള്ള പാലം കടന്ന് പുറത്ത് എത്താം. എന്നാൽ പ്രദേശത്ത് പുതിയതായി എത്തിയ ഇവർക്ക് വഴിയറിയാത്തത് പ്രശ്നമായി . ഇതിനായി സഞ്ചരിക്കേണ്ട വഴി പറഞ്ഞ് നല്‍കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് ശബ്ദം മൂലം വിജയിച്ചില്ല. പിന്നീട് കുത്തിന് മുകള്‍ ഭാഗത്തെ പാലം വഴി നാട്ടുകാര്‍ എത്തി ഇവരെ മറുകര എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അഗ്നിരക്ഷാ സേന എത്തിയാല്‍ മാത്രമേ ഇവിടെ നിന്ന് വരുകയുള്ളുവെന്ന് ശഠിച്ചു.
തുടർന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍ നിന്നുള്ള അഗ്നിരക്ഷാ സേന വൈകിട്ട് ആറ് മണിയോ സ്ഥലത്തെത്തി. തുടര്‍ന്ന് വഴുക്കലുളള പാറയിലൂടെ വടം കെട്ടി അഗ്‌നിരക്ഷാസേന സഞ്ചാരികളുടെ അടുക്കലെത്തി. ഈ സമയവും പുഴയിലെ വെളളം കുറഞ്ഞില്ല. പിന്നീട് നാട്ടുകാര്‍ രക്ഷപെടുത്താമെന്ന് പറഞ്ഞ അതേ വഴിക്ക് തന്നെ ആനചാടികുത്തിന് മുകളിലെ നടപ്പാലം വഴി മറുകരെയെത്തിച്ചു. വണ്ണപ്പുറം പഞ്ചായത്തിന്റെ അധീനതയിലാണ് ആനചാടി കുത്ത്.