Periya Double Murder Case: പെരിയ ഇരട്ടക്കൊലപാതക കേസ്; 14 പ്രതികൾ കുറ്റക്കാർ
Periya Double Murder Case Verdict: പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയിൽ വ്യക്തമാക്കി.
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമനും മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുഞ്ഞിരാമന്‍ 20-ാം പ്രതിയാണ്.എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. 20 മാസത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കേസിൽ വിധി വന്നത്.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം മുൻ എംഎൽഎ അടക്കം 24 പേർ പ്രതിപ്പട്ടികയിലുണ്ട്. സംഭവത്തിൽ തൊട്ടടുത്ത ദിവസം തന്നെ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പിതാംബരനെയും സുഹൃത്തും സഹായിയുമായ സി ജെ സജിയെയും അറസ്റ്റ് ചെയ്തു. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. എന്നാൽ അന്വേഷണത്തിൽ അസംതൃപ്തരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റേയും മാതാപിതാക്കൾ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ 2019 മെയ് 14ന് സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു. മെയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചപ്പോൾ ആകെ 14 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. ഇതിനു പിന്നാലെ 2019 സെപ്റ്റംബർ 30 ന് കേസന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിറക്കി. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. എന്നാൽ സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. തുടർന്ന് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. പക്ഷെ അവിടെയും അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനം ശരിവെച്ചതോടെ സിബിഐ അന്വേഷണം ഏറ്റെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ 2021 ഡിസംബർ 3 ന് സിബിഐ അന്വേഷണ സംഘം കൊച്ചിയിലെ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമനടക്കം 24 പ്രതികളാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. 2023 ഫെബ്രുവരി 2 നാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. 2024 ഡിസംബർ 23 ന് കേസ് പരിഗണിച്ച സിബിഐ കോടതി ഇന്ന് വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.