Shornnur-Kannur Train Service: യാത്രാതിരക്ക് കുറയുമോ…?; ഷൊർണൂർ – കണ്ണൂർ പാസഞ്ചർ സർവീസ് ഇന്നു മുതൽ
Shornnur-Kannur Train Service Today: ഷൊർണൂരിൽ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 7.40 ഓടെ കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും രാവിലെ 8.10ന് എടുക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.30-ന് ഷൊർണൂരിൽ എത്തും. ഇതിനിടിയിലുള്ള 11 സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.
കോഴിക്കോട്: യാത്രാതിരക്ക് കുറയ്ക്കുന്നതിനായി ഷൊർണൂർ-കണ്ണൂർ (Shornnur-Kannur) പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ (Train Service) ഇന്ന് മുതൽ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 7.40 ഓടെ കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും രാവിലെ 8.10ന് എടുക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.30-ന് ഷൊർണൂരിൽ എത്തും. ഇതിനിടിയിലുള്ള 11 സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. ഹ്രസ്വദൂര യാത്രക്കാർക്ക് പുതിയ സർവീസ് ആരംഭിച്ചത് ഏറെ ഗുണപ്രദമാകും. ഇതുകൂടാതെ വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും കുറവുവരുമെന്നാണ് കണക്കാക്കുന്നത്.
ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ട്രെയിൻ സര്‍വീസ്. കണ്ണൂര്‍-ഷൊര്‍ണൂര്‍ വണ്ടി (06032) ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുക. രാവിലെ 8.10- ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30-ന് ഷൊര്‍ണൂരില്‍ എത്തും. ഇതിൽ 10 ജനറല്‍ കോച്ചുകളാണുള്ളത്. ഇന്ന് വൈകിട്ട് കണ്ണൂരില്‍ മലബാര്‍ റെയില്‍വേ പാസഞ്ചേഴ്സ് കോഡിനേഷന്‍ കമ്മറ്റി (എന്‍എംആര്‍പിസി) വണ്ടിക്ക് സ്വീകരണം നല്‍കും.
കണ്ണൂരിൽ നിന്ന് രാവിലെ 8.10-ന് പുറപ്പെടുന്ന വണ്ടി തലശ്ശേരി-8.25, മാഹി-8.36, വടകര-8.47, കൊയിലാണ്ടി-9.09, കോഴിക്കോട്-9.45, ഫറൂഖ്-10.05, പരപ്പനങ്ങാടി-10.17, താനൂർ-10.26, തിരൂർ-10.34, കുറ്റിപ്പുറം-10.49, പട്ടാമ്പി-11.01 എന്ന സമയക്രമത്തിൽ തിരികെ സർവ്വീസ് നടത്തും.
കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത സ്ഥിതിയായിരുന്നു നിലവിൽ. അഞ്ച് മണിക്കുള്ള പരശുറാമിൽ കാലുകുത്താൻ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. പിന്നാലെയെത്തുന്ന നേത്രാവതിയിലാകട്ടെ ആകെ രണ്ട് ജനറൽ കോച്ചുകൾ മാത്രമാണുള്ളത്. 6.15 ന് കണ്ണൂർ എക്സ്പ്രസ് പോയാൽ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസാണ് എത്തേണ്ടത്. എന്നാൽ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് വഴിയിൽ ഒരു മണിക്കൂറോളം പിടിച്ചിടുകയും ചെയ്യും.
നാലുമണിക്കൂറിലേറെ സമയമാണ് കോഴിക്കോട് നിന്നും വടക്കോട്ട് ട്രെയിൻ ഇല്ലാത്ത അവസ്ഥ ഉണ്ടാവുന്നത്. രാത്രിയിലുള്ള ജനശതാബ്ദിയും എക്സിക്യൂട്ടീവും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യും. ഇതോടെ കാസർകോട് പോകാനുള്ള സാധാരണ യാത്രക്കാർ വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരുന്നത്. യാത്രാ ദുരിതത്തിന് മെമു സർവീസ് വേണമെന്ന് നേരത്തെ മുതലെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ പരിഹാരമുണ്ടായത് ഇപ്പോഴാണ്.