School Holiday: സ്‌കൂള്‍ ശാസ്‌ത്രോത്സവം; 27 സ്‌കൂളുകള്‍ക്കും 6 സിബിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി
School Holiday: മേള നടക്കുന്ന ആലപ്പുഴയിലെ 27 സ്കൂളുകൾക്കും വാഹനം വിട്ട് നൽകുന്ന 6 സിബിഎസ്ഇ സ്കൂളുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 15,18 ദിവസങ്ങളിലാണ് ആലപ്പുഴ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട് 27 സ്‌കൂളുകൾക്കും ആറ് സിബിഎസ്ഇ സ്‌കൂളുകൾക്കും രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് കളക്ടർ. മേള നടക്കുന്ന ആലപ്പുഴയിലെ 27 സ്കൂളുകൾക്കും വാഹനം വിട്ട് നൽകുന്ന 6 സിബിഎസ്ഇ സ്കൂളുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 15,18 ദിവസങ്ങളിലാണ് ആലപ്പുഴ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന മൽസരാർത്ഥികളെയും അധ്യാപകരേയും ശാസ്ത്രമേള നടക്കുന്ന വിവിധ വേദികളിലും താമസ സ്ഥലത്തും എത്തിക്കുന്നതിന് 6 സിബിഎസ്ഇ സ്കൂളുകളുടെ വാഹനം അനുവദിക്കാനും കളക്ടർ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് ആകെ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികൾ സ്കൂൾ അധികൃതർ സ്വീകരിക്കണമെന്നും കളക്ടറുടെ ഉത്തരവിലുണ്ട്.
അതേസമയം കേരള സ്‌കൂൾ ശാസ്‌ത്രോത്സവവും വെക്കേഷണൽ എക്‌സ്‌പോയും നവംബർ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസിൽ വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാവും. നവംബർ 15 മുതൽ 18 വരെ നഗരത്തിലെ അഞ്ച് സ്‌കൂളുകളിലായാണ് ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നത്.
ലിയോതേർട്ടീന്ത് ഹൈസ്‌കൂൾ, ലജ്‌നത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് ജോസഫ് ഹൈസ്‌കൂൾ, എസ്ഡിവി ബോയ്സ്, ഗേൾസ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് മേള നടക്കുന്നത്. പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേർട്ടീന്ത് സ്‌കൂളിൽ ശാസ്ത്രമേളയും, ലജ്‌നത്തുൽ മുഹമ്മദീയ ഹൈസ്‌കൂളിൽ ഗണിതശാസ്ത്രമേളയും, എസ്ഡിവി ബോയ്സ്, ഗേൾസ് സ്‌കൂളുകളിൽ പ്രവൃത്തിപരിചയമേളയുമാണ് നടക്കുന്നത്. കൂടാതെ കരിയർ സെമിനാർ, കരിയർ എക്സിബിഷൻ, കലാപരിപാടികൾ തുടങ്ങിയവും ലിയോ തേർട്ടീന്ത് സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിൽ നടക്കും.