Pooja-Diwali Holidays: പൂജ – ദീപാവലി അവധി: താംബരത്ത് നിന്ന് പുനലൂർ – കൊല്ലം വഴി കൊച്ചുവേളിയിലേക്ക് സ്പെഷൽ ട്രെയിൻ 11 മുതൽ
Pooja-Diwali Holidays 2024: വെള്ളിയാഴ്ചകളിൽ വൈകിട്ട് 7.30നു താംബരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 11.30നു കൊച്ചുവേളിയിൽ എത്തിച്ചേരും. ഞായറാഴ്ച വൈകിട്ട് 3.25നു കൊച്ചുവേളിയിൽ നിന്നു യാത്ര തിരിച്ചു തിങ്കൾ രാവിലെ 7.35നു താംബരത്തെത്തും. തെന്മല, പുനലൂർ, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം സ്റ്റേഷനുകളിൽ ഈ സർവീസിന് സ്റ്റോപ്പുകൾ ഉണ്ടാകുമെന്നും എംപി അറിയിച്ചു.
തിരുവനന്തപുരം: പൂജ – ദീപാവലി അവധി കണക്കിലെടുത്ത് യാത്രാക്ലേശം ഒഴിവാക്കുന്നതിനായി താംബരത്തു നിന്ന് പുനലൂർ – കൊല്ലം വഴി കൊച്ചുവേളിയിലേക്കു പ്രതിവാര എസി സ്പെഷൽ ട്രെയിൻ സർവീസ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ഈ മാസം 11ന് ഇതു സർവീസ് ആരംഭിക്കുമെന്നും ദക്ഷിണ റെയിൽവേ ആസ്ഥാനത്തു നിന്നുള്ള അറിയിപ്പിൽ പറയുന്നു. ഈ സീസണിൽ അങ്ങോട്ടും ഇങ്ങോട്ടും 12 സർവീസുകൾ വീതമാണ് ഉണ്ടാകുക.
വെള്ളിയാഴ്ചകളിൽ വൈകിട്ട് 7.30നു താംബരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 11.30നു കൊച്ചുവേളിയിൽ എത്തിച്ചേരും. ഞായറാഴ്ച വൈകിട്ട് 3.25നു കൊച്ചുവേളിയിൽ നിന്നു യാത്ര തിരിച്ചു തിങ്കൾ രാവിലെ 7.35നു താംബരത്തെത്തും. തെന്മല, പുനലൂർ, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം സ്റ്റേഷനുകളിൽ ഈ സർവീസിന് സ്റ്റോപ്പുകൾ ഉണ്ടാകുമെന്നും എംപി അറിയിച്ചു.
അതേസമയം കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ പുതിയ മെമു സർവീസ് വരുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. പുതിയ മെമു ഏഴാം തീയതി മുതൽ ഓടിത്തുടങ്ങുമെന്ന് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ് എന്നിവർ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് അന്തിമതീരുമാനമായില്ലെന്ന് അധികൃതർ പറഞ്ഞു. ഇതേ റൂട്ടിലോടുന്ന വേണാട്, പാലരുവി എക്സ്പ്രസുകളിലെ തിരക്ക് ഒഴിവാക്കാൻ ഇതിനിടയിലുള്ള സമയത്താകും മെമു ഓടുക.
രാവിലെ 6.15-ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് കോട്ടയം വഴി എറണാകുളം ജങ്ഷനിൽ 9.35-ന് എത്തുന്ന വിധത്തിലാണ് സർവീസ് നടത്തുക. തിരികെ എറണാകുളത്തുനിന്ന് രാവിലെ 9.50-ന് പുറപ്പെടുന്ന മെമു ഉച്ചയ്ക്ക് 1.30-ന് കൊല്ലത്ത് സർവീസ് അവസാനിപ്പിക്കുന്നു. തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചു ദിവസമാണ് സ്പെഷ്യൽ മെമു സർവീസ് ഉണ്ടാവുക. ഒക്ടോബർ ഏഴുമുതൽ ജനുവരി മൂന്നുവരെ സ്‌പെഷൽ സർവീസായാണ് മെമു അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ശനി, ഞായറും മെമു സർവീസ് ഉണ്ടായിരിക്കില്ല. എട്ട് കാർ മെമുവാണ് അനുവദിച്ചത്.