Thrissur Medical College: ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; ജീവന്‍ പകര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ്
Thrissur Medical College TAVR Treatment: നടക്കുന്നതിനിടയില്‍ കിതപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ഇടയ്ക്കിടെയുള്ള ബോധംകെട്ട് വീഴല്‍ തുടങ്ങിയ ലക്ഷണങ്ങളോടെയായിരുന്നു എഴുപത്തിനാലുകാരിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനകളില്‍ ഇവരുടെ ഹൃദയത്തിന്റെ അകത്തുള്ള അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങിയതായി കണ്ടെത്തി.
തൃശൂര്‍: ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ച് ചരിത്രം രചിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്. അതിനൂതന സംവിധാനത്തിലൂടെയാണ് ഹൃദയവാല്‍വ് മാറ്റിവെച്ചത്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാലുകാരി വീട്ടമ്മയുടെ വാല്‍വാണ് മാറ്റിവെച്ചത്. കേരളത്തിലെ ഏതാനും ചില ആശുപത്രികളില്‍ മാത്രമുള്ള ഈ ചികിത്സ ആദ്യമായിട്ടാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പരീക്ഷിച്ചത്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായിരുന്നു നേരത്തെ ഈ ചികിത്സ ലഭ്യമായിരുന്നത്. ശസ്ത്രക്രിയയുടെ യാതൊരുവിധ പ്രയാസങ്ങളുമില്ലാതെ വാല്‍വ് മാറ്റിവെക്കുന്നതിലൂടെ രോഗികള്‍ക്കും ആശ്വാസമാകാന്‍ ഈ ചികിത്സാ രീതിക്ക് സാധിക്കും.
നടക്കുന്നതിനിടയില്‍ കിതപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ഇടയ്ക്കിടെയുള്ള ബോധംകെട്ട് വീഴല്‍ തുടങ്ങിയ ലക്ഷണങ്ങളോടെയായിരുന്നു എഴുപത്തിനാലുകാരിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനകളില്‍ ഇവരുടെ ഹൃദയത്തിന്റെ അകത്തുള്ള അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങിയതായി കണ്ടെത്തി. ശരീരത്തിലേക്ക് അയോര്‍ട്ടിക് വാല്‍വ് വഴിയാണ് ഹൃദയം രക്തം പമ്പ് ചെയ്യുന്നത്. അതിനാല്‍ തന്നെ ഈ വാല്‍വ് ചുരുങ്ങിയാല്‍ ഹൃദയത്തിന് ശരീരത്തിലേക്ക് രക്തം നല്ലതുപോലെ പമ്പ് ചെയ്യാന്‍ സാധിക്കാതെ വരും.
നെഞ്ച്, ഹൃദയം എന്നിവ തുറന്നുകൊണ്ട് വാല്‍വ് മാറ്റിവെക്കുന്ന ശസ്ത്രക്രിയയാണ് സാധാരണഗതിയില്‍ നടത്താറുള്ളത്. എന്നാല്‍ അവരുടെ പ്രായവും ശാരീരിക അവശതകളും അത്തരം ശസ്ത്രക്രിയ്ക്ക് യോജിച്ചതായിരുന്നില്ല. അതിനാലാണ് ടിഎവിആര്‍ എന്ന ചികിത്സാ രീതിയിലേക്ക് ഡോക്ടര്‍മാര്‍ എത്തിയത്. പിന്നീട് കുടുംബാംഗങ്ങളോട് കാര്യങ്ങള്‍ സംസാരിച്ച് ശസ്ത്രക്രിയ തീരുമാനിക്കുകയായിരുന്നു.
Also Read: Heart And Cancer: ഹൃദയത്തിന് ക്യാൻസർ വരാത്തത് എന്തുകൊണ്ട്? നിങ്ങൾക്കറിയാമോ
രോഗിയുടെ നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലിലൂടെ കത്തീറ്റര്‍ എന്ന ട്യൂബ് കടത്തിവിട്ട് ഒരു ബലൂണ്‍ പോലുള്ള ഉപകരണം ഉപയോഗിച്ച് ചുരുങ്ങിയ വാല്‍വ് വികസിപ്പിക്കുകയും ശേഷം മറ്റൊരു കത്തീറ്റര്‍ ട്യൂബിലൂടെ കൃത്രിമ വാല്‍വ് ഹൃദയത്തിലേക്ക് എത്തിച്ച് അവിടെ ഘടിപ്പിക്കുകയും ചെയ്യുന്നതാണ് ടിഎവിആര്‍ ചികിത്സാ രീതി.
എന്നാല്‍ ഈ ചികിത്സ നടക്കുന്ന സമയത്ത് രോഗിയുടെ ജീവന്‍ തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. രക്തധമനി പൊട്ടാനോ, ഹൃദയമിടിപ്പ് നിലച്ച് പോകാനോ, ഹൃദയത്തിലേക്കുള്ള രക്തധമനി അടഞ്ഞുപോകാനോ, കൃത്രിമ വാല്‍വ് ഇളകിപോകാനോ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയയെ അപേക്ഷിച്ച് ശ്രദ്ധ കൂടുതല്‍ വേണ്ടതായുണ്ട്.
രോഗിയുടെ അയോര്‍ട്ടിക് വാല്‍വ് ജന്മാ വൈകല്യമോ അല്ലെങ്കില്‍ കാത്സ്യം അടിഞ്ഞ് കൂടിയിട്ടുള്ളതോ ആണെങ്കില്‍ ചികിത്സ കുറച്ചുകൂടി സങ്കീര്‍ണമാകുന്നു. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസ്, കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ആന്റണി പാത്താടന്‍, ബിജിലേഷ്, ഹരികൃഷ്ണ, നിതിന്‍, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ അമ്മിണികുട്ടി, അരുണ്‍ വര്‍ഗീസ്, ആതിര, ശ്രീലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. രോഗി സുഖം പ്രാപിച്ച് വരുന്നു.