Sabarimala: ശബരിമലയിൽ നിയന്ത്രണങ്ങളുമായി സർക്കാർ; തീർത്ഥാടനം ഓൺലെെൻ ബുക്കിംഗ് വഴി മാത്രം, പ്രതിദിനം 80,000 പേര്‍ക്ക് മാത്രം ദര്‍ശനം
Sabarimala Temple: അനിയന്ത്രിതമായ തിരക്കിൽ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. മണ്ഡല -മകരവിളക്ക് തിരക്ക് പരിഗണിച്ച് പാർക്കിംഗിനായി നിലക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ മണ്ഡല – മകരവിളക്ക് കാലത്തെ ദർശനം ഓൺലെെൻ ബുക്കിംഗിലൂടെ മാത്രം അനുവദിക്കാൻ തീരുമാനം. ഒരു ദിവസം പരമാവധി 80,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് സൗകര്യമുണ്ടായിരിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് ഉന്നതതല യോഗത്തിലാണ് തീരുമാനം.
വെർച്ച്വൽ ക്യൂ ബുക്കിംഗ് സമയത്ത് തന്നെ ഭക്തർക്ക് യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. പരമ്പരാഗത പാത വേണോ കാനന പാത വേണോ എന്നത് ഭക്തർക്ക് തെരഞ്ഞെടുക്കാം. ഇതിലൂടെ തിരക്ക് കുറഞ്ഞ വഴി തീർത്ഥാടകർക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. കാനന പാതയിൽ തീർത്ഥാടകർക്ക് വിശ്രമിക്കാനും മറ്റുമുള്ള സൗകര്യങ്ങൾ ഒരുക്കും.
അനിയന്ത്രിതമായ തിരക്കിൽ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. മണ്ഡല -മകരവിളക്ക് തിരക്ക് പരിഗണിച്ച് പാർക്കിംഗിനായി നിലക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റ പണിയും ഗ്രൗണ്ടുകളുടെ നവീകരണവും ഉടന്‍ പൂര്‍ത്തിയാക്കും.
തീർത്ഥാടകരെ നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിരിക്കുന്ന സേനാംഗങ്ങളുടെ ആരോഗ്യപരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ഒക്ടോബർ 31-ന് അകം ശബരി ഗസ്റ്റ് ഹൗസിന്റെ പണികൾ പൂർത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
കഴിഞ്ഞ തീർത്ഥാടന കാലത്ത് സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും തിരക്ക് കാരണം ഹെെക്കോടതിയിൽ കാരണം ബോധിപ്പിക്കേണ്ട സ്ഥിതിയുണ്ട്. 10 മണിക്കൂറിലധികം കാത്ത് നിന്നാണ് ഭക്തർ ദർശനം നടത്തിയത്. കനത്ത തിരക്കിനെ തുടർന്ന് പലരും കുഴഞ്ഞ് വീഴുകയും ദർശനം നടത്താതെ മടങ്ങി പോകുകയും ചെയ്തിരുന്നു. തീർത്ഥാടകരുടെ അനിയന്ത്രിതമായ വരവായിരുന്നു കാരണം.
സ്പോട്ട് ബുക്കിംഗും വെർച്ച്വൽ ക്യൂവും വഴി ഒരു ലക്ഷത്തിലധികം ആളുകൾ ഒരേ സമയം ദർശനത്തിനായി എത്തിച്ചേരുന്ന സാഹചര്യമുണ്ടായി. ഇത് ഒഴിവാക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്.
അതേസമയം, അവലോകന യോഗത്തിൽ ക്രമസമാധന ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാർ പങ്കെടുത്തില്ല. മാറി നിൽക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതായാണ് സൂചന. യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.