5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Puthuppally Sadhu : പുതുപ്പള്ളി സാധുവിനെ കണ്ടെത്തി, തുണച്ചത് കാൽപ്പാട് ; ഇനി നാട്ടിലേക്ക്

Puthuppally Sadhu was found: തുണ്ടം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് ആനയെ തിരയാനായാനായി കാട്ടിലെത്തിയത്.

Puthuppally Sadhu : പുതുപ്പള്ളി സാധുവിനെ കണ്ടെത്തി, തുണച്ചത് കാൽപ്പാട് ;  ഇനി നാട്ടിലേക്ക്
പുതുപ്പള്ളി സാധു. (Image credits - Social media)
aswathy-balachandran
Aswathy Balachandran | Updated On: 05 Oct 2024 12:08 PM

എറണാകുളം: സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധു എന്ന ആനയെ കണ്ടെത്തിയതായി അധികൃതർ. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സാധുവിനെ കണ്ടെത്തുന്നത് എന്നാണ് വിവരം. ഭൂതത്താൻകെട്ടിന് സമീപമുള്ള വനംമേഖലയിൽ വെച്ച് ആനകൾ തമ്മിൽ കുത്തുണ്ടായതിനെത്തുടർന്നാണ് സാധു കാട്ടിലേക്ക് വിരണ്ടോടിയത്. ഓടുമ്പോൾ ആനയ്ക്ക് പരിക്കേറ്റിരുന്നു.

തുണ്ടം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് ആനയെ തിരയാനായാനായി കാട്ടിലെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ ആർ ആർ ടി സംഘവും പാപ്പാൻമാരും നാട്ടുകാരും സംഘത്തിൽ ചേർന്നു. ആനയുടെ കാൽപ്പാട് തേടിയുള്ള തിരച്ചിലിലാണ് ഫലം കണ്ടത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മൂന്ന് പാപ്പാൻമാരടങ്ങുന്ന സംഘം ഭക്ഷണം നൽകി ആനയെ അനുനയിപ്പിച്ച ശേഷമാണ് ചങ്ങലയിട്ട് വനത്തിനുള്ളിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നത്.

തുടർന്ന് ആനയെ ലോറിയിലേക്ക് കയറ്റുകയും ചെയ്തു. വിജയ് ദേവര്കൊണ്ടയുടെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടക്കുന്നത്. ആന വിരണ്ടതോടെ ഷൂട്ടിങ് തൽക്കാലത്തേക്ക് നിർത്തിവച്ച് സിനിമാ സംഘം മടങ്ങിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ഏറെ നേരം തിരഞ്ഞെങ്കിലും പുതുപ്പള്ളി സാധുവിനെ കണ്ടെത്താനാവാത്തതിനെ തുടർന്ന് ഇന്നലത്തെ തിരിച്ചിൽ അവസാനിപ്പിച്ചു. കൊമ്പൻമാർ കുത്ത് കൂടിയതിനെ തുടർന്ന് മണികണ്ഠനെന്ന ആന കാടു കയറിയെങ്കിലും, വൈകാതെ കണ്ടെത്തി.

ALSO READ – പുതുപ്പള്ളി സാധുവിനെ കണ്ടെത്താൻ ഉൾവനത്തിലേക്ക്; തിരച്ചിൽ പുനരാരംഭിച്ചു

എന്നാൽ, സാധു ഭൂതത്താൻകെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കൽ തോടും തൊട്ടടുത്തുള്ള ചതുപ്പും കടന്നു പോവുകയായിരുന്നു. ഇന്ന് രാവിലെ 6.30 മുതലാണ് തിരച്ചിൽ ആരംഭിച്ചത്. സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് നടന്നിരുന്നത്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠൻ തുടരെ ‍ആക്രമിക്കുകയായിരുന്നു.

പാപ്പാൻമാരെ നിർദേശങ്ങൾ പാലിക്കാതെയായിരുന്നു ആക്രമണം. ഇത് തുടർന്നതോടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഷൂട്ടിങ്ങിനായി മൂന്ന് പിടിയാനകളെയും രണ്ട് കൊമ്പന്മാരെയുമാണ് എത്തിച്ചിരുന്നത്. ഷൂട്ടിങ് പൂർത്തിയാക്കി ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് കൊമ്പനാനകൾ തമ്മിൽ ഏറ്റുമുട്ടിയത്. കാട്ടാനകൾ ഏറെയുള്ള വനമേഖലയായതിനാൽ സാധു ഇവരുമായി ഏറ്റുമുട്ടുമോ എന്ന ആശങ്കയിലായിരുന്നു ഉദ്യോഗസ്ഥരും പാപ്പാന്മാരും.

25 വർഷങ്ങൾക്ക് മുമ്പ് അസമിൽ നിന്നുമെത്തിച്ച സാധു പൊതുവേ ശാന്ത സ്വഭാവിയാണ്. കേരളത്തിൽ എത്തിക്കുന്നതിന് മുമ്പും ആനയുടെ പേര് സാധു എന്ന് തന്നെയായിരുന്നു. നിലവിൽ 52 വയസുണ്ട് ആനയ്ക്ക്. ചെറുതും വലുതുമായി സാധു നിരവധി ഉത്സവങ്ങളുടെ ഭാഗമായിട്ടുണ്ട്. സാധു വേഗത കൂടുതലുള്ള ആനയാണെന്നാണ് പാപ്പാന്മാർ പറയുന്നത്.

Latest News