PV Anvar : ‘പിണറായിയുടെ അപ്പൻ്റെ അപ്പൻ വന്നാലും മറുപടി കൊടുക്കുമെന്ന പ്രസ്താവന നാക്കുപിഴ’; മാപ്പുചോദിച്ച് പിവി അൻവർ
PV Anvar MLA Pinarayi Vijayan : മുഖ്യമന്ത്രി പിണറായി വിജയനോടും കുടുംബത്തോടും മാപ്പ് ചോദിച്ച് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് മാപ്പ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പിവി അൻവർ എംഎൽഎ. പ്രസ്താവന നാക്കുപിഴയായിരുന്നു. മുഖ്യമന്ത്രിയോട് മാപ്പപേക്ഷിക്കുകയാണെന്നും തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയിൽ അൻവർ പറഞ്ഞു. ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’ എന്ന് മാധ്യമങ്ങളോട് പറഞ്ഞ പ്രസ്താവനയിലാണ് അൻവറിൻ്റെ മാപ്പ്.
നിയമസഭാ മന്ദിരത്തിന് മുന്നിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിൽ വച്ച് തനിക്ക് നാക്കുപിഴ സംഭവിച്ചു. സഭാ സമ്മേളനത്തിൽ പങ്കെടുത്ത് തിരികെയെത്തിയപ്പോൾ ഓഫീസാണ് ഇത് ശ്രദ്ധയില്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച്, ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’ എന്ന് പരാമർശിച്ചിരുന്നു. അങ്ങനെയല്ല ഉദ്ദേശിച്ചത്, തന്നെ കള്ളനാക്കിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തോടുള്ള മറുപടിയായിരുന്നു അത്. എത്ര വലിയ ആളായാലും താൻ പ്രതികരിക്കുമെന്നാണ് ഉദ്ദേശിച്ചത്. വാക്കുകൾ അങ്ങനെ ആയിപ്പോയതിൽ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തിനോടും മാപ്പ് ചോദിക്കുന്നു.’- വിഡിയോയിൽ പിവി അൻവർ പറഞ്ഞു.
Also Read : Kerala Rain Alert: ഇന്നും പരക്കെ മഴക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
സിപിഎമ്മിൽ നിന്ന് തെറ്റിപ്പിരിഞ്ഞ പിവി അൻവർ എംഎൽഎ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടന രൂപീകരിച്ചിരുന്നു. മലപ്പുറം -കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപീകരിക്കണമെന്നതാണ് നയമെന്നും അൻവർ അറിയിച്ചു. മലബാറിനോടുളള അവഗണനയ്ക്കെതിരെ പോരാടും. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനും പോരാട്ടം നടത്തുമെന്നും അൻവർ അറിയിച്ചിരുന്നു.
ഇതിനിടെ സിപിഎമ്മിനെതിരെ അൻവർ നടത്തിയ ആരോപണങ്ങളിൽ മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്തുവന്നിരുന്നു. പി ശശിക്കെതിരെ അൻവർ പരാതിനൽകിയില്ലെന്നും വാർത്താസമ്മേളനത്തിൽ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്യുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തിയിരുന്നു. ആര് പോയാലും സിപിഎമ്മിന് ഒന്നും സംഭവിക്കില്ല, മലപ്പുറത്തിന് വേറെ അർത്ഥം കൊടുക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. മതസൗഹാർദ്ദമാണ് മലപ്പുറത്തിൻ്റെ അടിത്തറ. ഏറ്റവും വലിയ കള്ളനാണ് അൻവർ. അൻവറിനെ കള്ളനെന്ന് വിളിച്ചിരുന്ന മാധ്യമങ്ങൾ ഇപ്പോൾ രാവിലെ അൻവറിൻ്റെ വീട്ടിലെത്തു. അവർ അൻവറിനെ മഹാനാക്കി. വർഗീയ മാധ്യമങ്ങളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും ഒന്നിച്ച് ശ്രമിച്ചാലും സിപിഐഎം കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.