PV Anvar Arrest : ‘അറസ്റ്റ് ചെയ്യാൻ വേണ്ടി വന്നതാണെന്ന് പറയുന്നു; ചുമത്തിയിരിക്കുന്ന കുറ്റം എന്തെന്നറിയില്ല’; പ്രതികരിച്ച് പിവി അൻവർ
PV Anvar Says He Is Unaware Of The Case Details: പോലീസ് വീട്ടിലെത്തിയിരിക്കുന്നത് തന്നെ അറസ്റ്റ് ചെയ്യാനാണെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. പി ശശിയും പിണറായി വിജയനും ഏറെക്കാലമായി തൻ്റെ അറസ്റ്റിന് കാത്തിരിക്കുകയാണ് എന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു.
തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്തെന്നറിയില്ലെന്ന് നിലമ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ പിവി അൻവർ. വീട്ടിൽ പോലീസ് വന്നത് അറസ്റ്റ് ചെയ്യാൻ വേണ്ടിയാണെന്ന് പറയുന്നു. താൻ ഡോക്ടർക്കായി കാത്തിരിക്കുകയാണെന്നും അൻവർ മനോരമ ന്യൂസിനോട് പ്രതികരിച്ചു. പിവി അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.
“വീട്ടിൽ, മലപ്പുറം ജില്ലയിലൊക്കെ പോലീസുകാരുണ്ട്. അറസ്റ്റ് ചെയ്യാൻ വേണ്ടി വന്നതാണെന്നാ പറയുന്നത്. അവർ നോട്ടീസ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഞാൻ ഡോക്ടറെ വെയിറ്റ് ചെയ്യുകയാണ്. ഡോക്ടർ വന്ന് അറസ്റ്റ് മെമ്മോ തന്നാൽ അറസ്റ്റിന് വഴങ്ങും. കേസിനെക്കുറിച്ച് ധാരണയില്ല. നോട്ടീസ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. മണി എന്ന ആദിവാസി യുവാവിനെ ഇന്നലെ വൈകിട്ടാണ് ആന ചവിട്ടിക്കൊന്നത്. അതിനെതിരെ ഇന്ന് പ്രതിഷേധമുണ്ടായിരുന്നു. അതിൻ്റെ ഭാഗമായാണ് ഡിഎഫ്ഒ ഓഫീസിൽ കയറി അക്രമിച്ചത് എന്നാണ് പറയുന്നത്. വകുപ്പുകൾ ഏതൊക്കെയാണ് എന്ന് പോലീസ് പറഞ്ഞിട്ടില്ല. പാർട്ടി പ്രവർത്തകർ വീടിന് ചുറ്റുമുണ്ട്. അറസ്റ്റുണ്ടായാൽ അതിന് വഴങ്ങും. എംഎൽഎ ആണല്ലോ. ആ മര്യാദ പാലിയ്ക്കും.”- പിവി അൻവർ എംഎൽഎ പ്രതികരിച്ചു.
Also Read : PV Anwar MLA Arrest: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവം; പിവി അൻവർ എംഎൽഎ അറസ്റ്റിൽ
എത്രയോ കാലമായി പിണറായി വിജയനും പി ശശിയും അറസ്റ്റിന് കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പലരെക്കൊണ്ട് കൊടുപ്പിച്ച പരാതികളില്ലേ. ഇതിപ്പോൾ അതിൽ കൂട്ടിക്കെട്ടാനുള്ള അവസരമാണല്ലോ. കൂട്ടിക്കെട്ടിക്കോട്ടെ. ഗൂഢാലോചനയുണ്ട് എന്നതിൽ സംശയമില്ല. നിയമപരമായിത്തന്നെ നേരിടും. പത്തിരുപത് പോലീസ് വണ്ടിയൊക്കെ പുറത്തുണ്ടെന്ന് പറയപ്പെടുന്നു എന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
പിവി അൻവർ എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കണ്ടാലറിയാവുന്ന 11 പേർക്കെതിരെയാണ് കേസ്. പിവി അൻവർ ആണ് ഒന്നാം പ്രതി. പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു എന്നും എഫ്ഐആറിലുണ്ട്.
ശനിയാഴ്ച രാത്രിയാണ് കേസെടുക്കുന്നതിലേക്ക് നയിച്ച സംഭവം നടന്നത്. മലപ്പുറം കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസി യുവാവിനെ കാട്ടാന അടിച്ചു കൊന്ന സംഭവത്തിലെ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് സംഘം അകത്തുകയറുകയും സാധന സാമഗ്രികള്‍ നശിപ്പിക്കുകയുമായിരുന്നു. പിന്നാലെ ജില്ലാ ആശുപത്രിയിലെത്തി ഇവർ പ്രതിഷേധിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് പോലീസ് കേസെടുത്തത്.
ഡിവൈഎസ്‌പി ബാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പിവി അൻവർ എംഎൽഎയുടെ വീട് വളഞ്ഞിരിക്കുന്നത്. ഡിഎംകെ പാർട്ടി പ്രവർത്തകരും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. അറസ്റ്റിനോട് സഹകരിക്കുമെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും പിവി അൻവർ പറഞ്ഞു. അറസ്റ്റിനെതിരെ പാർട്ടി അണികളിൽ നിന്ന് സമാധാനപരമായ പ്രതിഷേധം ഉണ്ടാവുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് ടെലിഫോണിൽ അറിയിച്ചു.