Onam kit : ഇനി ഓണക്കിറ്റ് വാങ്ങാൻ സപ്ലൈകോയിൽ എത്തണോ? ആലോചനകളുമായി സർക്കാർ
Onam Kit through Supplyco outlets: 5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കാണ് പ്രധാനമായും കിറ്റ് ലഭിക്കുന്നത്. നേരത്തെ റേഷൻ കടകൾ വഴിയായിരുന്നു കിറ്റ് നൽകിയിരുന്നത്.
തിരുവനന്തപുരം: ഓണക്കാലമായതോടെ സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് സംബന്ധിച്ചുള്ള വാർത്തകളും എത്തുകയാണ്. ഇത്തവണ സൗജന്യ ഓണക്കിറ്റ് ഇത്തവണ സപ്ലൈക്കോ വിൽപ്പന ശാലകൾ വഴി നൽകുന്നതിനെപ്പറ്റി സർക്കാർ ആലോചിക്കുന്നുണ്ട് എന്നാണ് വിവരം. 5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കാണ് പ്രധാനമായും കിറ്റ് ലഭിക്കുന്നത്. നേരത്തെ റേഷൻ കടകൾ വഴിയായിരുന്നു കിറ്റ് നൽകിയിരുന്നത്. എന്നാൽ ഇത്തവണ കിറ്റ് വിതരണം സപ്ലൈക്കോ വഴിയാക്കാൻ സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ചുരുങ്ങിയ എണ്ണത്തിലുള്ള കിറ്റുകൾ റേഷൻ കടയിൽ എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്. ഈ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ ആലോചിക്കുന്നത്. മാത്രമല്ല മുൻപ് വിതരണം ചെയ്ത ഇനത്തിൽ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ കുടിശിക നൽകിയിട്ടില്ല.
ALSO READ – ഓണക്കിറ്റ് ലഭിക്കാന്‍ അധിക ദിവസമില്ല, 13 ഇനങ്ങളുമായി സെപ്റ്റംബര്‍ ആറുമുതല്
ഈ വിഷയത്തിൽ റേഷൻ വ്യാപാരി സംഘടനകൾക്കുള്ള പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് നിലവിലെ നീക്കമെന്നും അഭ്യൂഹമുണ്ട്. നിലവിൽ സപ്ലൈക്കോയുടെ മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള വിൽപ്പന ശാലകൾ വഴി നിലവിൽ റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി സാധനങ്ങൾ നൽകുന്നുണ്ട്. ഈ സംവിധാനമാണ് കിറ്റ് വിതരണത്തിനും ഉപയോഗിക്കാൻ ശ്രമിക്കുന്നത്.
ഈ വർഷത്തെ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ആറ് മുതൽ ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. മാവേലി സ്‌റ്റോറുകൾ വഴിയായിരിക്കും അർഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നത് എന്നും വിവരമുണ്ടായിരുന്നു. 13 ഇനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത് എന്നാണ് അറിയിച്ചിരുന്നത്. എ എ വൈ കാർഡ് ഉടമകൾക്കാണ് കിറ്റ് ലഭിക്കുക.
ആറുലക്ഷം പേർക്ക് 36 കോടി രൂപ ചിലവിലാണ് കിറ്റ് ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബർ ആറ് മുതൽ സപ്ലൈകോ വഴി ഓണ വിപണി ആരംഭിക്കും എന്നും അറിയിപ്പുണ്ട്. ജൈവ പച്ചക്കറി ഫെയറും ഇത്തവണ ഒരുക്കുന്നുണ്ട് എന്നാണ് അധികൃതർ പുറത്തുവിട്ട വിവരം.
കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകൾ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് സംഘടിപ്പിക്കാനും നീക്കമുണ്ട്. സെപ്റ്റംബർ 6 മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.