Sabarimala : തൂങ്ങിമരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഒളിവിൽ കഴിഞ്ഞത് 15 വർഷം; ശബരിമലയിലെ സ്ഥിരം മോഷ്ടാവിനെ സാഹസികമായി പിടികൂടി പോലീസ്
Sabarimala Thief Arrested After 15 Years : ശബരിമല സീസണിലെ സ്ഥിരം മോഷ്ടാവ് പിടിയിൽ. തൂങ്ങിമരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് 15 വർഷത്തോളം ഒളിവിൽ കഴിഞ്ഞ പത്തനംതിട്ട മലയാപ്പുഴ സ്വദേശി ചന്ദ്രനെയാണ് പോലീസ് പിടികൂടിയത്.
തൂങ്ങിമരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് 15 വർഷത്തോളം ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് പിടിയിൽ. ശബരിമല സീസണിലെ സ്ഥിരം മോഷ്ടാവായ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനെയാണ് (52) പത്തനംതിട്ട പോലീസ് സാഹസികമായി പിടികൂടിയത്. തമിഴ്നാട്ടിലെ തൃച്ചിയിലുള്ള പറങ്കിമാവ് തോട്ടത്തിൽ തൂങ്ങിമരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഒന്നര പതിറ്റാണ്ട് ഒളിവിൽ കഴിഞ്ഞത്. ഇയാൾക്കെതിരെ നാല് കേസുകളാണ് നിലവിലുള്ളത്. പത്തനംതിട്ട മലയാപ്പുഴ സ്വദേശിയായ ചന്ദ്രൻ വർഷങ്ങൾക്ക് മുൻപ് നാട്ടിലുണ്ടായിരുന്ന സ്ഥലം വിറ്റ് തമിഴ്നാട്ടിലേക്ക് പോയതാണ്.
പഴയ വാറൻ്റുകളിലെ പ്രതികളെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി വിജി വിനോദ് കുമാർ നിർദ്ദേശിച്ചിരുന്നു. ഇതിൽ ചന്ദ്രനെതിരായ കേസുകളുമുണ്ടായിരുന്നു. അന്വേഷണത്തിനിടെ ചന്ദ്രനെതിരായ ഒരു കേസിലെ ജാമ്യക്കാരനായ മോഹനൻ നായരെ കണ്ടെത്തിയത് വഴിത്തിരിവായി. മലയാപ്പുഴ സ്വദേശിയായ മോഹനൻ നായർ തമിഴ്നാട്ടിലെ തൃച്ചിയിലുള്ള പറങ്കിമാവ് തോട്ടത്തിൽ ചന്ദ്രൻ തൂങ്ങിമരിച്ചതായി അറിവ് ലഭിച്ചു എന്ന് കോടതിയോടും പോലീസിനോടും വെളിപ്പെടുത്തു. അന്വേഷണം പുരോഗമിക്കവെ, തമിഴ്നാട് സ്വദേശിയായ ചന്ദ്രൻ എന്നയാൾ ശബരിമലയിലെ ഒരു കടയിൽ ജോലി ചെയ്യുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. ചന്ദ്രൻ്റെ മകൻ കായംകുളം മുതുകുളത്താണെന്നും പോലീസിന് വിവരം ലഭിച്ചു. പിന്നാലെ മുതുകുളത്തെ മകൻ്റെ വീട് കേന്ദ്രീകരിച്ചായിരുന്നു പോലീസിൻ്റെ അന്വേഷണം.
Also Read : Pudunagaram Pocso Case: 12 വയസ്സുകാരന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം: പ്രതിക്ക് 30 വർഷം കഠിനതടവ്
വളരെ രഹസ്യമായി സ്ഥലം നിരീക്ഷിച്ചുവന്ന പോലീസിന് കഴിഞ്ഞ ദിവസം നിർണായക വിവരം ലഭിച്ചു. മകൻ്റെ വീടിന് പുറത്ത് ചന്ദ്രൻ കിടന്ന് ഉറങ്ങുന്നതായി രാത്രി ഒന്നരയോടെ പോലീസിന് വിവരം ലഭിക്കുകയായിരുന്നു. പത്തനംതിട്ട എസ്ഐ ജിനുവും സംഘവും സ്ഥലത്തെത്തിയെങ്കിലും ചന്ദ്രനെ കണ്ടെത്താനായില്ല. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിൽ കനകക്കുന്ന് ബോട്ട് ജെട്ടിയിൽ നിന്ന് ചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമാസക്തനായ ഇയാളെ സാഹസികമായാണ് പോലീസ് കീഴടക്കിയത്. ചോദ്യം ചെയ്യലിനിടെ താൻ ഒളിവിലായിരുന്നു എന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
ശബരിമല സീസണിലെ സ്ഥിരം മോഷ്ടാവാണ് ഇയാൾ. സീസണിൽ വിവിധ സ്ഥലങ്ങളിൽ ജോലിക്കെന്ന വ്യാജേന എത്തി മോഷണം നടത്തി മുങ്ങുകയായിരുന്നു പതിവ്. പൊറോട്ട വീശുന്നത് അടക്കമുള്ള ജോലികളിൽ മിടുക്കനായിരുന്ന ഇയാൾക്ക് ജോലി ലഭിക്കാനും എളുപ്പമായിരുന്നു.