Ration Mustering: റേഷൻ മസ്റ്ററിങ് എട്ടിന് അവസാനിക്കും; ഇതുവരെ നടത്തിയത് ഒരു കോടിയിലേറെപ്പേർ
Ration Card Mustering:മുൻഗണനാ റേഷൻ കാർഡുകളായ മഞ്ഞ, പിങ്ക് എന്നിവയിലെ 1.05 കോടിയിൽ പരം ആളുകളാണ് ഇതുവരെ മസ്റ്ററിങ് നടത്തിയത്. 1.53 കോടി അംഗങ്ങളാണ് പട്ടികയിൽ ഉള്ളത്. ഇതിൽ ഇനി 48 ലക്ഷത്തിൽപരം പേർ കൂടി മസ്റ്ററിങ് നടത്താനുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് പുരോഗമിക്കുന്നു. ഒക്ടോബർ എട്ടാം തീയതി വരെയാണ് മസ്റ്ററിങ് നടത്താനുള്ള അവസരം. മുൻഗണനാ റേഷൻ കാർഡുകളായ മഞ്ഞ, പിങ്ക് എന്നിവയിലെ 1.05 കോടിയിൽ പരം ആളുകളാണ് ഇതുവരെ മസ്റ്ററിങ് നടത്തിയത്. 1.53 കോടി അംഗങ്ങളാണ് പട്ടികയിൽ ഉള്ളത്. ഇതിൽ ഇനി 48 ലക്ഷത്തിൽപരം പേർ കൂടി മസ്റ്ററിങ് നടത്താനുണ്ട്. ഇവർ കൂടി നടത്തിയാലേ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം എട്ടിനു മസ്റ്ററിങ് പൂർത്തിയാകൂ. സമയം നീട്ടിനൽകണമെന്ന് വ്യാപാരികളുടെ സംഘടനകൾ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് സംസ്ഥാന സർക്കാർ മസ്റ്ററിങ് നടത്താൻ തീരുമാനിച്ചത്. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന്റെ ഭാഗമായി (ഇ–കൈവൈസി) മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻ കടകളിലെത്തി ഇ പോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിച്ച് ബയോ മസ്റ്ററിങ് നടത്തണം. കിടപ്പുരോഗികൾ, വിരലടയാളത്തിലൂടെ ബയോ മെട്രിക് വിവരങ്ങൾ പതിയാത്തവർ, 10 വയസ്സിനു താഴെയുള്ള കുട്ടികൾ എന്നിവരുടെ മസ്റ്ററിങ് നടത്താൻ പ്രത്യേക സംവിധാനം ഇനിയും ആരംഭിച്ചിട്ടില്ല. താലൂക്ക് സപ്ലൈ ഓഫിസുകളിൽ അറിയിച്ചാൽ കിടപ്പുരോഗികളുടെ വീട്ടിലെത്തുമെന്ന് അധികൃതർ പറഞ്ഞു. സൗജന്യ റേഷൻ ലഭിക്കുന്നവർ തുടർന്നും അർഹരാണെന്ന് ഉറപ്പിക്കാനാണ് ബയോമെട്രിക് വിവരങ്ങളിലൂടെ മസ്റ്ററിങ് നടത്തുന്നത്. മസ്റ്ററിങ് സമയത്ത് റേഷൻ കാർഡും ആധാർ കാർഡും നിർബന്ധമായും കരുതണം.
ആരാണ് മസ്റ്ററിങ് ചെയ്യേണ്ടത്?
മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളായിട്ടുള്ള ആളുകളാണ് മസ്റ്ററിങ് നടത്തേണ്ടത്. എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളും അവരുടെ റേഷന്‍ കടകളിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് റേഷന്‍ മസ്റ്ററിങ് നടക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് നടത്തുന്നതെന്നാണ് വിവരം. സെപ്റ്റംബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 24 വരെ തിരുവനന്തപുരം ജില്ലയിലായിരിക്കും മസ്റ്ററിങ് നടത്തുക. അത് കഴിഞ്ഞ് സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ മസ്റ്ററിങ് നടക്കും. പിന്നീട് ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ടുവരെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും മസ്റ്ററിങ് നടക്കുന്നതാണ്.