Puthuppally Sadhu Elephant: പുതുപ്പള്ളി സാധുവിനെ കണ്ടെത്താൻ ഉൾവനത്തിലേക്ക്; തിരച്ചിൽ പുനരാരംഭിച്ചു
Puthuppally Sadhu Elephant Search: അഞ്ച് ആനകളെയാണ് ഷൂട്ടിങ്ങിനായി സ്ഥലത്ത് കൊണ്ടുവന്നത്. ഇതിൽ രണ്ട് ആനകൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. സാധുവും തടത്താവിള മണികണ്ഠൻ എന്നീ ആനകളാണ് നേർക്കുനേർ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനിടെ കുത്തേറ്റ പുതുപ്പള്ളി സാധു തുണ്ടം വനമേഖലയിലേക്ക് ഓടി പോവുകയായിരുന്നു.
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയ പുതുപ്പള്ളി സാധു എന്ന നാട്ടാനക്കായി തിരച്ചിൽ പുനരാരംഭിച്ചു. ഇന്ന് രാവിലെ 6.30 മുതലാണ് തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. എറണാകുളം ഭൂതത്താൻകെട്ടിന് സമീപം സിനിമാ ചിത്രീകരണത്തിന് കൊണ്ടുവന്ന ആനയാണ് ഇന്നലെ വൈകിട്ട് കാട്ടിലേക്ക് ഓടി പോയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിച്ചതായിരുന്നു ആനയെ. അഞ്ച് ആനകളെയാണ് ഷൂട്ടിങ്ങിനായി സ്ഥലത്ത് കൊണ്ടുവന്നത്. ഇതിൽ രണ്ട് ആനകൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. സാധുവും തടത്താവിള മണികണ്ഠൻ എന്നീ ആനകളാണ് നേർക്കുനേർ ഏറ്റുമുട്ടിയത്.
ഏറ്റുമുട്ടലിനിടെ കുത്തേറ്റ പുതുപ്പള്ളി സാധു തുണ്ടം വനമേഖലയിലേക്ക് ഓടി പോവുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനയുടെ പാപ്പാന്മാരും ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും ആനയെ കണ്ടെത്താനാൻ സാധിച്ചില്ല. ഉൾക്കാട്ടിലേക്കുള്ള പരിശോധന ദുഷ്‌കരമായതിനാൽ രാത്രിയോടെ പരിശോധന നിർത്തുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ ആറരയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീണ്ടും പരിശോധന ആരംഭിച്ചിരിക്കുകയാണ്.
ALSO READ: എറണാകുളത്ത് സിനിമ ഷൂട്ടിങ്ങിനെത്തിച്ച ആന കാട്ടിലേക്ക് ഓടിക്കയറി
സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് നടന്നിരുന്നത്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠൻ തുടരെ ആക്രമിക്കുകയായിരുന്നു. പാപ്പാൻമാരെ നിർദേശങ്ങൾ പാലിക്കാതെ ആക്രമണം തുടർന്നതോടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഷൂട്ടിങ്ങിനായി മൂന്ന് പിടിയാനകളെയും രണ്ട് കൊമ്പന്മാരെയുമാണ് എത്തിച്ചിരുന്നത്. ഷൂട്ടിങ് പൂർത്തിയാക്കി ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് കൊമ്പനാനകൾ തമ്മിൾ ഏറ്റുമുട്ടിയത്.
60 അംഗസംഘമാണ് സാധുവിനായി കാട്ടിൽ തെരച്ചിൽ നടത്തുക. കാട്ടാനകൾ ഏറെയുള്ള വനമേഖലയായതിനാൽ സാധു ഇവരുമായി ഏറ്റുമുട്ടുമോ എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരും പാപ്പാന്മാരും. 25 വർഷങ്ങൾക്ക് മുമ്പ് അസമിൽ നിന്നുമെത്തിച്ച സാധു പൊതുവേ ശാന്ത സ്വഭാവിയാണ്. കേരളത്തിൽ എത്തിക്കുന്നതിന് മുമ്പും ആനയുടെ പേര് സാധു എന്ന് തന്നെയായിരുന്നു. നിലവിൽ 52 വയസുണ്ട് ആനയ്ക്ക്. ചെറുതും വലിയതുമായി സാധു നിരവധി ഉത്സവങ്ങളുടെ ഭാഗമായിട്ടുണ്ട്. സാധു വേഗത കൂടുതലുള്ള ആനയാണെന്നാണ് പാപ്പാന്മാർ പറയുന്നത്.