Palakkad Police Raid: കള്ളപ്പണമെന്ന് ആരോപണം: പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിച്ച മുറികളിൽ രാത്രി പോലീസ് പരിശോധന
Palakkad Police Raid: അര്‍ധരാത്രി 12ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞും തുടർന്നു. അതിനിടെ പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി. ബുധനാഴ്ച പുലർച്ചെ മൂന്നരമണി വരെ പോലീസ് പരിശോധന നീണ്ടു. അതുവരെ സ്ഥലത്ത് സംഘർഷാവസ്ഥയുമുണ്ടായി.
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ പോലീസ് പരിശോധന. തിരഞ്ഞെടുപ്പിനു വേണ്ടി അനധികൃത പണം എത്തിച്ചെന്ന് ലഭിച്ചതിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ചൊവ്വാഴ്ച അർധരാത്രി പോലീസ് സംഘം ഹോട്ടലിൽ എത്തി പരിശോധന നടത്തുകയായിരുന്നു. പോലീസ് പരിശോധനയ്ക്കിടെ സി.പി.എം, ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയുണ്ടായി.
യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാറിൽ പണം എത്തിച്ചെന്നാണ് ആരോപണം. പോലീസ് എത്തുമ്പോൾ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തിൽ, ജ്യോതി കുമാർ ചാമക്കാല എന്നിവർ ഉണ്ടായിരുന്നു. അവർ രക്ഷപ്പെടുകയായിരുന്നു എന്ന് ഇടത് നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് വനിത നേതാവ് ബിന്ദു കൃഷ്ണയുടെ മുറിയിലാണ് പോലീസ് ആദ്യം പരിശോധന നടത്തിയത്. തുടർന്ന് ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധനയ്‌ക്കെത്തിയെങ്കിലും വനിതാ പോലീസ് ഇല്ലാതെ പരിശോധന നടത്താനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുത്തു. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ലെന്നും മുറിയിലേക്ക് പോലീസ് ഇടിച്ചുകയറിയെന്നും വനിതാനേതാക്കള്‍ ആരോപിച്ചു.
Also read-Palakkad By-Election 2024 : പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചു; വോട്ടെടുപ്പ് 20-ന്
ഇതോടെ പ്രശ്നം രൂക്ഷമായി. സ്ഥലത്ത് എത്തിയ പ്രവർത്തകർ പോലീസിനു നേരെ തിരിഞ്ഞു. ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍നിന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് എഴുതിനല്‍കി. സംഭവമറിഞ്ഞ് രാത്രി 1.30-ഓടെ എം.പി.മാരായ ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. ഇടതുപക്ഷത്തിന്റെ തിരകഥയാണെന്നും എല്ലാ മുറികളിലും പണം സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. അര്‍ധരാത്രി 12ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞും തുടർന്നു. അതിനിടെ പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി. ബുധനാഴ്ച പുലർച്ചെ മൂന്നരമണി വരെ പോലീസ് പരിശോധന നീണ്ടു. അതുവരെ സ്ഥലത്ത് സംഘർഷാവസ്ഥയുമുണ്ടായി.