Palakkad Police Raid: ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതിൽ ഒന്നും കണ്ടെത്താനായില്ല; നടന്നത് പതിവ് പരിശോധനയെന്ന് പോലീസ്
Police Officers Response on Palakkad Hotel Raid: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് പോലീസ് പരിശോധന നടന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണ് നടന്നതെന്ന് എഎസ്പി അശ്വതി ജിജി പറഞ്ഞു.
പാലക്കാട്: നഗരത്തിലെ ഹോട്ടലിൽ നടന്ന റെയ്ഡ്, തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എഎസ്പി അശ്വതി ജിജി. ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും, അതിൽ നിന്നും ഒന്നും കണ്ടെത്താനായില്ലെന്നും എഎസ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.
ആരുടേയും പരാതിയുടെ അടിസ്ഥാനത്തിലല്ല പരിശോധന നടത്തിയതെന്നും, സാധാരണ നടക്കുന്ന പരിശോധന ആണിതെന്നും എഎസ്പി പറഞ്ഞു. പരിശോധനയ്ക്ക് യാതൊരുവിധ തടസവും ഉണ്ടായില്ല. ഈ ഹോട്ടലിൽ മാത്രമല്ല, കഴിഞ്ഞയാഴ്ച നഗരത്തിലെ പല ഹോട്ടലുകളിലും പരിശോധന നടത്തിയിട്ടുണ്ട്.
കള്ളപ്പണം കൊണ്ടുവന്നതായോ അല്ലെങ്കിൽ പണമിടപാടുകൾ നടന്നതായോ വിവരമൊന്നും കിട്ടിയിട്ടില്ല. പരിശോധനയ്ക്കിടെ വനിതാ ഉദ്യോഗസ്ഥയോട് ഒരു സ്ത്രീ സഹായം ആവശ്യപ്പെട്ടു. മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പം അവരുടെ ഭർത്താവും ഉണ്ടായിരുന്നു. അവരുടെ മുന്നിൽ വെച്ച് തന്നെയാണ് പരിശോധന നടന്നത്. ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതിൽ എല്ലാ പാർട്ടി നേതാക്കളുടെയും മുറികൾ ഉൾപ്പെടുന്നു.
ഇനി എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കിൽ ഹോട്ടലിലെ സിസിടിവി പരിശോധിക്കും. നിലവിൽ സംഘർഷാവസ്ഥയില്ല. എല്ലാം നിയന്ത്രണ വിധേയമാണ്. പുറത്തുവരുന്ന കാര്യങ്ങളിൽ പലതും അഭ്യൂഹങ്ങൾ ആണെന്നും എഎസ്പി അറിയിച്ചു.
ALSO READ: കള്ളപ്പണമെന്ന് ആരോപണം: പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിച്ച മുറികളിൽ രാത്രി പോലീസ് പരിശോധന
അതേസമയം, പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് പോലീസ് പരിശോധന നടന്നത്. തിരഞ്ഞെടുപ്പിനു വേണ്ടി അനധികൃത പണം എത്തിച്ചെന്ന് ലഭിച്ചതിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് സൂചനയെങ്കിലും പോലീസ് ഇത് നിഷേധിച്ചു.
പോലീസ് സ്ഥലത്തെത്തുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, ജ്യോതി കുമാർ ചാമക്കാല എന്നിവർ ഉണ്ടായിരുന്നു. കോൺഗ്രസ് വനിത നേതാവ് ബിന്ദു കൃഷ്ണയുടെ മുറിയിലാണ് പോലീസ് ആദ്യം പരിശോധന നടത്തിയത്. പോലീസ് പരിശോധനയ്ക്കിടെ സി.പി.എം, ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയുണ്ടായി.