Gowry Lekshmi: ‘അന്ന് ഞാൻ മൈനർ ആയിരുന്നു, ഏറെ ആരാധിച്ച വ്യക്തിയിൽ നിന്നും അത്തരത്തിലൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ല’; വെളിപ്പെടുത്തലുമായി ഗൗരി ലക്ഷ്മി
Gowri Lekshmi Opens Up About The Harsh Reality of Cinema Industry: മലയാള ചലച്ചിത്ര മേഖലയുടെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന ഭയാനകമായ സത്യങ്ങൾ ആണ് പുറത്ത് വരുന്നത്. ചിത്രങ്ങളിൽ നമ്മൾ കാണുന്ന വർണ്ണാഭമായ രംഗങ്ങൾ അല്ല യാഥാര്‍ത്ഥ്യത്തിൽ സംഭവിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ച് രംഗത്ത് വന്നത്. ഇപ്പോഴിതാ, ഗായിക ഗൗരി ലക്ഷ്മിയും (Gowry Lekshmi) തനിക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. പാട്ടിലൂടെ വിപ്ലവം തീർക്കുന്ന ആളാണ് ഗൗരി ലക്ഷ്മി. ഗൗരിയുടെ ‘മുറിവ്’ എന്ന ഗാനത്തിന്റെ പ്രമേയം തന്നെ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളുടെ ആഗാതമായ അനുഭവങ്ങളെ കുറിച്ചാണ്. അടുത്തിടെ പുറത്തിറങ്ങിയ ഈ ഗാനം സമൂഹമാധ്യമങ്ങളിലും, പ്രത്യേകിച്ചും സ്ത്രീകൾക്കിടയിലും ഏറെ ശ്രദ്ധ നേടിയിരുന്നു.
“ഈ വ്യയസായത്തിന്റെ ഭാഗമായുള്ള എനിക്കറിയാവുന്ന മിക്ക സ്ത്രീകളും ഇതിലൂടെ കടന്നു പോയിട്ടുണ്ട്. അതിനാൽ റിപ്പോർട്ട് എന്നെ ഞെട്ടിച്ചില്ല. ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ ഈ ഇൻഡസ്ട്രിയിൽ വന്ന ആളാണ്. അന്ന് ഞാൻ മൈനർ കൂടെ ആയിരുന്നു. ഇപ്പോഴായിരുന്നെങ്കിൽ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുമായിരുന്നു. ഞാൻ ഏറെ ആരാധിച്ചിരുന്ന ഒരു മ്യൂസിക് ഡയറക്ടർ ആദ്യം വളരെ സ്നേഹത്തോടെ എന്നോട് പെരുമാറാൻ തുടങ്ങി. പിന്നീട് സെക്ഷ്വൽ അപ്പ്രോച്ച് എന്ന രീതിയിലേക്ക് അത് എത്തുകയായിരുന്നു. ആ വ്യക്തി വർഷങ്ങൾക്ക് ശേഷം എന്നെ പാട്ട് പാടാനായി വിളിക്കുകയുണ്ടായി, എന്നാൽ ഞാൻ പോകാൻ തയ്യാറായില്ല. ഈ ഇൻഡസ്ട്രിയിൽ പ്രവേശിക്കുന്ന ആദ്യ സമയങ്ങൾ മുതൽ തന്നെ നമ്മൾ ഇത് നേരിടേണ്ടതായി വരുന്നു. ഇതൊരു പരസ്യമായിട്ടുള്ള രഹസ്യമാണ്. ഇപ്പോൾ പുതിയ യുവാക്കൾ ഇൻഡസ്ട്രിയിൽ വന്നുകൊണ്ടിരിക്കുമ്പോൾ ഇതിനു ചെറിയ മാറ്റങ്ങൾ വരുന്നുണ്ട്. മ്യൂസിക് ഇൻഡസ്ട്രയിൽ പവർ ഗ്രൂപ്പ് ഉണ്ടോയെന്ന് ചോദിച്ചാൽ എനിക്കറിയില്ല, പക്ഷെ ചില വ്യക്തികളെ നമ്മൾ പ്രീതിപ്പെടുത്താൻ തയ്യാറായാൽ നമുക്ക് തുടർന്ന് ജോലികൾ കിട്ടികൊണ്ടിരിക്കും. ശമ്പളത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാനും ചിലർ നിർബന്ധിക്കാറുണ്ട്.” റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗൗരിയുടെ ഞെട്ടിക്കുന്ന വെളുപ്പെടുത്താൽ.
ALSO READ: 15 അംഗ പവർ ഗ്രൂപ്പിൽ ആരൊക്കെയെന്നറിയാം, പക്ഷേ പേര് പറയില്ല: വിനയൻ
കേരളത്തിലെ ജനങ്ങളെ ആകെ ഞെട്ടിച്ചുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. 233 പേജുകളുള്ള മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച റിപ്പോർട്ടിൽ, വ്യക്തി വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ ദുഷ് പ്രവണതകൾ, ,ചൂഷണങ്ങൾ എന്നിവ അടങ്ങുന്ന വിവരങ്ങൾ റിപ്പോർട്ടിലൂടെ തുറന്ന് കാട്ടുന്നു. വിട്ടു വീഴ്ചകൾക്ക് തയ്യാറാവാത്തവർക്ക് അവസരങ്ങളില്ല, തയ്യാറാവുന്നവർക്ക് പ്രത്യേക കോഡ് പേരുകൾ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിനിമാ രംഗത്ത് തുടക്കം മുതൽ വനിതകൾ കേൾക്കുന്ന വാക്കുകളാണ് കോംപ്രമൈസ്, അഡ്ജസ്റ്റ്‌മെന്റ് എന്നിവയെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. പുറത്തു കാണുന്ന തിളക്കം മാത്രമാണ് ഈ രംഗത്തിനുള്ളതെന്നും ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
‘സിനിമയിൽ വ്യാപകമായ ലൈംഗികചൂഷണം നടക്കുന്നുണ്ട്. അത് താഴേ തട്ടുമുതൽ തുടങ്ങുന്നു. അവസരം വേണമെങ്കിൽ സെക്‌സിന് വഴങ്ങണമെന്ന് വരെ ആവശ്യപ്പെടുന്ന അവസ്ഥയുണ്ടെന്നും റിപ്പോർട്ടിൽ തുറന്നു പറയുന്നു’. പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്ന രീതിയുമുണ്ട്. കൂടാതെ വഴങ്ങാത്തവരെ മറ്റു പ്രശ്‌നങ്ങൾ പറഞ്ഞ് ഒഴിവാക്കുന്നുമുണ്ട് എന്ന് റിപ്പോർട്ടിലെ 86-ാം ഖണ്ഡികയിൽ പരാമർശിക്കുന്നു.