Ration Card Correction : റേഷൻ കാർഡിൽ തെറ്റുണ്ടോ? തിരുത്താൻ അവസരമൊരുക്കി തെളിമ പദ്ധതി
Ration card correction through thelima program: ഈ തെറ്റു തിരുത്താനും വിവരങ്ങൾ പുതുക്കാനും തെളിമ പദ്ധതിയിലൂടെ അവസരമുണ്ടാകും. ഓരോ റേഷൻ കടകളിൽ ഇതിനായി പ്രത്യേക പെട്ടികൾ സ്ഥാപിച്ചിട്ടുണ്ടാകും.
തിരുവനന്തപുരം: റേഷൻ കാർഡുകളിലെ തെറ്റുകൾ പലപ്പോഴും വളരെ ഗൗരവമായ വിഷയത്തിനു കാരണമാകുന്നതിനു പുറമേ പല ആനുകൂല്യങ്ങൾ ലഭിക്കുന്നതിനേയും ബാധിക്കും. അതിനാൽ തന്നെ തിരുത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇതിന് ഒരു അവസരം ലഭിക്കാത്തവരാണ് കൂടുതൽ. അല്ലെങ്കിൽ എന്ത് ചെയ്യണം എന്ന് പലപ്പോഴും അറിവുണ്ടാകില്ല.
ഇതിനു പരിഹാരമായാണ് തെളിമ പദ്ധതി എത്തുന്നത്. തെറ്റു തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകുന്നതിനൊപ്പം അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും ഇതിലൂടെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് എടു്ക്കുമെന്നാണ് വിവരം. സിവിൽ സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തെളിമ പദ്ധതി ഈ മാസം 15 നാണ് ആരംഭിക്കുക.
ഡിസംബർ 15 വരെ പദ്ധതി നീണ്ടു നിൽക്കുമെന്നും വിവരമുണ്ട്. തെറ്റു തിരുത്താനും കാർഡിൽ മാറ്റം വരുത്താനും കാർഡ് ഉടമകൾ ഇനി റേഷൻ കടകളിൽ പോയാൽ മതി എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും പുതുതായി ആധാർ നമ്പർ ചേർക്കാനും ഇതിനൊപ്പം അവസരമുണ്ട്. കാർഡ് പുതുക്കലുമായി ബന്ധപ്പെട്ടു റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റം (ആർ സി എം എസ്) നടപ്പാക്കിയപ്പോഴും നിരവധി തെറ്റുകൾ സംഭവിച്ചിട്ടുണ്ട്.
ഈ തെറ്റു തിരുത്താനും വിവരങ്ങൾ പുതുക്കാനും തെളിമ പദ്ധതിയിലൂടെ അവസരമുണ്ടാകും. ഓരോ റേഷൻ കടകളിൽ ഇതിനായി പ്രത്യേക പെട്ടികൾ സ്ഥാപിച്ചിട്ടുണ്ടാകും. റേഷൻ കടകൾക്ക് മുന്നിൽ താഴിട്ടു പൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്‌സിൽ പരാതികളും അപേക്ഷകളും ഇട്ടാൽ മാത്രം മതി. പ്രധാനമായും അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴിൽ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകളാണ് തിരുത്തി നൽകുന്നത്. പാചക വാതക കണക്ഷൻ, വൈദ്യുതി കണക്ഷൻ എന്നീ വിവരങ്ങളും ഈ പദ്ധതി വഴി ചേർക്കാം.
മതിയായ രേഖകൾക്കൊപ്പം വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ നിക്ഷേപിച്ചാൽ മതി ഇതിനായി. അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ, അന്ത്യോദയ അന്നയോജന കാർഡുകളെക്കുറിച്ചുള്ള വിവരങ്ങളും അധികൃതരെ അറിയിക്കാനും ഇത് പ്രയോജനപ്പെടുത്താം. ഡിസംബർ 15 നു ശേഷം അപേക്ഷകളും അനുബന്ധ രേഖകളും പരിശോധിച്ചു തെറ്റുകൾ തിരുത്തുന്നതാണ്.
ബുക്ക് രൂപത്തിലെ കാർഡുകൾ മാറ്റി സ്മാർട്ട് കാർഡുകളാക്കുന്നതിനു മുൻപു വിവരങ്ങൾ എല്ലാം ശരിയാണെന്ന് ഉറപ്പാക്കുകയാണു തെളിമയുടെ ലക്ഷ്യം എന്ന് അധികൃതർ വ്യക്തമാക്കുന്നു. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ്, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ കാർഡിലെ തെറ്റുകൾ കാരണം മസ്റ്ററിങ്ങ് നിരസിക്കപ്പെട്ടവർക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ്.
കാർഡിലെ തെറ്റുകൾ തിരുത്തിയാൽ ഇവർക്ക് വീണ്ടും മസ്റ്ററിങ്ങ് നടത്താനാകും എന്നതാണ് ഏറ്റവും വലിയ സവിശേഷത. അതേസമയം, റേഷൻ കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്റെ വിസ്തീർണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്താനുള്ള അപേക്ഷകൾ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ലെന്നതും പ്രത്യേകം ഓർക്കണം. അത്തരം അപേക്ഷകൾ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ, സിറ്റിസൺ ലോഗിൻ മുഖേന വകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ.