5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

P V Anwar: ‘മാറ്റത്തിന് സമയമായി’; പിവി അൻവർ പാർട്ടി പ്രഖ്യാപനം ഇന്ന്, ഡിഎംകെയുടെ സഖ്യകക്ഷിയായേക്കും

PV Anwar MLA New Party Announcement: അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ പാർട്ടി ഡിഎംകെയുടെ സഖ്യകക്ഷിയായി പ്രവർത്തിക്കുമെന്നാണ് സൂചന.

P V Anwar: ‘മാറ്റത്തിന് സമയമായി’; പിവി അൻവർ പാർട്ടി പ്രഖ്യാപനം ഇന്ന്, ഡിഎംകെയുടെ സഖ്യകക്ഷിയായേക്കും
പിവി അൻവർ എംഎൽഎ (Image Credits: PV Anwar Facebook)
nandha-das
Nandha Das | Updated On: 06 Oct 2024 08:24 AM

മലപ്പുറം: പിവി അൻവറിന്റെ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഡെമോക്രാറ്റിക്‌ മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നായിരിക്കും പാർട്ടിയുടെ പേരെന്നാണ് സൂചന. മഞ്ചേരിയിൽ ഇന്ന് (സെപ്റ്റംബർ 6) വൈകിട്ട് നടക്കുന്ന നയവിശദീകരണ യോഗത്തിൽ വെച്ചാണ് പാർട്ടി പ്രഖ്യാപനം നടത്തുക. യോഗം തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്നും, മറിച്ചുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധം ആണെന്നും അൻവർ അറിയിച്ചിരുന്നു.

പിവി അൻവറിന്റെ പാർട്ടി തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം, അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പാർട്ടിയെ ഡിഎംകെയുടെ സഖ്യകഷിയാക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് കത്ത് നൽകിയിട്ടുണ്ടെന്നാണ് സൂചന. പുതിയ പാർട്ടി രൂപീകരിച്ച്, ഡിഎംകെയുമായി സഹകരിച്ച്, ഇന്ത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് അൻവറിന്റെ നീക്കമെന്നാണ് റിപോർട്ടുകൾ.

ALSO READ: പൊളിറ്റിക്കൽ സെക്രട്ടറി പരാതിയുമായി എത്തുന്ന സ്ത്രീകളുടെ നമ്പർ വാങ്ങുന്നു, ശൃംഗാര ഭാവത്തിൽ കോളുകൾ; പാർട്ടിയും മുഖ്യമന്ത്രിയും മാനക്കേട് താങ്ങേണ്ടി വരും: പിവി അൻവർ

അതേസമയം, അൻവറിന്റെ നയവിശദീകരണ യോഗം ഞായറഴ്ചയുണ്ടാകില്ല എന്നതരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് പിവി അൻവർ തന്നെ രംഗത്ത് വന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അൻവർ പ്രതികരിച്ചത്. “നാളെ മഞ്ചേരിയിൽ വച്ച്‌ നടത്താൻ തീരുമാനിച്ച നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം തന്നെ നടക്കും. മറിച്ചുള്ള പ്രചരണങ്ങൾ വസ്തുതാ വിരുദ്ധമാണ്. നിലവിലെ രാഷ്ട്രീയസംവിധാനങ്ങളിൽ കാതലായ മാറ്റം വരണം. എല്ലാ രംഗത്തും കാലത്തിനനുസരിച്ചുള്ള മാറ്റമുണ്ടാകണം. ജനങ്ങൾക്ക്‌ വേണ്ടിയുള്ളതാവണം ഭരണവും നിയമങ്ങളും. അത്തരം ഒരു രാഷ്ട്രീയമാണ് നമ്മൾ ലക്ഷ്യം വയ്ക്കുന്നത്‌. നിങ്ങളുടെ ഏവരുടെയും സാന്നിധ്യവും സഹകരണവും നാളെ മഞ്ചേരിയിൽ നടക്കുന്ന പരിപാടിയിൽ ഉണ്ടാവണം. ഏവരെയും സാദരം ക്ഷണിക്കുന്നു. കൂടെയുണ്ടാവണം.” അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

 

Latest News