Kerala Rain Alert: കനത്ത മഴ: കോട്ടയത്ത് ഉരുൾപൊട്ടലിൽ ഏഴ് വീടുകൾ തകർന്നു, 2 ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴയെ തുടർന്ന് കോട്ടയം എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

Kerala Rain Alert: കനത്ത മഴ: കോട്ടയത്ത് ഉരുൾപൊട്ടലിൽ ഏഴ് വീടുകൾ തകർന്നു, 2 ജില്ലകളിൽ റെഡ് അലർട്ട്
Updated On: 

28 May 2024 18:38 PM

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. രണ്ട് ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

അതിനിടെ കനത്ത മഴയെതുടർന്ന് കോട്ടയം ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പ്രദേശത്തെ ഏഴ് വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. കോട്ടയം ജില്ലയിലെ വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്.

അതേസമയം കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണാണ് ഒരു യുവാവ് മരിച്ചത്. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്.

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.

കനത്ത മഴയിൽ തെക്കൻ കേരളത്തിലും വലിയ ദുരിതമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകൾ ഗതാഗതത്തിന് തടസ്സമായി. കൊല്ലത്ത് അർദ്ധരാത്രി മുതൽ ഇടവിട്ട് ശക്തമായ മഴയാണ് ലഭിക്കുന്നത്. കാവനാട്, പറക്കുളം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി.

ദേശീയപാതയിൽ ചാത്തന്നൂർ മുതൽ പരിപ്പള്ളി വരെ വെള്ളക്കെട്ടിൽ ഗതാഗതം തടസം രൂപപ്പെട്ടു. ഇന്ത്യൻ സമയം രാത്രി 8.56 ഓടെ അറബിക്കടലിൽ ഭൂചലനം ഉണ്ടായി. മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.

ഇതിന്റെ ഫലമായി മാലിദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സുനാമിക്ക് സാധ്യതയില്ലെന്നാണ് സ്വകാര്യ നിരീക്ഷണ കേന്ദ്രം മെറ്റ്ബീറ്റ് വെതർ പറയുന്നത്.

 

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം