Ration Card Mustering: തടസങ്ങള്‍ മാറി; മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് റേഷന്‍ മസ്റ്ററിങ് പുനരാരംഭിക്കുന്നു
Ration Card: സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനും ഐടി മിഷനും കൂടുതല്‍ സമയം വേണ്ടി വരുന്നതിനാലായിരുന്നു നേരത്തെ റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവെച്ചിരുന്നത്.
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന റേഷന്‍ മസ്റ്ററിങ് പുനരാരംഭിക്കുന്നു. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് ആണ് വീണ്ടും ആരംഭിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ റേഷന്‍ വിതരണത്തെ ബാധിക്കാത്ത രീതിയിലായിരിക്കണം മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് മസ്റ്ററിങ് ചെയ്യാനുള്ള സമയപരിധി.
മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് നടത്തുന്നതെന്നാണ് വിവരം. സെപ്റ്റംബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 24 വരെ തിരുവനന്തപുരം ജില്ലയിലായിരിക്കും മസ്റ്ററിങ് നടത്തുക. അത് കഴിഞ്ഞ് സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ മസ്റ്ററിങ് നടക്കും. പിന്നീട് ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ടുവരെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും മസ്റ്ററിങ് നടക്കുന്നതാണ്.
അതേസമയം, സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനും ഐടി മിഷനും കൂടുതല്‍ സമയം വേണ്ടി വരുന്നതിനാലായിരുന്നു നേരത്തെ റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവെച്ചിരുന്നത്.
ആരാണ് മസ്റ്ററിങ് ചെയ്യേണ്ടത്?
മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളായിട്ടുള്ള ആളുകളാണ് മസ്റ്ററിങ് നടത്തേണ്ടത്. എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളും അവരുടെ റേഷന്‍ കടകളിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് റേഷന്‍ മസ്റ്ററിങ് നടക്കുന്നത്.
റേഷന്‍ കാര്‍ഡുകള്‍ എന്ന് മുതല്‍?
1940ല്‍ ബംഗാളിലെ ക്ഷാമകാലത്താണ് ഇന്ത്യയില്‍ റേഷന്‍ കാര്‍ഡ് നിലവില്‍ വന്നത്. ഇതിനുശേഷം, രണ്ടാം ലോകമഹായുദ്ധസമയത്ത്, 1945 ജനുവരി 14 മുതല്‍ ഇതിന് ഒരു പദ്ധതിയായി രൂപം നല്‍കി. 1960കളില്‍ പലരും ഭക്ഷ്യക്ഷാമവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ റേഷന്‍ സംവിധാനം വീണ്ടും ആരംഭിച്ചത്.