PV Anvar: മലബാറിൽ പുതിയ ജില്ല; മലപ്പുറവും കോഴിക്കോടും വിഭജിക്കണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള
Kozhikode and Malappuram Partition: ഒരു ജില്ലാ ഭരണകൂടത്തിന്റെ തലവനാണ് ജില്ലാ കളക്ടർ. മൂന്ന് കളക്ടർമാർക്ക് നോക്കാനുള്ള അത്രയും ഫയലുകളാണ് മലപ്പുറം ജില്ലാ കളക്ടറുടെ മേൽ വരുന്നത്. ത്രിപുര, മണിപ്പൂർ, മേഖാലയ, തുടങ്ങി ഇന്ത്യയിലെ എട്ടോളം സംസ്ഥാനങ്ങളേക്കാൾ കൂടുതൽ അധികം വരുന്ന ജനസംഖ്യയാണ് മലപ്പുറത്ത്.
മലപ്പുറം: മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ (PV Anvar). മലപ്പുറം -കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിനായി ഡിഎംകെ പോരാടും. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടുമെന്നും ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിന് അനുസൃതമായിട്ടായിരിക്കും ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യമെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.
ഐക്യ കേരളം രൂപം കൊള്ളുമ്പോൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ എന്നീ അഞ്ച് ജില്ലകളാണ് ഉണ്ടായിരുന്നത്. 1957-ൽ മലബാർ ജില്ലയെ പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളാക്കി വിഭജിച്ചു. പലവിധ വിവാദങ്ങൾക്കും കുപ്രചരണങ്ങൾക്കും ശേഷം 1969 ജൂൺ 16-ന് മലപ്പുറം ജില്ല രൂപീകരിക്കുമ്പോൾ ജനസംഖ്യ 14 ലക്ഷമായിരുന്നു. നിലവിലെ ജനസംഖ്യ 45 ലക്ഷത്തിന് മുകളിലാണ്. പത്തനംതിട്ട , കോട്ടയം, ഇടുക്കി, എന്നിങ്ങനെ മൂന്ന് ജില്ലകളും കൂടിയുള്ളതിനെക്കാൾ ജനസംഖ്യയുണ്ട് മലപ്പുറത്ത്.
ഒരു ജില്ലാ ഭരണകൂടത്തിന്റെ തലവനാണ് ജില്ലാ കളക്ടർ. മൂന്ന് കളക്ടർമാർക്ക് നോക്കാനുള്ള അത്രയും ഫയലുകളാണ് മലപ്പുറം ജില്ലാ കളക്ടറുടെ മേൽ വരുന്നത്. ത്രിപുര, മണിപ്പൂർ, മേഖാലയ, തുടങ്ങി ഇന്ത്യയിലെ എട്ടോളം സംസ്ഥാനങ്ങളേക്കാൾ കൂടുതൽ അധികം വരുന്ന ജനസംഖ്യയാണ് മലപ്പുറത്ത്. സർക്കാർ പദ്ധതികളും സംരഭങ്ങളും വഴി ജനജീവിതത്തിന്റെ താഴെ തട്ടിലേക്ക് സേവന പ്രവർത്തനങ്ങൾ എത്തുന്നതിന് ഈ വലിയ ജനസംഖ്യ തടസമാണ്. റവന്യൂ ഓഫീസ്, തദ്ദേശ സ്വയംഭരണ ആരോഗ്യ വിദ്യാഭ്യാസ ഓഫീസ് തുടങ്ങി സർവ്വത്ര മേഖലകളിലും വികസന മുരടിപ്പ് മലപ്പുറത്ത് വർദ്ധിച്ചിട്ടുണ്ട്.
പ്രെെമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ വരെ ഈ കുറവ് കാണാം. എല്ലാ അധ്യായന വർഷങ്ങളുടെ തുടക്കത്തിലും പ്ലസ് വൺ അഡ്മിഷൻ വിവാദങ്ങൾക്കിടയിൽ മാത്രമാണ് സീറ്റ് വർദ്ധനയെന്ന ആവശ്യം ഉയർന്നുവരാറ്. മലപ്പുറം ജില്ലയുടെ സമാനമായ അവസ്ഥയാണ് കോഴിക്കോട് ജില്ലയിലും ഉളളത്. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിക്കേണ്ട സാഹചര്യമുണ്ട്. നിലവിലെ മലപ്പുറം ജില്ലയുടെ വടക്ക് കോഴിക്കോട് ജില്ലയുടെ തെക്ക് പ്രദേശങ്ങൾ ഉൾപ്പെടുത്തി 15-ാമത് ജില്ല രൂപീകരണമെന്ന് ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള ആവശ്യപ്പെടുന്നു.
Also Read: PV Anvar; ‘എന്റെ ഡിഎംകെ രാഷ്ട്രീയ പാർട്ടിയല്ല, സോഷ്യൽ മൂവ്മെന്റാണ്’; പിവി അൻവർ
വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സർക്കാർ സ്കൂളുകളിലെ അധ്യാപകർ സ്വന്തം കുട്ടികളെ സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്കൂളുകളിലെ ബിപിഎൽ വിദ്യാർഥികൾക്കായി മാറ്റിവയ്ക്കണം.വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. പലസ്തീനിനോടുള്ള സമീപനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും അൻവർ നയപ്രഖ്യാപന വേളയിൽ വ്യക്തമാക്കി.