Rooster : അയൽവാസിയുടെ കോഴി കൂവുന്നത് ഉറക്കം കളയുന്നു; വീട്ടമ്മയുടെ പരാതിയിൽ ഷൊർണൂർ നഗരസഭയിൽ ചർച്ച
Rooster Noise Pollution : അയൽവാസിയുടെ കോഴി കൂവുന്നത് ഉറക്കം നഷ്ടപ്പെടുത്തുന്നു എന്ന പരാതിയുമായി പാലക്കാട്ടെ വീട്ടമ്മ. ഷൊർണൂർ നഗരസഭ പത്താം വാർഡിൽ താമസിക്കുന്ന വീട്ടമ്മയുടെ പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭാധ്യക്ഷൻ ആവശ്യപ്പെട്ടു.
അയൽവാസിയുടെ കോഴി കൂവുന്നത് ഉറക്കം കളയുന്നു എന്ന പരാതിയുമായി വീട്ടമ്മ. പാലക്കാട് ഷൊർണൂരിലാണ് സംഭവം. പത്താം വാർഡിൽ നിന്ന് ലഭിച്ച പരാതിയിൽ ചർച്ച നടത്തിയ നഗരസഭ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
അയൽവീട്ടിലെ കോഴിയുടെ കൂവൽ കാരണം ഉറങ്ങാനാവുന്നില്ലെന്നും കൂട് വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നുമൊക്കെയായിരുന്നു നഗരസഭയിലെ കാരക്കാട് വാർഡ് കൗൺസിലർക്ക് വീട്ടമ്മ നൽകിയ പരാതി. കൂട് വൃത്തിയല്ലെന്ന പരാതിയിൽ നഗരസഭ ആരോഗ്യവിഭാഗം ഉടൻ നടപടിയെടുത്തു. എതിർ കക്ഷിയോട് കൂട് വൃത്തിയായി സൂക്ഷിക്കാൻ നിർദ്ദേശം നൽകി. എന്നാൽ, കൂവലിൻ്റെ കാര്യത്തിൽ പരിഹാരമായില്ല. ഇതോടെ വീട്ടമ്മ വീണ്ടും പരാതിയുമായെത്തി.
രണ്ടാമതും പരാതിലഭിച്ചതിനെ തുടർന്ന് വിഷയം വാർഡ് കൗൺസിലർ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു. ഇതോടെ വിഷയത്തിൽ കൂലങ്കഷമായ ചർച്ച നടന്നു. കോഴി കൂവുന്നതിൽ എന്ത് ചെയ്യാനാവുമെന്ന് ചോദ്യമുയർന്നെങ്കിലും സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവിഭാഗത്തിന് നഗരസഭാധ്യക്ഷൻ നിർദ്ദേശം നൽകി.