Christmas New Year Bumper 2025: 20 കോടിയുടെ ഭാഗ്യം പോക്കറ്റിലിരിക്കും! സംസ്ഥാനത്ത് കുതിച്ചുയർന്ന് ക്രിസ്തുമസ് – ന്യൂഇയർ ബമ്പർ വിൽപ്പന
Christmas New Year Bumper 2025 Ticket Sale: പാലക്കാട് ജില്ലയാണ് നിലവിൽ ടിക്കറ്റ് വില്പനയിൽ ഒന്നാം സ്ഥാനത്തുള്ളത്. 4,32,900 ടിക്കറ്റുകളാണ് ഇതിനോടകം പാലക്കാട് ജില്ലയിൽ വിറ്റഴിച്ചത്.
തിരുവനന്തപുരം: ബമ്പർ ലോട്ടറിയേതായാലും സംസ്ഥാനത്ത് ലോട്ടറി വിൽപ്പന റോക്കറ്റ് പോലെ കുതിച്ചുയരുമെന്ന് ഉറപ്പാണ്. മലയാളികൾ മാത്രമല്ല, അന്യസംസ്ഥാനത്ത് നിന്നുള്ളവരും കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ബമ്പർ ലോട്ടറി വാങ്ങാനായി എത്താറുണ്ട്. 2025 ൻ്റെ തുടക്കത്തിലും വില്പനയിൽ കുതിപ്പു തുടർന്നിരിക്കുകയാണ് ക്രിസ്തുമസ് – ന്യൂഇയർ ബമ്പർ. ആദ്യ ഘട്ടത്തിൽ ലോട്ടറി വകുപ്പ് മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് വിതരണത്തിനായി എത്തിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗവും വിറ്റഴിച്ചതയാണ് ലോട്ടറി വകുപ്പിന്റെ കണക്ക്. ജനുവരി 03(വെള്ളി) വരെയുള്ള കണക്ക് അനുസരിച്ച് ബമ്പർ ഭാഗ്യക്കുറിയുടെ 20, 73 , 230 ടിക്കറ്റുകളും വിറ്റുപോയി. പൂജ ബമ്പർ നറുക്കെടുപ്പ് പൂർത്തിയായതിന് ശേഷം കഴിഞ്ഞ മാസം 17 നാണ് ക്രിസ്തുമസ് – ന്യൂഇയർ ടിക്കറ്റ് വില്പന തുടങ്ങിയത്.
സമ്മാനഘടനയിൽ വരുത്തിയ ആകർഷകമായ മാറ്റമാണ് വില്പന കുതിച്ചുയരാൻ കാരണമായത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ക്രിസ്തുമസ് – ന്യൂഇയർ ഭാഗ്യശാലിക്ക് 20 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 20 പേർക്ക് ഒരു കോടി വീതം രണ്ടാം സമ്മാനവും ലോട്ടറി വകുപ്പ് നൽകുന്നുണ്ട്. മൂന്നാം സമ്മാനമായി 3 പേർക്ക് 10 ലക്ഷം വീതം സമ്മാനം നൽകും. നാലാം സമ്മാനം ഓരോ സീരീസിലുമുള്ള രണ്ട് പേർ എന്ന ക്രമത്തിൽ 3 ലക്ഷം രൂപ വീതം 20 പേർക്കും, അഞ്ചാം സമ്മാനം 20 പേർക്ക് രണ്ടു ലക്ഷം രൂപ വീതവും ലഭിക്കും.
പാലക്കാട് ജില്ലയാണ് നിലവിൽ ടിക്കറ്റ് വില്പനയിൽ ഒന്നാം സ്ഥാനത്തുള്ളത്. 4,32,900 ടിക്കറ്റുകളാണ് ഇതിനോടകം പാലക്കാട് ജില്ലയിൽ വിറ്റഴിച്ചത്. തിരുവനന്തപുരമാണ് ടിക്കറ്റ് വിൽപ്പനയിൽ രണ്ടാമതുള്ള ജില്ല. 2,34, 430 ടിക്കറ്റുകളാണ് തിരുവനന്തപുരത്ത് വിറ്റഴിച്ചത്. 2,14,120 ടിക്കറ്റുകൾ വിറ്റഴിച്ച് വിൽപ്പനയിൽ തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. 400 രൂപയാണ് ക്രിസ്തുമസ് – ന്യൂഇയർ ബമ്പർ ടിക്കറ്റ് നിരക്ക്. ഈ ബമ്പറിൻ്റെ നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും.
ക്രിസ്തുമസ് – ന്യൂഇയർ ബമ്പർ സമ്മാനഘടന
ഒന്നാം സമ്മാനം – 20 കോടി രൂപ
സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ
രണ്ടാം സമ്മാനം – ഒരു കോടി രൂപ
മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ
നാലാം സമ്മാനം – മൂന്ന് ലക്ഷം രൂപ
അഞ്ചാം സമ്മാനം – രണ്ട് ലക്ഷം രൂപ
ആറാം സമ്മാനം – 5,000 രൂപ
ഏഴാം സമ്മാനം – 2,000 രൂപ
എട്ടാം സമ്മാനം – 1,000 രൂപ
ഒമ്പതാം സമ്മാനം – 500 രൂപ
പത്താം സമ്മാനം – 400 രൂപ
അതേസമയം, സംസ്ഥാനത്ത് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ എത്താൻ വൈകിയത് ഏറെ ചർച്ചയായിരുന്നു. സമ്മാനഘടനയിലെ മാറ്റത്തെ തുടർന്നുള്ള ലോട്ടറി ഏജൻ്റുമാരുടെ പ്രതിഷേധമാണ് ബമ്പർ എത്താൻ വൈകിയത്. നറുക്കെടുപ്പില്‍ യഥാക്രമം 5000, 2000,1000 എന്നീങ്ങനെ ലഭിക്കുന്ന സമ്മാനങ്ങള്‍ വെട്ടിച്ചുരുക്കിയതിലായിരുന്നു ഏജന്റുമാരുടെ പ്രതിഷേധം. പ്രശ്നങ്ങൾ പരിഹരിച്ച് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി ഡിസംബർ 17ന് വിപണിയിലെത്തി. വിപണയിലെത്തിയ ടിക്കറ്റിന് മികച്ച പ്രതികരണവും ലഭിച്ചു.